Connect with us

Kerala

ജിഷ വധക്കേസില്‍ സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ നീക്കം

Published

|

Last Updated

കൊച്ചി: ജിഷ വധക്കേസില്‍ സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ നീക്കം. രാജ്യത്തെ വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കുള്ള ഏറ്റവും മികച്ച ആളുകള്‍ രാജ്യത്തുണ്ട്. അവരുടെ സേവനം ജിഷ കേസില്‍ പോളിഗ്രാഫ് പോലുള്ള കാര്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കേസ് തെളിയിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടായിട്ടുണ്ട്. ശ്രദ്ധാപൂര്‍വം വിശകലന ബുദ്ധിയോടെ അന്വേഷിച്ചാല്‍ കേസ് തെളിയിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ തനിക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്. ബുദ്ധിമുട്ടുള്ള കേസായി തോന്നിയില്ല. അന്വേഷണ സംഘത്തിലുള്ളവരെല്ലാം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ്. ഊര്‍ജസ്വലമായാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏത് വഴിയിലൂടെ പോയാലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുകയെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടെ മുന്നോട്ടു പോയാല്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.
പോലീസിന് തുടക്കത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ബെഹ്‌റ പറഞ്ഞു. മുന്നോട്ടുള്ള അന്വേഷണത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടെന്നും അത് ഭരണപരമായി കൈകാര്യം ചെയ്തുകൊള്ളാമെന്നും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.