ജാട്ട് പ്രക്ഷോഭം ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം

Posted on: June 7, 2016 5:29 am | Last updated: June 7, 2016 at 12:31 am

jat-stir-759ഛണ്ഡീഗഡ്: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം ഹരിയാനക്ക് പുറത്തേക്കും വ്യാപിപ്പിക്കാന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി സമരത്തിന് നേതൃത്വം നല്‍കുന്ന അഖിലേന്ത്യ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതിയുടെ പ്രസിഡന്റ് യാശ്പാല്‍ മാലിക് വ്യക്തമാക്കി. ഞായറാഴ്ച ഹരിയാനയില്‍ ആരംഭിച്ച രണ്ടാംഘട്ട പ്രക്ഷോഭം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ച് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയെന്നതാണ് പ്രക്ഷോഭക്കാരുടെ തീരുമാനം. ഇന്നലെ മുതല്‍ ഡല്‍ഹിയിലെ ജാട്ട് സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, ജാട്ട് പ്രക്ഷോഭം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയിലെ അതിര്‍ത്തി മേഖലയിലും ജാട്ട് സമൂദായക്കാര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലും പോലീസ് കനത്ത സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 18 പോലീസ് സബ്ഡിവിഷനുകള്‍ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പ്രക്ഷോഭകരെ നിയന്ത്രിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ഡല്‍ഹിക്ക് പുറമെ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീസംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് യാശ്പാല്‍ മാലിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ്, കേന്ദ്രസന്നാഹത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും തങ്ങള്‍ സമാധാനപരമായി മാത്രമെ പ്രക്ഷോഭം നടത്തുകയുള്ളുവെന്ന് സമര നേതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍, 30 പേരുടെ മരണത്തിനിടയാക്കിയ ഫെബ്രുവരിയിലെ ഒന്നാം ഘട്ട പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായതിനാല്‍ ജാഗ്രതയോടെയാണ് സമരത്തെ പോലീസ് നിരീക്ഷിക്കുന്നത്. ഇതുവരെ അക്രമാസക്തമായ സംഭവങ്ങളൊന്നും സമര മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് ഉദ്യോഗസ്ഥരുടെ അവധി വരെ നിര്‍ത്തലാക്കിയാണ് ജാട്ട് പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയത്.
ഒന്നാം പ്രക്ഷോഭത്തെ തുടര്‍ന്ന് ജാട്ട് വിഭാഗത്തെ സംവരണ വിഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ബില്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെയാണ് വീണ്ടും പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ സമിതി തീരുമാനിച്ചത്.