Connect with us

Ramzan

സ്പന്ദിക്കുന്ന ഹൃദയമുണ്ടോ?

Published

|

Last Updated

“ഹല്‍ സ്വാമത്ത് ജുവാരിഹുനാ” നമ്മുടെ അവയവങ്ങള്‍ക്ക് നോമ്പുണ്ടോ? അറേബ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം നടത്തിയ ലഘുലേഖയുടെ തലവാചകമാണിത്. സ്പന്ദിക്കുന്ന ഹൃദയമുള്ള ഏതൊരു വിശ്വാസിയേയും ചിന്തിപ്പിക്കേണ്ട ചോദ്യമാണിത്. അനിവാര്യമായും ഉത്തരം കണ്ടത്തേണ്ട സാന്ദര്‍ഭികമായ ചോദ്യം.
ഇല്ല! നമ്മിലധികം പേരുടെയും അവയവങ്ങളെ നോമ്പില്‍ പങ്കെടുപ്പിക്കാന്‍ നമുക്ക് സാധിക്കാറില്ല. റമസാന് വേണ്ടി മോഹിച്ച് നിരന്തരം പ്രാര്‍ഥിച്ച നമുക്ക് നോമ്പിന്റെ ശരിയായ ആത്മീയ സുഗന്ധവും നിര്‍വൃതിയും ലഭിക്കുന്നില്ല. അതിനെക്കുറിച്ച് അത്രയൊന്നും ആലോചിക്കാറുമില്ല. ആയുഷ്‌ക്കാലമത്രയും നോമ്പെടുത്തിട്ടും കാര്യമായ മാറ്റങ്ങളൊന്നും കാണുന്നുമില്ല. എന്തുപറ്റി നമുക്ക്?
നോമ്പ് കാലത്തെ പ്രയോജനപ്പെടുത്തുന്ന നമ്മുടെ സാമൂഹിക ഘടനയില്‍ വന്ന അത്ഭുതകരമായ മാറ്റങ്ങളാണ് അതിന് കാരണം. റമസാനെക്കുറിച്ച് വികലവും അശാസ്ത്രീയവുമായ വീക്ഷണങ്ങളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പുതിയ തലമുറയുടെ കമന്റുകളും ഡയലോഗുകളും അത്രമേല്‍ വഷളായിരിക്കുന്നു. തികച്ചും തെറ്റായതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ വിലയിരുത്തലുകള്‍.
നോമ്പെടുക്കുന്നവര്‍ കൂടുന്നുണ്ടത്രെ! അമുസ്‌ലിംകള്‍ പോലും വ്രതാനുഷ്ഠാനത്തില്‍ താത്പര്യം കാണിക്കുന്നു. നോമ്പുതുറ സദ്യകളില്‍ അവരും ക്ഷണിക്കപ്പെടുന്നു. മുസ്‌ലിംകളല്ലാത്തവരും ആഘോഷപൂര്‍വം നോമ്പുതുറ സംഘടിപ്പിക്കുന്ന പണ്ടത്തെപ്പോലെയൊന്നുമല്ല ; ന്യൂജനറേഷന്‍ ശരിക്കും മാറിയിട്ടുണ്ട്. അവര്‍ ഉദ്ബുദ്ധരായിരിക്കുന്നു. നോമ്പനുഷ്ഠിക്കാതെ പിന്‍വാതിലിലൂടെ കയറിച്ചെന്ന് സുഭിക്ഷമായി ഭക്ഷിക്കുന്നവരെയൊന്നും ഇന്ന് കാണാനില്ല. പുതിയ തലമുറയുടെ ഡയലോഗാണിത്.
നോമ്പിനെ നിര്‍വചിച്ചിടത്താണവര്‍ക്ക് തെറ്റിയത്. പകലന്തിയോളം പട്ടിണി കിടക്കുക. പകരം രാത്രിയില്‍ പലിശ സഹിതം കഴിക്കുക. ഉച്ചവരെ ഉറങ്ങുക. രാത്രി പുലരുംവരെ കറങ്ങുക. സൊറ പറഞ്ഞിരിക്കുക, വിപണിയില്‍ കിട്ടുന്നതെല്ലാം വലിച്ച് വാരി കൂട്ടുക. പണം ഇടിച്ചുതള്ളി അടിച്ചുപൊളിക്കുക. ഗള്‍ഫില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്ത റമസാനിന്റെ മോഡലാണിത്. പടിഞ്ഞാറിന്റെ സംഭാവന.
പട്ടിണിയുടെ മാസത്തില്‍ തടിയും തൂക്കവും അധികരിക്കുക, ആരോഗ്യമുണ്ടാകേണ്ട സീസണില്‍ രോഗം വര്‍ധിക്കുക, പുതിയ അസുഖങ്ങളുണ്ടാകുക, പണച്ചെലവ് കുത്തനെ കൂടുക, ഫുഡ്ഡിംഗിന്റെ അവസരമായി ആഘോഷിക്കുക. അങ്ങനെ എല്ലാം നേര്‍വിപരീതമായി സംഭവിക്കുന്നത് വിരോധാഭാസം തന്നെയാണ്.
അതെ, വ്രതത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു. ചൈതന്യവും ലക്ഷ്യവും ചോര്‍ന്നുപോയി. അവിശ്വാസിയുടെ നോമ്പിന് പരലോകത്ത് പ്രതിഫലമില്ല. ഭൗതികമായ പ്രയോജനം ലഭിച്ചേക്കും. പൊങ്ങച്ചത്തിനും ആഡംബരത്തിനും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍ യാതൊരു ഗുണവും ചെയ്യില്ല. അത്തരം നോമ്പ് അല്ലാഹുവിന് ആവശ്യവുമില്ല.
അല്ലാഹുവിന് വേണ്ടി ഹൃദയത്തില്‍ നിന്ന് നോമ്പ് ആരംഭിക്കുക. നല്ല ശരീരത്തോടും സ്വന്തം വ്യാമോഹങ്ങളോടും സമരം പ്രഖ്യാപിക്കുക. വികാര വിചാരങ്ങളെ നിയന്ത്രിക്കുക. അവയവങ്ങളെ അരുതായ്മയില്‍ നിന്ന് തടഞ്ഞുനിര്‍ത്തി നന്മകളില്‍ മാത്രം ചലിപ്പിക്കുക. അപ്പോള്‍ മനസ്സും ശരീരവും നോമ്പനുഷ്ഠിക്കും. ഈ ധര്‍മസമരത്തില്‍ നമുക്ക് പങ്കാളിയാകാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമിന്‍.

 

Latest