വീണ്ടുമൊരു പ്രവാസി മുഖ്യമന്ത്രി

എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ പ്രവാസികളും പെടും എന്നു തന്നെ കരുതാം. എന്നാല്‍ മുഖ്യമന്ത്രിയുടെ തിരക്കും ബകുപ്പുകളുടെ ബാഹുല്യവും കൂടി ചേരുമ്പോള്‍ കടലിനിക്കരെയുള്ള ഈ ‘ജില്ല’കളുടെ കാര്യം എന്താകുമെന്നു കണ്ടറിയണം.
അറേബ്യൻ പോസ്റ്റ്
Posted on: June 7, 2016 6:23 pm | Last updated: June 7, 2016 at 6:23 pm
SHARE

pinarayiസി പി എം നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം, പാര്‍ട്ടി കാര്യത്തില്‍ മലയാളികള്‍ കണ്ടതും കേട്ടതുമാണ്. ഇനി ഭരണക്കാര്യത്തില്‍ എങ്ങനെയെന്നറിയാനുള്ള ഊഴമാണ്. നേരത്തേ വി എസ് മുഖ്യമന്ത്രിയായി. ഇപ്പോഴിതാ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നു. കാത്തിരുന്നു കാണാം. വി എസ്, പിണറായി മുഖ്യമന്ത്രിമാരില്‍ പ്രകടമായിത്തന്നെ ചേരാത്ത പലതുണ്ട്. ഉദാഹരണത്തിന് പോലീസ്, വിജിലന്‍സ് വകുപ്പൊക്കെ മുഖ്യമന്ത്രിയോടു ചേര്‍ക്കാതെ അന്ന് കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ വെക്കുകയായിരുന്നു പാര്‍ട്ടി. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മറ്റൊരു പാര്‍ട്ടി നേതാവിനെയും പോലീസ് മന്ത്രിയാക്കി പ്രയാസപ്പെടുത്തിയിട്ടില്ല. അപ്പോഴും വി എസ് കയ്യൊതുക്കുവെച്ച പ്രവാസിവകുപ്പ് മാറാന്‍ പിണറായി മുഖ്യമന്ത്രിയും സന്നദ്ധമായിട്ടില്ല. അഥവാ പ്രവാസിമന്ത്രി വി എസില്‍നിന്ന് പിണറായിയിലേക്കെത്തിയിരിക്കുന്നു.
എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ പ്രവാസികളും പെടും എന്നു തന്നെ കരുതാം. എന്നാല്‍ മുഖ്യമന്ത്രിയുടെ തിരക്കും ബകുപ്പുകളുടെ ബാഹുല്യവും കൂടി ചേരുമ്പോള്‍ കടലിനിക്കരെയുള്ള ഈ ‘ജില്ല’കളുടെ കാര്യം എന്താകുമെന്നു കണ്ടറിയണം. പ്രവാസിവകുപ്പില്‍ ഒരു മന്ത്രിയുടെ കൈകാര്യത്തിൽ വന്നാലും വകുപ്പിനെ നിഷ്പ്രഭമാക്കാമെന്ന് ശ്രീമാന്‍ കെ സി ജോസഫ് യുഡിഎഫ് മന്ത്രിസഭയിലിരുന്ന് തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ അതല്ല കാര്യം, മുഖ്യമന്ത്രിക്ക് പ്രവാസത്തെ പരിഗണിക്കാന്‍ നേരം കിട്ടുമോ എന്ന വേവലാതിയാണ്.
പിണറായി മന്ത്രിസഭയില്‍ പ്രവാസി മലയാളികളെക്കുറിച്ച് ഏറെക്കുറെ നന്നായറിയുന്നയാള്‍ പിണറായി തന്നെയാണ്. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും പലതവണ സന്ദര്‍ശിച്ച അനുഭവവും പരിചയവും അദ്ദേഹത്തിനുണ്ട്. ഗള്‍ഫിലെ പാര്‍ട്ടി സഖാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയാണ് അദ്ദേഹം. മന്ത്രിസഭയെ പരിഗണിച്ചാല്‍ പ്രവാസിവകുപ്പ് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കാൻ ഘടകങ്ങളേറെയുണ്ട്. പക്ഷേ, മുഖ്യമന്ത്രിത്തിരക്കുകളിലും മുന്‍ഗണനകളിലും കണ്‍വെട്ടത്തില്ലാത്ത പ്രവാസി മലയാളികള്‍ മുങ്ങുമോ എന്നു മാത്രമാണ് സന്ദേഹം.
പതിവു ക്ഷേമകാര്യങ്ങള്‍ക്കപ്പുറം പ്രവാസി മലയാളികളുടെ സ്വത്വം തിരിച്ചറിഞ്ഞു കൊണ്ടുള്ള ചില നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ക്ഷേമാവകാശികള്‍, പുനരധിവാസാവകാശികള്‍, വിമാനനിരക്കു വര്‍ധനയുടെ ഇരകള്‍ എന്നീ അവസ്ഥകളോടു മാത്രം ചേര്‍ത്തുവെക്കാതെ പ്രവാസികളിലെ പ്രൊഫഷനലുകളെയും വ്യവസായികളെയുമെല്ലാം തിരിച്ചറിയാനും പ്രയോജനപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയിലുണ്ട്. കേരളത്തിന്റെ രണ്ടു ജില്ലകള്‍ക്കു സമാനമായ മുപ്പതു ലക്ഷത്തോളം വരുന്ന മലയാളി സമൂഹമാണ് പ്രവാസി കേരളീയര്‍ എന്ന രാഷ്ട്രീയ പരിഗണനയിലേക്ക് പ്രവാസികളുമായി ബന്ധപ്പെട്ട നയാസൂത്രണം കടന്നു വരേണ്ടതുണ്ട്. പ്രവാസികള്‍ക്ക് ക്ഷേമവും സഹായവും എത്തിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്‍പ്പെടെയുള്ള നിര്‍ദേശവും എല്‍ഡിഎഫ് പ്രകടനപത്രിക സൂചിപ്പിക്കുന്നുണ്ട്.
പ്രകടനപത്രികക്കും സർക്കാർ നയപരിപാടിക്കുമപ്പുറം ഒരുകാര്യം കൂടിയുണ്ട്. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രവാസലോകം നന്നായി ചർച്ചക്കു വിധേയമാക്കിയെന്ന് സമ്മേളന വിശേഷം മാധ്യമങ്ങളോട് പറഞ്ഞ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതാണ്. പ്രവാിസകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കുന്നതിനൊപ്പം പ്രവാസികൾക്കിടയിലെ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിനു വേണ്ടിയും പരിശ്രമിക്കുമെന്നായിരുന്നു കോടിയേരിയുടെ ബ്രീഫിംഗ്. അഥവാ പാർട്ടി സമ്മേളന തീരുമാന പ്രകാരം ഗൾഫ് നാടുകളിൽ കലാസാംസ്കാരിക രംഗത്തും സേവന രംഗത്തും പ്രവർത്തനം വുപുലപ്പെടുത്തിക്കൊണ്ടിരിക്കുംബോഴാണ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയൻ പ്രവാസി വകുപ്പിൻറെ ചുമതല വഹിക്കുന്നു. ഇതുചേർത്തു വെക്കുംബോൾ മുഖ്യമന്ത്രിക്കു മാത്രമല്ല, പ്രവാസലോകത്തെ ദലകൈരളിസംസ്കൃതിനവോദയാദി മാസ്സുകൾക്കും ഉത്തരവാദിത്തമുണ്ടെന്നു ചുരുക്കം.
പ്രവാസികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നോര്‍ക്ക, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമതി തുങ്ങിയവ നിലവിലുണ്ട്. ഇനിയും സര്‍ക്കാറിന് ഫലപ്രദമായ രീതികള്‍ കൊണ്ടുവരാവുന്നതേയുള്ളൂ. വിദ്യാഭ്യാസം, സാംസ്‌കാരികം, തൊഴില്‍, യുവജനം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ക്കെല്ലാം പ്രവാസികള്‍ക്കിടയില്‍ കാര്യമുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പിനെക്കുറിച്ച് നാട്ടില്‍ അത്ര ശ്രദ്ധയുള്ള ചര്‍ച്ചകള്‍ക്കു സാധ്യതയില്ലെങ്കിലും ഗള്‍ഫില്‍ ഇതു വലിയ കാര്യമാണ്. മുഖ്യമന്ത്രി പ്രവാസം വി എസില്‍ നിന്നും തീര്‍ത്തും വേറിട്ടതും മികച്ചതുമാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

വാല്‍ക്കമ്പി: സ്വന്തം മണ്ഡലത്തിലെ എംഎൽഎ അല്ലെങ്കിൽ ജില്ലയിലെ മന്ത്രി പ്രവാസി വകുപ്പു കൈകാര്യം ചെയ്യണമെന്നായിരുന്ന പ്രവാസലോകത്തെ പാർട്ടിക്കാർ മന്ത്രിസഭ വരുന്നതിനു മുൻപ് പൊതുവേ പ്രകടിപ്പിച്ച അഭിപ്രായം. അതുകൊണ്ടുകൂടിയാകണം, മുഖ്യമന്ത്രിതന്നെ പ്രവാസിമന്ത്രിയായത്.