Connect with us

Gulf

കതാറയില്‍ 75 റമസാന്‍ പരിപാടികള്‍

Published

|

Last Updated

ദോഹ: “മനുഷ്യ സൃഷ്ടിപ്പ് വിശുദ്ധ ഖുര്‍ആനില്‍” എന്ന പ്രമേയത്തില്‍ ഇത്തവണത്തെ റമസാന്‍ പ്രത്യേക പരിപാടികള്‍ കതാറ പ്രഖ്യാപിച്ചു. ജൂണ്‍ 14 മുതല്‍ മതപരം, സാംസ്‌കാരികം, ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി 75 പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹീം അല്‍ സുലൈത്വി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇസ്‌ലാമിക നാഗരികതയുടെ ആത്മീയ, സാംസ്‌കാരിക, ശാസ്ത്രീയ ആഴം തുറന്നുകാണിക്കുന്നതാണ് പരിപാടികള്‍. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഖുര്‍ആന്‍ ഹിഫ്‌സ് ശില്‍പ്പശാല ജൂണ്‍ 12 മുതല്‍ 23 വരെ നടക്കും. വിവിധ പ്രായത്തിലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഇത്. “കാരുണ്യത്തിന്റെ അടയാളങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണ പരമ്പരകള്‍ ഉണ്ടാകും. ഇന്നലെ ഡോ. മുഹമ്മദ് അല്‍ അവാദിയുടെ ആദ്യ പ്രഭാഷണം നടന്നു. റമസാന്‍ 11ന് ഡോ. സഗ്‌ലൂല്‍ അല്‍ നജ്ജാര്‍, ജൂണ്‍ 17ന് ഡോ. ഉമര്‍ അബ്ദുല്‍ കാഫി, ഡോ. മുഹമ്മദ് റാതിബ് അല്‍ നബുല്‍സി എന്നിവരുടെ പ്രഭാഷണം ഉണ്ടാകും.
മനുഷ്യശരീരത്തിന്റെ അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്ന 14 അതിനൂതന പ്രദര്‍ശനങ്ങളും ഉണ്ടാകും. 4ഡി ചിത്രങ്ങളോടൊപ്പം രക്തധമനികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രദര്‍ശനം 18ാം നമ്പര്‍ കെട്ടിടത്തില്‍ നടക്കും. കണ്ണ്, ചെവി, പല്ല്, ചര്‍മം എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും പോഷകാഹാരത്തെയും സംബന്ധിച്ച പ്രദര്‍ശനം ഉണ്ടാകും. 4ഡി സാങ്കേതികവിദ്യയില്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് പ്രദര്‍ശനം നടക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാകും. അല്‍ നസീം, തദാവി മെഡിക്കല്‍ സെന്ററുകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തുന്നതിന് 13 ാം നമ്പര്‍ കെട്ടിടത്തില്‍ ഡോക്ടര്‍മാരോട് സംവിദക്കാനുള്ള അവസരമുണ്ടാകും. മനുഷ്യശരീരത്തെയും അവയവങ്ങളെയും പ്രതിപാദിക്കുന്ന സിനിമകളും ഡോക്യുമെന്ററികളും 7ഡി സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ആംഫിതിയേറ്ററില്‍ രാത്രി ഏഴ് മുതല്‍ 11.30 വരെയാണ് പ്രദര്‍ശനം. ദിവസവും ഇഫ്താര്‍ കാനനും ഉണ്ടാകും.