Connect with us

Kerala

സഊദിയിലെ സ്വദേശിവത്കരണം: മൊബൈല്‍ മേഖലയില്‍ തുടങ്ങി

Published

|

Last Updated

മലപ്പുറം: സഊദി അറേബ്യയിലെ മൊബൈല്‍ കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം തുടങ്ങി. മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലും റിപ്പയറിംഗ് സെന്ററുകളിലും 50 ശതമാനം തൊഴിലാളികള്‍ സഊദി പൗരന്‍മാരായിരിക്കണമെന്നാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി സഊദി പൗരന്‍മാര്‍ക്ക് നേരിട്ട് ഈ മേഖലയില്‍ പരിശീലനം നല്‍കിയിരുന്നു. ഇവര്‍ ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചതോടെ സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. എട്ടാഴ്ച നീണ്ട പരിശീലനത്തിന് ശേഷമാണ് സഊദിയിലെ യുവതീ യുവാക്കള്‍ ഈ മേഖലയിലേക്ക് ജോലി ചെയ്യാനെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങിലുള്ള വെക്കേഷനല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടൂകളില്‍ നിന്നായി അറുപതിനായിരത്തോളം പേര്‍ പരിശീലനം നേടിയിട്ടുണ്ട്. സ്വദേശി തൊഴിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം യുവാക്കള്‍ക്ക് സ്വന്തമായി ബിസിനസ് സംരഭം നടത്താനുള്ള അവസരം കൂടിയാണ് തൊഴില്‍ വകുപ്പ് നല്‍കുന്നത്. സെപ്തംബര്‍ അഞ്ചിനകം സമ്പൂര്‍ണ സ്വദേശിവത്കരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതോടെ ടെലികോം മേഖല പൂര്‍ണമായും സ്വദേശികളുടേതായി മാറും. നാട്ടുകാര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കാനും ബിനാമി ബിസിനസുകള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് തൊഴില്‍മന്ത്രാലയം സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആറ് മാസത്തെ കാലയളവ് നല്‍കിയാണ് മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. നിലവില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ ഇതിനകം മറ്റു മേഖലകളിലേക്ക് മാറിക്കഴിഞ്ഞു. സ്ഥാപനം അടച്ച് നാട്ടിലേക്ക് പോയവരും ഉണ്ട്. പരിശോധന ആരംഭിക്കുന്നതോടെ മറ്റ് മേഖലകളിലേക്ക് മാറാം എന്ന പ്രതീക്ഷയില്‍ കഴിയുന്നവരുമുണ്ട്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തോളം സര്‍ക്കാര്‍ ഏജന്‍സികളാണ് സ്വദേശിവത്കരണം നടപ്പാക്കാന്‍ രംഗത്തുള്ളത്. ഇതിനായി കടകള്‍ കയറിയുളള പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. സഊദിയില്‍ മുപ്പതിനായിരത്തോളം മൊബൈല്‍ ഫോണ്‍ കടകളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 250 കോടി റിയാലിന്റെ ഫോണ്‍ വില്‍പ്പനയാണ് നടക്കുന്നത്. അതില്‍ മൂന്ന് കോടി സ്മാര്‍ട്ട് ഫോണുകളും ആറ് കോടി മൊബൈല്‍ കണക്ഷനും ഉണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 86 ലക്ഷം പേര്‍ വിദേശികളാണ്. സഊദി പൗരന്‍മാര്‍ 17 ലക്ഷം മാത്രമാണുള്ളത്. വിദേശികളില്‍ 30 ലക്ഷവും ഇന്ത്യക്കാരാണ്. അഞ്ച് വര്‍ഷത്തിനകം സ്വകാര്യ മേഖലയില്‍ 15 ലക്ഷം സഊദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ സഊദിവത്കരണം നടപ്പാക്കുന്നത്.

Latest