പുതുച്ചേരിയില്‍ വി ഐ പി വാഹനങ്ങളില്‍ സൈറണില്ല

Posted on: June 7, 2016 6:00 am | Last updated: June 7, 2016 at 12:29 am
SHARE

പുതുച്ചേരി: പുതുച്ചേരിയില്‍ വി ഐ പി വാഹനങ്ങളില്‍ സൈറണ്‍ വെക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നിരോധിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിലും എസ്‌കോര്‍ട്ട് വാഹനത്തിനും ഈ ഉത്തരവ് ബാധകമാണെന്ന് കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ അടിയന്തര സേവനങ്ങളായ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ വാഹനങ്ങളില്‍ സൈറണ്‍ വെക്കുന്നതിന് നിയന്ത്രണമില്ല. പുതുച്ചേരിയുടെ പുരോഗതിക്ക് വേണ്ടിയാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്തതെന്നും ഇത് തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നതെന്നും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി പറഞ്ഞു. പൊതുഗതാഗതം സുഗമമായി മുന്നോട്ട് പോകണം. സര്‍ക്കാര്‍ വാഹനം താന്‍ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. തന്റെ മറ്റു അംഗങ്ങളും ഇങ്ങനെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകള്‍ തടഞ്ഞു നിര്‍ത്തി വി ഐ പികളുടെ വാഹനം കടന്നു പോകാന്‍ സൗകര്യം ചെയ്തു കൊടുക്കരുതെന്ന് ഉത്തരവിലുണ്ട്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തെ ഒരു കാരണവശാലും ഹനിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. യാത്രക്കാര്‍ക്ക് തടസ്സമുണ്ടാകാതെ ട്രാഫിക് നിയന്ത്രിക്കാന്‍ മതിയായ ജീവനക്കാരുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ഗവര്‍ണര്‍ ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here