ശബരിമലയിലെ സ്ത്രീ പ്രവേശം: രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കുമ്മനം

Posted on: June 7, 2016 5:39 am | Last updated: June 7, 2016 at 12:39 am

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതുസംബന്ധിച്ച ദേവസ്വം മന്ത്രിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ല. ക്ഷേത്ര തന്ത്രിമാരും വിശ്വാസികളും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളില്‍ ലിംഗസമത്വം നടപ്പാക്കി സ്ത്രീകള്‍ക്കും പ്രവേശനം നടപ്പാക്കുമെന്ന തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ധൈര്യമുണ്ടോയെന്നും കുമ്മനം വെല്ലുവിളിച്ചു.
ബി ജെ പി അധ്യക്ഷന്‍ അമിത്ഷായെ സന്ദര്‍ശിച്ച കുമ്മനം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തി. എന്‍.ഡി.എയുടെ വികസനവും ഭാവി പരിപാടികളും ചര്‍ച്ചചെയ്യാന്‍ അമിത്ഷാ കേരളത്തിലെത്തുമെന്നും കുമ്മനത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സി പി എം ആസൂത്രിതമായി ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ നാളെ പിണറായിയില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ ബി ജെ പി ദേശീയ നേതാവ് മീനാക്ഷി ലേഖി എം പി പങ്കെടുക്കും. തുടര്‍ന്ന് 16ന് തിരുവനന്തപുരത്ത് മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തകരെ അടക്കം ഉള്‍പ്പെടുത്തി സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനനകീയ സദസ്സ് സംഘടിപ്പിക്കും. പരിപാടിയില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പങ്കെടുക്കും. സി പി എമ്മിന്റെ മനുഷ്യാവകാശ നിഷേധത്തെ കുറിച്ച് വിവരിക്കാന്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ എച്ച് എല്‍ ദത്തുവിനേയും കേന്ദ്ര വനിതാ കമീഷനേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്നും കുമ്മനം പറഞ്ഞു.