റമസാനില്‍ ഐ സി എഫിനു കീഴില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

Posted on: June 7, 2016 12:38 am | Last updated: June 7, 2016 at 12:38 am
SHARE

മനാമ: ‘വിശുദ്ധ റമസാന്‍ – വിശ്വാസിയുടെ വിളവെടുപ്പു കാലം’ എന്ന ശീര്‍ഷകത്തില്‍ ജൂലൈ പത്ത് വരെ നടത്തുന്ന റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫിനു കീഴില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍. വിശ്വാസികള്‍ക്ക് ആശ്വാസവും സന്തോഷവുമേകി ആത്മീയാനുഭൂതി പകര്‍ന്ന് മനാമ, ഉമ്മുല്‍ഹസം, ഹമദ് ടൗണ്‍, ബുദയ്യ, ഈസാ ടൗണ്‍, സല്‍മാബാദ് തുടങ്ങിയ സെന്‍ട്രലുകളില്‍ ദിനേന ഇഫ്താര്‍ സുപ്രകള്‍ ഒരുക്കും. ഈ മാസം 17 ന് വെള്ളിയാഴ്ച പ്രധാന ഹൈവേകളിലെ പ്രധാനപ്പെട്ട സിഗ്‌നലുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും.
21ന് ചൊവ്വാഴ്ച രാത്രി സെന്‍ട്രലുകളില്‍ ബദ്ര്‍ അനുസ്മരണം നടക്കും. രണ്ടാം പത്തില്‍ പ്രവര്‍ത്തകര്‍ക്കായി തറാവീഹ് മുതല്‍ സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന തസ്‌കിയത്ത് ക്യാമ്പ് സംഘടിപ്പിക്കും. 24 വെള്ളി സെന്‍ട്രല്‍ തലത്തില്‍ ‘സകാത്ത് – ഒരു പഠനം’ എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കും. പ്രവാസി വായന റമസാന്‍ പതിപ്പ് അടിസ്ഥാനമാക്കി റമസാന്‍ അവസാനത്തില്‍ വിജ്ഞാന പരീക്ഷ നടത്തും. പള്ളികളില്‍ ജമാഅത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ തറാവീഹ് നിസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
റമസാന്‍ 27ാം രാവില്‍ തൗബയും ഇഅ്തികാഫ് ജല്‍സയും 29ാം രാവില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും സംഘടിപ്പിക്കും. നാഷനല്‍ തലത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമവും പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ഈദ് ടൂറും ഒരുക്കും. ദാറുല്‍ഖൈര്‍ ഭവന പദ്ധതി, കുടിവെള്ള പദ്ധതി എന്നിവക്ക് വേണ്ടിയുള്ള റിലീഫ് ഫണ്ട് ശേഖരണം, സോവനീര്‍ വിതരണം എന്നിവയും നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here