ജനം പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു നിയമസഭ

Posted on: June 7, 2016 5:16 am | Last updated: June 7, 2016 at 12:17 am

രാഷ്ട്രത്തെ നിര്‍മിക്കാനും നിര്‍ണയിക്കാനും മാറ്റിമറിക്കാനും മുന്നോട്ട് നയിക്കാനും കെല്‍പ്പുള്ള ജനകീയോര്‍ജമാണ് രാഷ്ട്രീയക്കാര്‍ക്കുണ്ടാകേണ്ടതെന്നാണ് പറയാറുള്ളത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കേള്‍വി കേട്ട നമ്മുടെ നാട്ടില്‍ ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത് പൊക്കിള്‍ക്കൊടി ബന്ധം തന്നെയാണ്. ഇന്ത്യയില്‍ പല സംസ്ഥാനത്തും രാഷ്ടീയം ജീര്‍ണിക്കുകയും അതിന്റെ ദുര്‍ഗന്ധം വാനോളം ഉയരുകയും ചെയ്യുമ്പോള്‍ പണ്ടുള്ളതിനേക്കാള്‍ പതിന്മടങ്ങ് സാമൂഹിക ജാഗ്രത വര്‍ത്തമാന കാല രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നുണ്ട്.
ചരിത്രത്തിലെ വിസ്മയമായി കേരള സംസ്ഥാനത്തെ മാറ്റിയതിലെ ഘടകങ്ങളിലൊന്ന് അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്. മതസാമുദായിക ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഈ മണ്ണില്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത് ചരിത്രത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ, നൂറ്റാണ്ടില്‍ കേരളത്തിലും ഇന്ത്യയിലാകെയും സാമൂഹിക പരിഷ്‌കരണത്തിന്റെ കാറ്റ് വീശിയെങ്കിലും കേരളം ഒഴിച്ച് മറ്റൊരിടത്തും അത് അത്രകണ്ട് വിജയം കാണ്ടില്ല. കേരളത്തിന്റെ ഈ വ്യതിരിക്തതക്ക് കാരണവും ഇവിടുത്തെ രാഷ്ട്രീയ മനസ്സിന്റെ കരുത്തു തന്നെയായിരുന്നു. നാവില്ലാത്തവന്റെ നാവായി സാമൂഹിക പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ച് അന്നത്തെ രാഷ്ട്ര സേവനം നടത്തുന്ന രാഷ്ട്രീയക്കാര്‍ ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സമൂലമായ മാറ്റത്തിന് വിധേയമാകുകയായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാരോട് കേരളത്തിന്റെ ജനങ്ങള്‍ക്ക് വല്ലാത്ത ഒരടുപ്പം ഉണ്ടായിരുന്നു. എ കെ ജിയെയും ടി വി തോമസിനെപ്പോലെയും പോലെയുമുള്ള അസംഖ്യം രാഷ്ട്രീയക്കാരെ, ഈ നാടിന്റെ തലവര മാറ്റാന്‍ നന്നെ പാടുപെട്ടവരെ ജനം അക്ഷരാര്‍ഥത്തില്‍ നെഞ്ചേറ്റുക തന്നെ ചെയ്തു.
എന്നാല്‍ വൈകാതെ അരാഷ്ട്രീയ വിവാദങ്ങള്‍ കേരളത്തിലുയര്‍ന്നു തുടങ്ങുകയും ചെയ്തു. ഇതിന് കൂടുതല്‍ വേരു പടര്‍ന്ന് തുടങ്ങിയത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലാണ്. അപക്വമായ കുഞ്ഞു മനസ്സുകളില്‍ അരാഷ്ട്രീയതയുടെ വിത്ത് വിതച്ച് വര്‍ഗീയ രാഷ്ട്രീയത്തിന്റെ വേരു പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. വളരുന്ന തലമുറയെ സമൂഹത്തിന്റെ ഭാഗമാക്കാതെ, എല്ലാത്തില്‍ നിന്നും വിഭിന്നമായ ഒരു ജീവിത ആസക്തിയിലേക്കും ഒരു പ്രത്യേക വര്‍ഗചിന്തയിലേക്കും വലിച്ചിഴക്കുകയാണുണ്ടായത്. രാഷ്ട്രീയമെന്നാല്‍, കക്ഷികള്‍ക്കിടയിലെ മത്സരമാണെന്നും ജാതിയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇനി വേണ്ടതെന്നുമുള്ള ചര്‍ച്ചകള്‍ സമൂഹത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലൊട്ടാകെയുള്ള വര്‍ഗരാഷ്ട്രീയത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അരാഷ്ട്രീയത വളര്‍ത്തിയത്. എന്നാല്‍ ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയ പ്രബുദ്ധതക്കു ഇവരെ ചെറുക്കാന്‍ കഴിയില്ലെന്ന വലിയ പ്രഖ്യാപനങ്ങള്‍ക്കും വാദങ്ങള്‍ക്കുമാണ് ഒടുവില്‍ ഈ വര്‍ത്തമാന കാലത്തും കേരളത്തിലെ ജനം തകര്‍പ്പന്‍ തിരിച്ചടി നല്‍കിയത്. ജനാധിപത്യത്തിലൂന്നിയ ശക്തമായ രാഷ്ട്രീയ ബോധം വരും തലമുറകളില്‍ വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഉയര്‍ന്ന മൂല്യബോധവും സഹജീവികളോട് കരുണയുമുള്ള ഒരു തലമുറയെ സംഭാവന ചെയ്യാന്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനു കഴിയില്ലെന്നും ഇനി വരും തലമുറയെ ഇവിടുത്തെ നല്ല രാഷ്ട്രീയക്കാര്‍ പറഞ്ഞും അനുഭവിപ്പിച്ചും പഠിപ്പിക്കേണ്ടതുണ്ട്.
രണ്ട് രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മില്‍ നടന്ന ബലപരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തവണ ഇടതുപക്ഷം അധികാരത്തിലേറിയത്. കോടികളുടെ അഴിമതി ആരോപണങ്ങള്‍കൊണ്ട് ജനങ്ങളുടെ രാഷ്ട്രീയ സങ്കല്‍പത്തില്‍ പ്രതിലോമകരമായ മാനം നല്‍കിയ ഭരണത്തെയാണ് തങ്ങള്‍ തൂത്തെറിഞ്ഞതെന്നാണ് ഇടതുപക്ഷം പറയുന്നത്. വര്‍ഗീയതയുടെയും മ്ലേച്ഛ രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിനുവേണ്ടി നിലകൊണ്ടവരെ നിലം പരിശാക്കിയെന്നും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സദാചാരത്തിന്റെയും അഴിമതി രഹിതമായ സംശുദ്ധ ജീവിതത്തിന്റെയും മാതൃകയായി ഇടതുപക്ഷം ഇനി നിങ്ങളെ അഭിമുഖീകരിക്കും. സാമൂഹിക വീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള മലയാളികള്‍ ഇടതുപക്ഷ രാഷ്ട്രീയ സദാചാരത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുമെന്നതിന് കാരണമാണ് ഇത്തവണ തങ്ങളെ തിരഞ്ഞെടുത്തതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
എന്തു കൊണ്ടാണ് ഇടതുപക്ഷത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിയുന്നതെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. അതിന് കാരണവും ഒറ്റവാക്കിലാണ് അവര്‍ വിവരിക്കാറുള്ളത്. വരാന്‍ പോകുന്ന കാലത്തിന്റെ അപായങ്ങളെ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കഴിയുമെന്ന് മറുപടി. പുതിയൊരു രാഷ്ട്രീയ വിശുദ്ധിക്കൊപ്പം മുന്നോട്ടുപോകാന്‍ കൊതിക്കുന്ന കേരളീയ സമൂഹത്തിന് ഇനി ആവശ്യം കരുത്തുറ്റ ഭരണമാണ്. അതിന് നിയമസഭയിലെ പഴയതും പുതിയതുമായ മുഖങ്ങള്‍ക്ക് കഴിയുമെന്നാണ് ജനങ്ങളുടെ വിശ്വാസം. ഏറെ പ്രതീക്ഷകളുമായി ഇടതു മന്ത്രിസഭ അധികാരത്തിലേറിയിട്ടുള്ളത്. കരുത്തനായ മുഖ്യമന്ത്രി, ഡോ ടി എം തോമസ് ഐസക്ക് എന്ന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രി, ജോസഫ് മുണ്ടശ്ശേരിക്കു ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജല്‍ വിദ്യാഭ്യാസ മന്ത്രിക്കസേരയിലെത്തിയ പ്രൊഫ. സി രവീന്ദ്രനാഥ്, കെ ടി ജലീല്‍, വി എസ് സുനില്‍ കുമാര്‍ തുടങ്ങിയ പുതുമന്ത്രിമാര്‍. മാത്യു ടി തോമസിനെയും ജി സുധാകരനെയും പോലുള്ള അഴിമതി വിരുദ്ധരുടെ സാന്നിധ്യം എന്നിവയെല്ലാം മന്ത്രിസഭയുടെ മാറ്റു കൂട്ടുന്നുണ്ട്. കോലാഹലങ്ങളും തര്‍ക്കങ്ങളും അവകാശവാദങ്ങളും സൗന്ദര്യപ്പിണക്കങ്ങളുമില്ലാതെ മന്ത്രസഭാ രൂപവത്കരണവും വകുപ്പു വിഭജനവും പൂര്‍ത്തിയാക്കാനായെന്നതും ആദ്യം തുടങ്ങിയ അതിരപ്പള്ളി തര്‍ക്കം രണ്ട് ദിവസത്തിനുള്ളില്‍ വലിയ ഒച്ചപ്പാടില്ലാതെ ചര്‍ച്ചകളിലേക്കു വഴി തിരിച്ചുവിടാനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി. അതൃപ്തി പുറത്തറിയിച്ച് വിഴുപ്പലക്കി ജനത്തെ മടുപ്പിക്കാന്‍ ഇവരൊരുങ്ങിയില്ലെന്നതു തന്നെയാണ് മന്ത്രിസഭയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കാര്യം. വലിയ വിവദമാകാനിടയുണ്ടായിരുന്ന വി എസിന്റെ ക്യാബിനറ്റു പദവി പോലും വിചാരിച്ചത്ര ബഹളമില്ലാതെയടക്കാന്‍ പിണറായി മന്ത്രിസഭക്ക് തുടക്കത്തില്‍ കഴിഞ്ഞു. ഇനി കാണേണ്ടതും അറിയേണ്ടതും പുതിയ നിയമസഭാ സാമാജികരുടെ പ്രവര്‍ത്തനങ്ങളാണ്. 14ാം നിയസഭയിലെ 140 ഇരിപ്പിടങ്ങളില്‍ നാലില്‍ ഒരുഭാഗം ഇത്തവണ കന്നി എം എല്‍ എമാര്‍ക്കായി ഒഴിച്ചിടേണ്ടിവന്നു. 37 കന്നി അംഗങ്ങളാണ് എം എല്‍ എമാരായി നിയമസഭയിലെത്തിയത്. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിന്റെ കോട്ട തകര്‍ത്ത് നിയമസഭയിലേക്ക് കടന്നു വന്ന സി പി എമ്മിന്റെ യുവ കരുത്ത് എം സ്വരാജ്, പട്ടാമ്പിയില്‍ സി പി മുഹമ്മദ് എന്ന യു ഡി എഫിന്റെ ജനകീയ നേതാവിനെ പരാജയപ്പെടുത്തിയ സി പി ഐയുടെ മുഹമ്മദ് മുഹ്‌സിന്‍, കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തനെ തോല്‍പ്പിച്ച അഡ്വ. ഐ ബി സതീഷ്, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ വിജയം നേടിയ പി വി അന്‍വര്‍, മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തിയ എല്‍ദോ എബ്രഹാം, ശ്രേയംസ്‌കുമാറിനെ കല്‍പ്പറ്റയില്‍ വീഴ്ത്തിയ സി കെ ശശീന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായരെ ആറന്മുളയില്‍ മലര്‍ത്തിയടിച്ച വീണാ ജോര്‍ജ് തുടങ്ങി പുതുമുഖ താരങ്ങളുടെ നീണ്ട നിരതന്നെയാണ് നിയമസഭയില്‍ കരുത്തുകാട്ടുക. ഏറ്റവും സാധാരണക്കാരായി ജീവിക്കുന്ന എല്‍ദോ എബ്രഹാമിനെയും ശശീന്ദ്രനെയും പോലുള്ളവര്‍ ഈ സഭയുടെ ജനകീയതക്ക് മാറ്റു കൂട്ടും. ഗൗരവമുള്ള ചര്‍ച്ചകള്‍കൊണ്ടും പഠനങ്ങള്‍കൊണ്ടും നിരീക്ഷണങ്ങള്‍കൊണ്ടും സ്വയം വിമര്‍ശനങ്ങള്‍കൊണ്ടും ഇനി ഈ യുവ സഭ സമ്പന്നമാകണം. രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന ആളുകള്‍ ഇവിടെ ഒട്ടേറെയുണ്ട്. നാട്ടിലെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സങ്കുചിത ചിന്തക്കാരുടെയും കൈകളിലേക്ക് ഭരണം വഴുതിപ്പോകാതിരിക്കാനും സഭയിലെ യുവ ശക്തി പ്രവര്‍ത്തിക്കണം.