എന്‍ എസ് ജി: ഇന്ത്യയുടെ അംഗത്വത്തിന് സ്വിറ്റ്‌സര്‍ലാന്‍ഡ് പിന്തുണക്കും

Posted on: June 7, 2016 5:31 am | Last updated: June 7, 2016 at 12:32 am
പഞ്ചരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തിയ മോദിയും സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ്  ജൊഹാന്‍ സ്‌നീഡറും സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
പഞ്ചരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തിയ മോദിയും സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ്
ജൊഹാന്‍ സ്‌നീഡറും സംയുക്തമായി പത്രസമ്മേളനം നടത്തുന്നു

ജനീവ: ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകുന്നതിനുള്ള ഇന്ത്യയുടെ ആവശ്യത്തെ സ്വിറ്റ്‌സര്‍ലാന്‍ഡ് പിന്തുണക്കും. പഞ്ചരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തിയ മോദിയെ സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ജൊഹാന്‍ സ്‌നീഡറാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം ഒമ്പതിനും 24നുമാണ് 48 അംഗങ്ങളുടെ എന്‍ എസ് ജി യോഗം. ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ സുദൃഢമാക്കാനും കള്ളപ്പളം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എന്‍ എസ് ജിയിലെ അംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ തങ്ങള്‍ പിന്തുണക്കുമെന്ന് ഇരുനേതാക്കളും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സനീഡര്‍ പറഞ്ഞു.
ആണവ വിതരണ ഗ്രൂപ്പുമായും മറ്റ് ഏജന്‍സികളുമായും ഏഴ് വര്‍ഷം നീണ്ട നയതന്ത്ര ചര്‍ച്ചക്കൊടുവിലാണ് അംഗത്വത്തിനായി ഔദ്യോഗികമായി ഇന്ത്യ കഴിഞ്ഞ 12ന് അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം ഒമ്പതിന് വിയന്നയിലും 24ന് സിയൂളിലും നടക്കുന്ന പ്ലീനറി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. ഇന്ത്യയെ പിന്തുണക്കുമെന്ന സ്വിസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.