പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: വിദ്യാഭ്യാസ മന്ത്രി

Posted on: June 7, 2016 3:36 pm | Last updated: June 8, 2016 at 8:55 am
SHARE

c ravindranathതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് . അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തും. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും മെന്നും അദ്ദേഹം പറഞ്ഞു. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു പൊതുവിദ്യാലയങ്ങളും അടച്ചു പൂട്ടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.  മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് ധനവകുപ്പിന്റെ അനുമതിയും വേണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പൂട്ടാന്‍ ബുധനാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.

കൊണ്ടോട്ടിക്കടുത്തെ മങ്ങാട്ടുമുറി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടി. രാവിലെ ഏഴരയ്ക്ക് സ്ഥലത്തെത്തിയ എഇഒ സ്‌കൂളിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചശേഷം പിടിച്ചെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കാഴ്ച്ച തള്ളിയിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ സമയം വേണമെന്നും 75 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സമയം നീട്ടിനല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.