മുല്ലപ്പെരിയാര്‍: പിണറായിക്ക് തെറ്റുപറ്റിയോ?

ടണല്‍ നിര്‍ദേശം എന്തു കൊണ്ടു പരിഗണിക്കപ്പെടുന്നില്ല? തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം അവര്‍ ജയിച്ചു നില്‍ക്കുന്നു. പിന്നെന്തിന് ഇതിലേക്കു പോകണം? എന്നാല്‍ പുതിയ ഡാം സമീപകാല സാധ്യത പോലുമല്ലാതിരുന്നിട്ടും ഈ സുരക്ഷിത മാര്‍ഗത്തിനു വേണ്ടി കേരളം നില്‍ക്കാത്തതെന്തുകൊണ്ട്? അവിടെയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചന വെളിപ്പെടുന്നത്. ഈ ചോദ്യത്തെ അവരെല്ലാം അവഗണിക്കുകയും പുതിയ ഡാമെന്നു ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലെന്നു അവര്‍ക്കു തോന്നുന്നു എങ്കില്‍ അത് തടയാന്‍ ഏതു പരിഹാരവും അവര്‍ തേടേണ്ടതല്ലേ?
Posted on: June 8, 2016 6:00 am | Last updated: June 8, 2016 at 12:13 am

PINARAYI 2മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴെ ചപ്പാത്തില്‍ നടന്നുവരുന്ന മുല്ലപ്പെരിയാര്‍ സമരം 2006 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ സമരസമിതി ക്ഷണിച്ചത് ഈയുള്ളവനെയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീം കോടതി തമിഴ്‌നാടിന് അനുമതി നല്‍കിയപ്പോഴാണ് ജനങ്ങള്‍ സമരം തുടങ്ങിയത്.110 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ താഴെ ജീവിക്കുന്ന മനുഷ്യരുടെ മനോനില ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അപ്പോള്‍ അവിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോലും വരാന്‍ താത്പര്യപ്പെട്ടില്ല എന്നും ഓര്‍ക്കുക. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആവശ്യം ‘പുതിയ ഡാം, പുതിയ കരാര്‍’ എന്നതായിരുന്നു. ഞാന്‍ മറ്റു ചില പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ആ ജനങ്ങളുടെ സമരത്തില്‍ പങ്കുചേര്‍ന്നു. ഇന്നും അവരോടൊപ്പം നില്‍ക്കുന്നു.
പക്ഷേ അവര്‍ ഉന്നയിച്ച ആ ആവശ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ആ സമരം ഉദ്ഘാടനം ചെയ്തത്. അത് ഞാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതിയ ഡാം വേണ്ട എന്നതിനപ്പുറം ഒരിക്കലും അതു വരാനുള്ള സാധ്യത ഇല്ലെന്നതായിരുന്നു കാരണം. ഇതിന് രാഷ്ട്രീയവും സാങ്കേതികവും നിയമപരവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ ഉണ്ട് എന്നതിനാലാണിത്. അതിവിടെ ചുരുക്കി പറയാം.
ഇപ്പോള്‍ തമിഴ്‌നാടിന് 8000 ഏക്കര്‍ ഭൂമിയില്‍ വെള്ളം ശേഖരിച്ചുകൊണ്ടു പോകാം. ഇതൊരു ജലക്കരാറല്ല ഭൂമിയുടെ പാട്ടക്കരാര്‍ മാത്രം. (പറമ്പിക്കുളം അളിയാര്‍, കാവേരി പോലെയല്ല. ഒരുവര്‍ഷം ആ വൃഷ്ടിപ്രദേശത്തു ഒരു തുള്ളി മഴ പെയ്തില്ലെങ്കിലും നമുക്കു പ്രശ്‌നമല്ല). പുതിയ അണക്കെട്ടെന്നു പറയുമ്പോല്‍ പുതിയ ഭൂമിയില്‍, കേരളത്തില്‍ വേണം പണിയാന്‍. അപ്പോള്‍ പഴയ കരാര്‍ ബാധകമാകില്ല. പുതിയ കരാര്‍ വന്നാല്‍ തമിഴ്‌നാടിനു ഗുണകരമാകില്ല. 999 വര്‍ഷക്കരാറിനു ആര് സമ്മതിക്കും. അതുകൊണ്ടു തന്നെ അവര്‍ അതിനു തയാറാകില്ല. നമ്മുടെ നേതാക്കള്‍ പറയുന്നത് നാം അവര്‍ക്കു വെള്ളം കൊടുക്കാമെന്നണ്. ഇപ്പോഴുള്ള കരാറനുസരിച്ചു അവര്‍ വെള്ളം ‘എടുക്കുകയാണു’ ചെയ്യുന്നത്. പകരം നാം ‘കൊടുക്കുക’ എന്നാകുന്നതിന്റെ വ്യത്യാസം നന്നായിട്ട് അറിയാവുന്നതിനാല്‍ തന്നെ അവര്‍ അതിനു തയാറാകില്ല. രാഷ്ട്രീയമായി തമിഴ്‌നാട് സമ്മതിക്കാതെ ഈ ഡാം നിര്‍മ്മിക്കാന്‍ കഴിയില്ല. ഇന്നത്തെ (എന്നല്ല എന്നത്തേയും) ഇന്ത്യന്‍ അവസ്ഥ വെച്ച് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനെതിരെ കേരളത്തെ പിന്താങ്ങാന്‍ ഇടയുമില്ല.
സാങ്കേതികമായും പുതിയ ഡാം എന്നത് ശരിയായ പരിഹാരമല്ല. ഈ കരാര്‍ ഇനിയും 880 വര്‍ഷത്തോളം പ്രാബല്യത്തിലുണ്ടാകും. ഇപ്പോള്‍ നിര്‍മിക്കുന്ന ഡാമും അത്രയും കാലം നില്‍ക്കില്ല. പരമാവധി 100-150 വര്‍ഷമെന്നു കണക്കാക്കിയാലും ഇതിനു താഴെ ഇനിയും മല പോലെ നാലോ അഞ്ചോ അണക്കെട്ടുകള്‍ വേണ്ടി വരും. അത് എവിടെ വരെ എത്തുമെന്നും ചിന്തിക്കുക. പുതിയ അണക്കെട്ടില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും വെള്ളം നിര്‍ത്തേണ്ടി വരും. അതു മുഴുവന്‍ തമിഴ്‌നാടിനു നല്‍കേണ്ടി വരും ഈ കരാറനുസരിച്ച്. ഈ ജലം ഇടുക്കിയിലും താഴെയും കുറവു വരും. പുതിയ അണ കെട്ടുന്നതു വനവും കടുവാസങ്കേതവുമായ പെരിയാര്‍ റിസര്‍വിലാണ്. ഇന്നത്തെ പരിസ്ഥിതി നിയമങ്ങള്‍ വെച്ചുകൊണ്ട് അവിടെ ഇതു നിര്‍മിക്കാന്‍ അനുമതി കിട്ടുക എന്നത് അസാധ്യമാണ്. അത്രയും നിബിഡ വനം നമുക്കു നഷ്ടമാകുന്നതിനെ ഇന്നതെ അവസ്ഥ വെച്ച് എങ്ങനെ ന്യായീകരിക്കും?
നാം പണം മുടക്കി അണക്കെട്ട് പണിതു വനം നശിപ്പിച്ചുകൊണ്ട്, നമ്മുടെ അധികജലം അവര്‍ക്കു നല്‍കുമെന്ന് പറയുന്നതിന്റെ ന്യായം നമ്മുടെ ജനങ്ങളുടെ സുരക്ഷ മാത്രമല്ലേ? ഏറെക്കാലത്തെ നിയമ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു ശേഷം പുതിയ ഡാമിനു നിര്‍മ്മാണാനുമതി കിട്ടിയാല്‍ തന്നെ പണി തീരാന്‍ പിന്നേയും നിരവധി വര്‍ഷങ്ങളെടുക്കും. അതായതു അന്നത്തെ ( ഇന്നത്തേയും) അവസ്ഥ വെച്ചുകൊണ്ടു കാല്‍ നുറ്റാണ്ടിനിപ്പുറം ഇങ്ങനെ ഒരു പുതിയ ഡാം വരാനിടയില്ല. ഇപ്പോള്‍ അപകടത്തിലായിരിക്കുന്ന ഒരു അണക്കെട്ടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കാല്‍ നുറ്റാണ്ട് കഴിഞ്ഞ് ഉണ്ടാകാന്‍ വിദൂര സാധ്യത മാത്രമുള്ള ഒരു പരിഹാരം നിര്‍ദേശിക്കുന്നതിനോട് എനിക്ക് അന്നും ഇന്നും യോജിപ്പില്ല.
എന്നാല്‍, സമരം തുടങ്ങി അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍, 2011ല്‍ പെട്ടന്ന് അന്നത്തെ മന്ത്രി പി ജെ ജോസഫിന് എന്തോ ഒരുള്‍വിളി തോന്നി, മുല്ലപ്പെരിയാര്‍ ഉടനെ പൊട്ടുമെന്ന്. പിന്നെ നാം കണ്ടത് ഗംഭീര സമര നാടകങ്ങളായിരുന്നു. ആ സമരപ്പന്തലിലേക്ക് നേതാക്കളുടേയും മാധ്യമങ്ങളുടേയും ഒരു പ്രവാഹമായിരുന്നു. കൂട്ടനിരാഹാരങ്ങള്‍ നടത്തി. ഇതിനെ ഒരു തമിഴ് കേരള പോരാട്ടമായി പലരും കണ്ടു. അതിന്റെ ദുരന്തം അനുഭവിക്കുകയും ചെയ്തു. ഈ നാടകം പൊള്ളയായ കക്ഷിരാഷ്ട്രീയം മാത്രമാണെന്നും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇത്തരം ഇടപെടലുകള്‍ നടത്തരുതെന്നും ഞാനും ചില സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും അതെല്ലാം ജനവിരുദ്ധതയായും സമരവിരുദ്ധതയായും മാത്രം ചിത്രീകരിക്കപ്പെട്ടു.
പെട്ടെന്ന് എല്ലാം നിലച്ചു. സമരപ്പന്തല്‍ ശൂന്യമായി. നേതാക്കളെ പിന്നെ കണ്ടില്ല. എന്തിനവര്‍ അവിടെ ഓടിവന്നുവെന്നോ എന്തു പരിഹാരം ഉണ്ടായതിനാലാണവര്‍ പോയതെന്നോ ഇന്നും ആര്‍ക്കും അറിയില്ല.
നിയമസഭ പല തവണ കൂടി പുതിയ ഡാം വേണമെന്ന പ്രമേയം പാസ്സാക്കി. ഒരു ഫലവുമില്ല. കേസില്‍ ഒരടി മുന്നോട്ടു പോയില്ല. ഉന്നതാധികാര സമിതി വന്നു. ഏറെ വാദങ്ങള്‍ നടന്നു. ഈ ഘട്ടത്തില്‍ പുതിയ ഡാമല്ലാതെ പ്രശ്‌നത്തിനെന്തു പരിഹാരം എന്ന അന്വേഷണത്തിന്റെ ഭാഗമായി ടണല്‍ വഴി ഇപ്പോഴത്തെ ഡാമില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാമെന്ന പദ്ധതി സമരസമിതി അധ്യക്ഷന്‍ കൂടിയായ പ്രൊഫ. സി പി റോയ് അവതരിപ്പിച്ചു. ഇതിനെ വഞ്ചനയായി ചിത്രീകരിച്ചുകൊണ്ടു അദ്ദേഹത്തെ സമരസമിതി പുറത്താക്കി.
കേസ് ഈ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അതില്‍ എങ്ങനെ ഇടപെടാമെന്നു ഞങ്ങള്‍ ആലോചിച്ചു. തമിഴ്‌നാടും കേരളവും തമ്മില്‍ നിരവധി വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ നടക്കുന്ന ഈ കേസില്‍ കക്ഷി ചേരാന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും പലരും ശ്രമിച്ചിരുന്നെങ്കിലും കോടതി അതൊന്നും അനുവദിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമായി ഞാനും ജോയ് കൈതാരത്തും ചേര്‍ന്നു കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് കൊടുത്തു. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഒരു വിഷയമെന്ന രീതിയില്‍ ഇതു തള്ളുമെന്നു നന്നായറിയാമായിരുന്നു. എന്നാല്‍, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇവിടെ തള്ളിയാല്‍ അതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ (എസ് എല്‍ പി) പോകുക എന്നതായിരുന്നു അത്. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ കാളീശ്വരം രാജാണ് കേസ് വാദിച്ചത്. ഇതു ഫലിച്ചു. കേസിനാവശ്യമായ സാമ്പത്തിക സഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാഗ്ദാനം ചെയ്തു.
സുപ്രീം കോടതിയില്‍ ഞങ്ങള്‍ ഉന്നയിച്ച വാദം ഇങ്ങനെയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണ്. സാങ്കേതികമായി എത്ര ഉറപ്പു കിട്ടിയാലും 115 വര്‍ഷം പഴക്കമുള്ള ഒരു ഡാമിന്റെ താഴെ ജീവിക്കുക എന്നത് വളരെയേറെ ആശങ്കാജനകമാണ്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെങ്കിലും ജനങ്ങളുടെ വികാരം ഇവിടെ വേണ്ടവിധം പ്രതിഫലിക്കപ്പെടുന്നില്ല. അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാന്‍ ആവില്ല. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം പെട്ടന്നു സാധ്യവുമാകില്ല. അങ്ങനെയെങ്കില്‍ മൂന്നാമതൊരു പോംവഴി തേടിക്കൂടേ എന്നതായിരുന്നു ഞങ്ങള്‍ ഉന്നയിച്ചത്. അതില്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം ടണല്‍ എന്നതായിരുന്നു. ഇതുവഴി അണക്കെട്ടിലെ ജലനിരപ്പ് 104 അടിയായി കുറയ്ക്കാന്‍ കഴിയും, അപകടം എന്നെന്നേക്കുമായി ഒഴിവാകും. കരാര്‍ കാലാവധി മുഴുവന്‍ അവര്‍ക്കു വെള്ളവും കിട്ടും. കൊണ്ടുപോകുന്ന ജലം ശേഖരിക്കാന്‍ അവര്‍ ചെറിയ അണക്കെട്ടുകള്‍ നിര്‍മിച്ചാല്‍ മതി.
ഞങ്ങള്‍ക്കു വേണ്ടി അഡ്വക്കറ്റ് സഞയ് പാരിഖായിരുന്നു ഹാജരായത്. കേസ് കോടതി സ്വീകരിക്കുമോയെന്ന സംശയം വക്കീലിനും ഉണ്ടായിരുന്നു. പക്ഷേ കോടതി ആ വാദങ്ങള്‍ അംഗീകരിച്ചു. എസ് എല്‍ പി സ്വീകരിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ ഞങ്ങള്‍ ഒരു മൂന്നാം കക്ഷിയായി. ഉന്നതാധികാര സമിതിക്ക് മുന്നിലും ഈ ബദല്‍ സാധ്യതകള്‍ അവതരിപ്പിച്ചു. അന്തിമവിധിയില്‍ സുപ്രീം കോടതി ഈ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ ഇരു കക്ഷികളോടും ആവശ്യപ്പെടുകയും ചെയ്തു.
ഈ നിര്‍ദേശം എന്തു കൊണ്ടു പരിഗണിക്കപ്പെടുന്നില്ല? തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം അവര്‍ ജയിച്ചു നില്‍ക്കുന്നു. പിന്നെന്തിന് ഇതിലേക്കു പോകണം? എന്നാല്‍ പുതിയ ഡാം സമീപകാലസാധ്യത പോലുമല്ലാതിരുന്നിട്ടും ഈ സുരക്ഷിത മാര്‍ഗത്തിനു വേണ്ടി കേരളം നില്‍ക്കാത്തതെന്തുകൊണ്ട്? അവിടെയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചന വെളിപ്പെടുന്നത്. ഈ ചോദ്യത്തെ അവരെല്ലാം അവഗണിക്കുകയും പുതിയ ഡാമെന്നു ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലെന്നു അവര്‍ക്കു തോന്നുന്നു എങ്കില്‍ അത് തടയാന്‍ ഏതു പരിഹാരവും അവര്‍ തേടേണ്ടതല്ലേ?
ഇവിടത്തെ ഏതു രാഷ്ട്രീയ നേതാവിനും തോന്നുന്നത് മുല്ലപ്പെരിയാര്‍ ഡാമിനു തല്‍ക്കാലം ഒരപകടവും ഉണ്ടാകില്ല എന്നു തന്നേയാകണം. അത്തരം ഭീഷണി ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ നമുക്കു കഴിഞ്ഞിട്ടുമില്ല. തുടക്കം മുതല്‍ 136 അടിക്കു മേല്‍ ഡാം സുരക്ഷിതമല്ലെന്നതായിരുന്നു കേരളത്തിന്റെ വാദം. നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമത്തില്‍ പോലും നാം പറയുന്നത് 136 അടിക്കു മേല്‍ ഇത് അപകടകരമാണെന്നു മാത്രമാണ്. അതിപ്പോള്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. നാം ആവര്‍ത്തിച്ചു പറയുന്ന ഡല്‍ഹി, റൂര്‍ക്കി ഐ ഐ ടി പഠനങ്ങളൊന്നും ഇതിനു പര്യാപ്തമല്ല. ഒരു ദിവസം മാത്രം 70 സെ. മി മഴ ഒന്നിച്ചു പെയ്താല്‍ ഡാം കവിഞ്ഞൊഴുകുമെന്നാണ് ഡല്‍ഹി പഠനം പറയുന്നത്. അതുപോലെ 6.5 റിക്റ്റര്‍ സ്‌കേലില്‍ ഭൂചലനമുണ്ടായാല്‍ തകരുമെന്നാണ് റൂര്‍ക്കി പഠനം പറയുന്നത്. ഇത് രണ്ടും അത്യന്തം അസാധാരണ സാഹചര്യങ്ങളാണ്. ഈ അവസ്ഥ ഉണ്ടായാല്‍ ഇടുക്കിയിലെ മറ്റു അണക്കെട്ടുകളും പിടിച്ചു നില്‍ക്കുമെന്നു പറയാന്‍ കഴിയില്ല താനും. ഇതു പറയാതെ ജനങ്ങളെ ഭീതിയില്‍ നിര്‍ത്തി ആ പഴുതിലൂടെ ഒരു പുതിയ അണക്കെട്ടെന്ന സ്വര്‍ണഖനി തുറക്കാനാണവര്‍ ശ്രമിച്ചത്. വനത്തിലാണ് പുതിയ ഡാം വരേണ്ടത്. അവിടെ മരക്കൊയ്ത്തുണ്ടാകും. പിന്നെ ഒരു വന്‍ അണക്കെട്ടിന്റെ നിര്‍മാണത്തിന്റെ കൊയ്ത്തും കിട്ടും.
ടണല്‍ വന്നല്‍ മറ്റൊരു വന്‍ നഷ്ടം ഉണ്ടാകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നന്നെ കുറയും. അതുവഴി തേക്കടി/കുമിളി ബോട്ടിങ് നിലക്കും. വന്‍ ടൂറിസ സാധ്യത ഇല്ലാതാകും. ഇവിടെ പണം മുടക്കിയവര്‍, കയേറ്റമടക്കം നടത്തിയവര്‍ക്ക് പ്രശ്‌നമാകും. ഇക്കാര്യം സത്യസന്ധമായി പറയാന്‍ അവര്‍ക്കു ധൈര്യമില്ല. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനോ ടൂറിസമോ വലുതെന്ന ചോദ്യം വന്നാല്‍ അവര്‍ക്കു മറുപടി ഉണ്ടാകില്ല.
പക്ഷേ, ഇതിനൊരു ആന്റി ക്ലൈമാക്‌സ് പ്രതീക്ഷിക്കാം. ഇപ്പോള്‍ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടാണ്. അത് തടയാന്‍ വേണ്ട യാതോരു സന്നാഹങ്ങളും കേരളത്തിന്റെ പക്കലില്ല, ചാനലുകളിലും പൊതുവേദികളിലും നിന്നു ഗീര്‍വാണമടിച്ചാലൊന്നും കോടതി കേള്‍ക്കില്ല. ആ കേസില്‍ തമിഴ്‌നാടിനനുകൂലമായി വിധി കിട്ടിയാല്‍ ജനങ്ങള്‍ നിത്യ ദുരിതത്തിലാകും. മാത്രവുമല്ല അങ്ങനെ ജലമുയര്‍ന്നാല്‍ കുമിളി പട്ടണം മിക്കവാറും മുങ്ങിപ്പോകുകയും ചെയ്യും. ടൂറിസവും തീരും. ഈ സാഹചര്യത്തിലാണ് അവരുമായി ചര്‍ച്ച ചെയ്തു പരിഹാരം തേടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രസക്തമാകുന്നത്. ജലനിരപ്പ് 142ലെങ്കിലും നിര്‍ത്താമെന്നവര്‍ സമ്മതിച്ചാല്‍ തന്നെ കേരളത്തിനു ഗുണകരമാണ് എന്നു വാദിക്കാം. പക്ഷേ, ചപ്പാത്തില്‍ സമരം നടത്തുന്നവരുടെ ആശങ്ക എങ്ങനെ തീരാന്‍?