മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കൈക്കൂലി കേസ്; സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: June 7, 2016 5:51 am | Last updated: June 7, 2016 at 12:51 am
SHARE

കൊച്ചി: കൈക്കൂലി കേസില്‍ മലപ്പുറത്തെ മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനും സഹായി അബ്ദുല്‍ അമീറിനുമെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുണൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥന്‍ സൂരജ് ഷറഫുദ്ദീന്‍ ഷാ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സി ബി ഐ ഇയാളെ പിടികൂടിയത്.
നേരത്തെ ബെംഗളൂരുവില്‍ താമസിച്ചിരുന്ന ഷറഫുദ്ദീന്‍ ഷാക്ക് അവിടത്തെ വിലാസത്തില്‍ അനുവദിച്ചിരുന്ന പാസ്‌പോര്‍ട്ട് മലപ്പുറത്തേക്ക് താമസം മാറ്റിയതിനെ തുടര്‍ന്ന് പുതുക്കാന്‍ കഴിയാതെ വന്നു. ബെംളൂരുവില്‍ അനുവദിച്ച പാസ്‌പോര്‍ട്ട് മലപ്പുറത്തെ വിലാസത്തില്‍ അനധികൃതമായി പുതുക്കി നല്‍കാമെന്ന് പറഞ്ഞാണ് രാമകൃഷ്ണന്‍ അരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അബ്ദുല്‍ അമീറിനെ സമീപിക്കാനും അയാള്‍ എല്ലാം ചെയ്തു തരുമെന്നും രാമകൃഷ്ണന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യു എന്‍ ഉദ്യോഗസ്ഥന്‍ സി ബി ഐക്ക് വിവരം കൈമാറി. സി ബി ഐ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം 50 ലക്ഷം രൂപ രാമകൃഷ്ണന്റെ വാടക വീട്ടില്‍ വെച്ച് കൈമാറുന്നതിനിടെ സി ബി ഐ സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും രാമകൃഷ്ണനെതിരെ കേസുണ്ട്. അഴിമതി നിരോധന നിയനത്തിലെ സെക്ഷന്‍ 7, 12, 14, 13 (2) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.