Connect with us

Kerala

പരാജയം ശാശ്വതമല്ല;പാര്‍ട്ടിയില്‍ കാതലായ മാറ്റമുണ്ടാകും: വിഎം സുധീരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള കാതലായ മാറ്റം പാര്‍ട്ടിയിലുണ്ടാകും. എല്ലാവരുമായി ആലോചിച്ച് തര്‍ക്കങ്ങളില്ലാതെ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടിയെ സജീവമാക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും സുധീരന്‍ അറിയിച്ചു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. വിഷയത്തിലുണ്ടാക്കിയ ആശയക്കുഴപ്പം മാറ്റാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി നിര്‍വാഹക സമിതിയില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പറഞ്ഞ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. വരാന്‍ പോകുന്നത് സമരങ്ങളുടെ നാളുകളെന്നും സുധീരന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അണികളെ നിരാശപ്പെടുത്തുന്നതൊന്നും പാര്‍ട്ടി തീരുമാനിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.