ഗദ്ദാഫിയുമായുള്ള ബന്ധം തനിക്ക് കുറെ പണം സമ്മാനിച്ചെന്ന് ട്രംപ്‌

Posted on: June 7, 2016 5:58 am | Last updated: June 7, 2016 at 12:59 am

വാഷിംഗ്ടണ്‍: ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുമായുള്ള ബന്ധം തനിക്ക് കുറെ പണം സമ്മാനിച്ചെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. കടുത്ത മുസ്‌ലിം വിരോധം സംസാരിക്കുന്ന ട്രംപിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഗദ്ദാഫിയുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചപ്പോഴാണ് പുതിയ വിശദീകരണം. ഗദ്ദാഫിക്ക് അമേരിക്കയില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കാന്‍ 2009ല്‍ ശ്രമം നടത്തിയതിന് പിന്നില്‍ തന്റെ കച്ചവടതാത്പര്യം മാത്രമായിരുന്നെന്നും ഗദ്ദാഫിയുമായി മറ്റ് ബന്ധങ്ങളില്ലെന്നും വരുത്തിതീര്‍ക്കുകയെന്നതാണ് പുതിയ വിശദീകരണം കൊണ്ട് ട്രംപ് ലക്ഷ്യംവെക്കുന്നത്.
2009ലെ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണിലെത്തിയ ഗദ്ദാഫിക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തതും ഏക്കര്‍ കണക്കിന് ഭൂമി വാടകക്ക് നല്‍കിയതും ട്രംപായിരുന്നു. ന്യൂയോര്‍ക്കിലെ ബെഡ്‌ഫോര്‍ഡിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഗദ്ദാഫിക്ക് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ലിബിയന്‍ ഭരണകൂടവുമായി സംസാരിച്ചതായും രേഖകളുണ്ട്.