വിശ്വാസികളെ വരവേറ്റ് ഫുജൈറ ശൈഖ് സായിദ് മസ്ജിദ്

Posted on: June 7, 2016 2:55 pm | Last updated: June 7, 2016 at 2:55 pm

hujairaഫുജൈറ: വിശുദ്ധ മാസത്തില്‍ വിശ്വാസികള്‍ക്ക് ആരാധന നിര്‍വഹിക്കാനായി ഫുജൈറയിലെ ശൈഖ് സായിദ് മസ്ജിദ് കൂടുതല്‍ സൗകര്യങ്ങളോടെ തയ്യാറായി. റമസാനില്‍ അഞ്ചു നേരത്തെ നിസ്‌കാരത്തിന് പുറമെ തറാവീഹ് നമസ്‌കാരവും മസ്ജിദില്‍ നടക്കും. അവസാന പത്തില്‍ തഹജ്ജുദ് നിസ്‌കാരവുമുണ്ടാകും.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദാണിത്. പൊതുമരാമത്ത് വിഭാഗമാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഔഖാഫിന് കൈമാറിയത്. നിര്‍മാണഘട്ടത്തില്‍ തന്നെ റമസാനില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. യു എ ഇ പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയത്തിന് കീഴില്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് ഇതിന്റെ മേല്‍നോട്ടം.
39,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പള്ളിയുടെ അകത്തളത്തില്‍ 28,000 പേര്‍ക്കു ഒരേസമയം ആരാധന നിര്‍വഹിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേക ഹാളും സജ്ജമാക്കിയിട്ടുണ്ട്. പള്ളിമുറ്റത്തിന്റെ മൊത്തം വ്യാപ്തി 5,120 ചതുരശ്ര മീറ്ററാണ്. തുറസ്സായ ഇവിടെ 12,000 വിശ്വാസികള്‍ക്കു പ്രാര്‍ഥന നിര്‍വഹിക്കാനാകും. പള്ളിയുടെ അകത്തളത്തില്‍ വൈദ്യുതി ദീപങ്ങളും ശീതീകരണ സംവിധാനവുമെല്ലാം സ്ഥാപിക്കുന്ന ജോലികള്‍ റമസാന് മുമ്പേ പൂര്‍ത്തിയായിരുന്നു. വിശാലമായ പരവതാനിയും ഹാളില്‍ വിരിച്ചിട്ടുണ്ട്. അംഗ ശുദ്ധി വരുത്തിയ ശേഷം വെള്ളം ഒഴുക്കിക്കളയുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും രോഗികളായ 300 പേര്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. മദബ്ബ്, മറീഷീദ് തുടങ്ങി ഫുജൈറയുടെ ജനവാസ മേഖലകളുമായി ബന്ധിക്കുന്ന പ്രദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പ്രദേശിക ഫെഡറല്‍ സര്‍ക്കാര്‍ കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലകൂടിയാണിത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് മസ്ജിദ് പണികഴിപ്പിച്ചത്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമധേയത്തിലുള്ള ആരാധാനാ സൗധത്തിന്റെ നിര്‍മാണത്തിനായി 21 കോടി ദിര്‍ഹമായിരുന്നു വകയിരുത്തിയിരുന്നത്. അനുബന്ധ നിര്‍മാണ ചെലവുകള്‍ക്കായി 1.7 കോടി ദിര്‍ഹം കൂടി നല്‍കി. 2010 മെയ് മാസത്തിലാണ് ഫുജൈറയുടെ നഗരമധ്യത്തില്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്.
വ്യത്യസ്ത വലുപ്പത്തിലുള്ള ആറ് മിനാരങ്ങള്‍ പള്ളിയുടെ പ്രൗഢി കൂട്ടുന്നതാണ്. ഇതില്‍ നാലെണ്ണത്തിന്റെ നീളം 100 മീറ്ററാണ്. 89 മീറ്റര്‍ നീളത്തിലാണ് മറ്റു രണ്ട് സ്തൂപങ്ങള്‍ പണികഴിച്ചിട്ടുള്ളത്.