രോഗമറിഞ്ഞു ചികിത്സിക്കണം

Posted on: June 8, 2016 6:00 am | Last updated: June 8, 2016 at 12:14 am
SHARE

തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ നിന്ന് കരകയറാനുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങള്‍ ശരിയായ ദിശയിലല്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പരാജയം ചര്‍ച്ച ചെയ്യാനും ആത്മപരിശോധന നടത്താനുമായി നെയ്യാര്‍ ഡാമില്‍ സംഘടിപ്പിച്ച പാര്‍ട്ടി ദ്വിദ്വിന നേതൃ ക്യാമ്പിനെ വ്യക്തിവിരോധം തീര്‍ക്കാനും ഗ്രൂപ്പ് വൈരം പ്രകടിപ്പിക്കാനുമാണ് ചിലര്‍ ഉപയോഗപ്പെടുത്തിത്. പാര്‍ട്ടി താത്പര്യത്തിലൂന്നി വസ്തുതാപരമായി കാര്യങ്ങള്‍ വിശകലനം ചെയ്തവരുമുണ്ട് കൂട്ടത്തില്‍. പാര്‍ട്ടിയുടെ മതേതര മുഖം നഷ്ടമായതും ഭരണതലത്തിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണവുമാണ് യഥാര്‍ഥ പരാജയ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സോളാര്‍ തട്ടിപ്പും ബാര്‍കോഴയും ഭരണത്തിന്റെ അവസാന നാളുകളിലെ വഴിവിട്ട ഭൂമിദാനവും സര്‍ക്കാറിന്റെ പ്രതിച്ഛായക്കേല്‍പിച്ച ക്ഷതം കുറച്ചൊന്നുമല്ല. കളങ്കിതര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന കെ പി സി സി നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് അവരെ മത്സരിപ്പിക്കുന്നതില്‍ ചിലര്‍ കാണിച്ച പിടിവാശിയും കടുത്ത ദോഷം ചെയ്തു.
വര്‍ഗീയതക്കെതിരെ ശക്തമയ നിലപാടെടുക്കേണ്ട പാര്‍ട്ടി നേതൃത്വം സംഘ്പരിവാര്‍ ഭീഷണിക്കെതിരെ അയഞ്ഞ സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് ഗോമാംസ വിവാദം ആളിക്കത്തിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ ചെറുക്കാന്‍ ഇടത് സംഘടനകള്‍ ശക്തമായി രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഗോമാംസത്തിന് വിലക്കേര്‍പ്പടുത്തിയ ഡി ജി പിക്കെതിരെ വിരലനക്കാന്‍ ആഭ്യന്തര വകുപ്പ് സന്നദ്ധമായില്ല. സംസ്ഥാന ആര്‍ എസ് എസ് നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങി തെഗാഡിയക്കെതിരായ കേസ് പിന്‍വലിച്ച ആഭ്യന്തര വകുപ്പിന്റെ നടപടിയും വിമര്‍ശവിധേയമായതാണ്. അതേസമയം ന്യൂനപക്ഷ സമുദായങ്ങളുടെ സുപ്രധാനമായ പല ആവശ്യങ്ങളോടും പാര്‍ട്ടി നേതൃത്വം പുറം തിരഞ്ഞുനില്‍ക്കുകയും ചെയ്തു. നേതൃപദവികളിലും സ്ഥാനാര്‍ഥി പട്ടികകളിലും ചില ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
ഒരിക്കല്‍ പാര്‍ട്ടി നേതൃത്തില്‍ എത്തിപ്പെട്ടവരും അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടവരും മരണം വരെ അവിടെ തുടരണമെന്ന ശാഠ്യം ഉപേക്ഷിക്കേണ്ടതുണ്ട്. യുവ തലമുറയില്‍ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവരുണ്ടാകുമ്പോള്‍, പഴയ തലമുറ അവര്‍ക്ക് വേണ്ടി മാറിക്കൊടുക്കുന്നതാണ് മര്യാദ. മൂന്നില്‍ കൂടുതല്‍ തവണ എം എല്‍ എ സ്ഥാനം അലങ്കരിച്ചവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന യുവ നേതൃത്വത്തില്‍ നിന്ന് അഭിപ്രായമുയര്‍ന്നതാണ്. അധികാര പദവികളില്‍ അള്ളിപ്പിടിച്ചിരക്കാനുള്ള ചിലരുടെ ആര്‍ത്തിക്ക് മുന്നില്‍ അങ്ങനെയൊരു ധീരമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിനായില്ല. ഇതിലുള്ള അമര്‍ശം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച യുവ യുവനേതാക്കള്‍ ഉയര്‍ത്തിയ പ്രധാന ആവശ്യവും നേതൃമാറ്റവും നേതൃത്വത്തിലെ യുവ പ്രാതിനിധ്യവുമാണ്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കേണ്ടത് മതേതര സംരക്ഷണത്തിന് അനിവാര്യമാണ്. പലപ്പോഴും മതേതര നയങ്ങളില്‍ നിന്ന് നേതൃത്വം വഴുതിയിട്ടുണ്ടെങ്കിലും മതേതര അടിത്തറിയിലാണ് പാര്‍ട്ടി പടുത്തുയര്‍ത്തിയത്. മതേതര ഇന്ത്യക്ക് ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ച പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്. മതതര നയങ്ങളിലൂന്നി പ്രവര്‍ത്തിച്ചാല്‍ ഇടതുപക്ഷത്തെ പോലെ തന്നെ സംഘ്പരിവാറിന്റെ കടന്നുകയറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചകളാണ് മതന്യൂന പക്ഷങ്ങള്‍ തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ കൈവിടാനും ഇടതു പക്ഷത്തെ പിന്തുണക്കാനുമിടയാക്കിയത്. പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റുമെന്റാണിത്. അവരുടെ വികാരമുള്‍ക്കൊണ്ട് തെറ്റുതിരുത്താന്‍ നേതൃത്വം തയാറാകണം. ഇല്ലെങ്കില്‍ നേട്ടം ബി ജെ പിക്കായിരിക്കും. ബദലായി ബി ജെ പി വളര്‍ന്നുവരും. ഈ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിച്ചതിന് പുറമെ അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാംസ്ഥാനത്തെത്തിയതും പല മണ്ഡലങ്ങളിലും വോട്ടിംഗ് നില വന്‍തോതില്‍ വര്‍ധിപ്പിച്ചതും ആശങ്കയോടെ കാണേണ്ടതുണ്ട്.
ഗ്രൂപ്പിസമാണ് പാര്‍ട്ടിയുടെ മറ്റൊരു ബലഹീനത. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടായി. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ വരെയുണ്ടായി നാണംകെട്ട ഗ്രൂപ്പ് കളി. ഗ്രൂപ്പിസം വെടിഞ്ഞു പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തി പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി നയിക്കാനുള്ള ഉറച്ച തീരുമാനം നേതൃത്വം കൈക്കൊള്ളണം. ബൂത്ത് തലം മുതല്‍ കെ പി സി സി വരെ കൂടുതല്‍ അടുക്കും ചിട്ടയും വരുത്താനാണ് നെയ്യാര്‍ ഡാം കേമ്പിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിഞ്ഞ പ്രധാന തീരുമാനം. ഇത് തൊലിപ്പുറ ചികിത്സയേ ആകുന്നുള്ളു. യഥാര്‍ഥ രോഗം കണ്ടെത്തി വേണം ചികിത്സ നിര്‍ണയിക്കേണ്ടത്.