കൊണ്ടോട്ടി മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി; സ്ഥലത്ത് സംഘര്‍ഷം

Posted on: June 7, 2016 9:13 am | Last updated: June 7, 2016 at 10:54 am

malappuramമലപ്പുറം: മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. രാവിലെ ഏഴരയ്ക്ക് സ്ഥലത്തെത്തിയ എഇഒ സ്‌കൂളിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചശേഷം പിടിച്ചെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. 86 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് അടച്ചുപൂട്ടിയത്. കൊണ്ടോട്ടി എഇഒ ആശിഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്‌കൂളിനു താഴിട്ടത്

അതേസമയം സ്‌കൂള്‍ അടച്ച്പൂട്ടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും എസ്എഫ്‌ഐഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. എന്നാല്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പ്രതിഷേക്കാരെ തടഞ്ഞുനിര്‍ത്തിയാണ് എഇഒ സ്‌കൂള്‍ അടച്ച്പൂട്ടിയത്. സ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ഇവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.തുടര്‍ന്ന് സമരക്കാര്‍ സ്‌കൂള്‍ പരിസരത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്.

പുതിയതായി പ്രവേശനം നേടിയ 19 കുട്ടികളടക്കം 66 കുട്ടികളാണ് മങ്ങാട്ടുമുറി എഎംഎപി സ്‌കൂളില്‍ പഠിക്കുന്നത്. ലാഭകരമല്ലെന്ന പേരില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ 2009ലാണ് മാനേജര്‍ നടപടി തുടങ്ങിയത്. 2011ല്‍ മാനേജര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. ഈ വിധി മേല്‍കോടതി സ്‌റ്റേ ചെയ്തതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.