Connect with us

Gulf

അര്‍ബുദ പരിശോധനക്ക് മൊബൈല്‍ യൂനിറ്റ്‌

Published

|

Last Updated

ദോഹ: അര്‍ബുദ പരിശോധന കേന്ദ്രം ഇനി ജനങ്ങളുടെ അടുത്തെത്തും. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ മാമോഗ്രാം സ്‌ക്രീനിംഗ് യൂനിറ്റ് പ്രൈമറി ഹൈല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി) ആരംഭിച്ചു. ആദ്യഘട്ടത്തില്‍ അബൂബക്കര്‍ അല്‍ സിദ്ദീഖ് ഹെല്‍ത്ത് സെന്ററിലാണ് മൊബൈല്‍ കേന്ദ്രത്തിന്റെ സേവനം ഉണ്ടാകുക. മൂന്ന് മാസത്തിന് ശേഷം മറ്റ് ഇടങ്ങളിലേക്ക് പോകും.
ഒരു മില്യന്‍ ഡോളര്‍ ചെലവില്‍ സംവിധാനിച്ച യൂനിറ്റില്‍ അര്‍ബുദ പരിശോധന സൗകര്യവും കണ്‍സള്‍ട്ടേഷന്‍ മുറിയും ഉണ്ടാകും. അര മണിക്കൂര്‍ ഇടവിട്ട് രോഗികളെ പരിശോധിക്കും. ഉദര, സ്തന അര്‍ബുദങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണ് മൊബൈല്‍ സ്‌ക്രീനിംഗ് യൂനിറ്റെന്ന് പി എച്ച് സി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. അര്‍ബുദം നേരത്തെ പരിശോധിക്കുകയും വല്ല അണുവും ശരീരത്തില്‍ ഉണ്ടെങ്കില്‍ നേരത്തെ ചികിത്സ ലഭ്യമാക്കുകയും അതിലൂടെ അര്‍ബുദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അര്‍ബുദ രോഗത്തെ സംബന്ധിച്ച ഭയം മാറ്റി പരിശോധനക്ക് പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
അമേരിക്കയിലാണ് വാഹനം നിര്‍മിച്ചത്. വാഹനം ഇവിടെയെത്തിക്കാന്‍ ഒരു വര്‍ഷം എടുത്തുവെന്നും അതിനാല്‍ മറ്റൊരു കൂടുതല്‍ വാഹനങ്ങള്‍ ആലോചനയിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാളുകളിലും അല്‍ ഹിബ പോലെയുള്ള സര്‍ക്കാറിതര സംഘടനാ ആസ്ഥാനത്തും വാഹനം ഉപയോഗിക്കും. 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് പരിശോധന നടത്തുക. പൂര്‍ണ സ്വകാര്യതയാണ് പരിശോധന കേന്ദ്രത്തിന്റെ പ്രത്യേകത. പരിശോധിക്കുന്നതിന് അപ്പോയിന്‍മെന്റ് ആവശ്യമാണ്. ആദ്യ വര്‍ഷം ഖത്വരികളെയാണ് പരിശോധിക്കുക. മറ്റുള്ളവര്‍ക്കും 8001112 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കാം.

Latest