Connect with us

Kerala

സമൂഹത്തിനാവശ്യം അഴിമതിരഹിത ഉദ്യോഗസ്ഥവൃന്ദം: മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: അഴിമതിരഹിതരായ ഉദ്യാഗസ്ഥവൃന്ദം ഉണ്ടേകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ജിനിയറിംഗ് വിംഗില്‍ പ്രൈസ് സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനവും കമ്പ്യൂട്ടര്‍/ ലാപ്പ് ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥതലത്തില്‍ സര്‍വത്ര ക്രമക്കേടും അഴിമതിയുമാണെന്നാണ് ആക്ഷേപമുയരുന്നത്. ജീവനക്കാര്‍ക്ക് മാന്യമായി ജീവിക്കാനുളള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പൊതുജനത്തെ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കരുത്. ഇന്നല്ലെങ്കില്‍ നാളെ ജീവനക്കാര്‍ക്കും ഓരാവശ്യത്തിന് വേണ്ടി ഒരാളെ സമീപിക്കേണ്ടി വരും. അത് മനസ്സിലാക്കണം. തങ്ങള്‍ ഇന്ന് ചെയ്യുന്ന തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പലിശ സഹിതം തിരിച്ചു കിട്ടുമെന്ന കാര്യം ജീവനക്കാര്‍ ഓര്‍ക്കണം.
പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതെന്തിനെന്ന് ജീവനക്കാര്‍ ഓര്‍ക്കണം. മാറ്റം ഉണ്ടാവേണ്ടത് ആവശ്യമാണ്.ന്യൂനതകള്‍ മാറ്റിയെടുക്കണം. പഞ്ചായത്ത് ഓഫീസില്‍ ഇരുന്നുചെയ്യേണ്ട കാര്യങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് ചെയ്യണം. പ്രോജക്ട് തയാറാക്കുന്നതില്‍ വീഴ്ച വരുത്തരുത്. അധികാരവികേന്ദ്രീകരണം ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. രണ്ടാം ജനകീയാസൂത്രണത്തിന്റെ മുഖത്താണ് നാമുളളത്. പുതിയകാലത്ത് ആവശ്യങ്ങള്‍ മാറി.
ജനകീയാസൂത്രണം അധികാര വികേന്ദ്രീകരണത്തെ ജനകീയവും മഹത്തരവുമാക്കി. ആളുകള്‍ക്ക് സമയബന്ധിതമായി കാര്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാം അതാണ് ജനാധിപത്യത്തെ സുതാര്യമാക്കിയത്.
കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉണ്ടാവേണ്ടത്. സമയത്ത് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ സുസജ്ജരാവണമെന്നും മന്ത്രി പറഞ്ഞു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണം. പുതിയ കാലത്ത് ഒരുക്കേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. എല്‍ എസ് ജി ഡി സെക്രട്ടറി വി കെ ബേബി, ചീഫ് എന്‍ജിനിയര്‍ എല്‍ എസ് ജി ഡി പി ആര്‍ സജികുമാര്‍, ടി മോഹനദാസ്, സി എം സുലൈമാന്‍, കെ എസ് ജയചന്ദ്രകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.