Connect with us

Gulf

അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ കരാര്‍ ഇന്ത്യന്‍ കമ്പനിക്ക്‌

Published

|

Last Updated

സ്റ്റേഡിയ നിര്‍മാണ കരാറിന്റെ ഒപ്പുവെക്കല്‍ ചടങ്ങ്‌

ദോഹ:2022ലെ ലോകകപ്പിനുള്ള അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ ഇന്ത്യന്‍ കമ്പനിക്ക്. ലാഴ്‌സണ്‍ ആന്‍ഡ് ടൗബ്രോ കമ്പനിയും ഖത്വര്‍ കമ്പനിയായ അല്‍ ബലാഗ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗുമാണ് സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പ്രഖ്യാപിച്ചു. 135 മില്യന്‍ ഡോളറിന്റെ നിര്‍മാണ കരാര്‍ ലഭിച്ചത് എണ്ണ വിലക്കുറവ് കാരണം മിഡില്‍ ഈസ്റ്റില്‍ തളര്‍ച്ച നേരിടുന്ന ഇന്ത്യയിലെ പ്രധാന നിര്‍മാണ കമ്പനിയായ ലാഴ്‌സണ് ഊര്‍ജമേകും.
ഗള്‍ഫില്‍ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ലാഴ്‌സണ്‍ കമ്പനി നടത്തിയിട്ടുണ്ട്. ദോഹ മെട്രോ നിര്‍മാണത്തിലും പങ്കാളിയാണ്. എണ്ണവിലക്കുറവിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ കമ്പനിയുടെ തളര്‍ച്ച പരിഹരിക്കുന്നതിന് ഏഷ്യ, ആഫ്രിക്ക മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കഴിഞ്ഞ മാസം കമ്പനി അധികൃതര്‍ സൂചിപ്പിച്ചിരുന്നു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലാണ് നിര്‍മിക്കുക. കൊടുംചൂട് മറികടക്കുന്നതിന് കൂളിംഗ് സംവിധാനത്തോടെയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. അല്‍ ബിദ്ദ ടവറില്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ് നടന്നു. എസ് സിയിലെയും ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 2019ല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കും. സെപ്തംബറില്‍ അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബിന് പരിശീലനത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ നിര്‍ദിഷ്ട സ്റ്റേഡിയത്തിന്റെ സമീപം ഗ്രൗണ്ട് നിര്‍മാണം അന്തിമഘട്ടത്തിലായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ രൂപകല്പന പുറത്തുവിട്ടത്. ലോകകപ്പിന് ശേഷം സീറ്റിംഗ് ശേഷി ഇരുപതിനായിരമാക്കി ചുരുക്കും. ഇത്തവണത്തെ ക്യു എസ് എല്‍ ജേതാക്കളായ അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഹോം ഗ്രൗണ്ടായിരിക്കും ഇത്.

Latest