വിശുദ്ധ റമസാനില്‍ വിവിധ പദ്ധതികളുമായി ആര്‍ ടി എ

Posted on: June 6, 2016 10:27 pm | Last updated: June 6, 2016 at 10:27 pm

janibദുബൈ: വിശുദ്ധ റമസാനോടനുബന്ധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആര്‍ ടി എയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ആര്‍ ടി എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മോസ അല്‍ മര്‍റി പറഞ്ഞു.
‘ബസ് അല്‍ ഖൈര്‍’ എന്ന പേരിലുള്ള ബസുകള്‍ വഴി എല്ലാ ദിവസവും മെട്രോകളിലും ബസുകളിലും നോമ്പുതുറക്കാനാവശ്യമായ 100 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. 3,000 പൊതികളാണ് റമസാനില്‍ ആകെ വിതരണം ചെയ്യുക. സായിദ് ഹ്യുമാനിറ്റേറിയന്‍ ഡേയുടെ ഭാഗമായി ദുബൈയിലെ 300 കുടുംബങ്ങള്‍ക്ക് റമസാന്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കും. ‘അപകട രഹിത റമസാന്‍’ എന്ന കാമ്പയിനിന്റെ ഭാഗമായി നോമ്പുതുറക്കാനായി വൈകുന്നേരങ്ങളില്‍ അമിത വേഗതയില്‍ താമസകേന്ദ്രങ്ങളിലേക്ക് പോകുന്ന വാഹന യാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കും.
കൂടാതെ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കും വിധി കര്‍ത്താക്കള്‍ക്കും അഥിതികള്‍ക്കും അവരവരുടെ താമസകേന്ദ്രങ്ങളില്‍ മത്സരം നടക്കുന്നിടത്തേക്ക് എത്തുന്നതിനായി രണ്ട് വി ഐ പി ബസുകള്‍ അനുവദിക്കും.
ആശയ വിനിമയബന്ധം ദൃഢീകരിക്കുന്നതിനായി ‘അല്‍ മുത്തഖ അര്‍റമസാനി’ എന്ന പേരില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ബോര്‍ഡ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ ആര്‍ ടി എ എക്‌സിക്യുട്ടീവുകളുമായി കൂടിക്കാഴ്ച നടത്തും.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആര്‍ ടി എയുടെ ജോലിക്കാര്‍ക്കായി റമസാന്‍ ടെന്റ് ഒരുക്കും. തൊഴിലാളികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാനായി റമസാന്‍ സ്‌പോര്‍ട്‌സ് ഇവന്റ് സംഘടിപ്പിക്കും. തറാവീഹ് നിസ്‌കാരത്തിന് ശേഷം ആര്‍ ടി എ ജോലിക്കാര്‍ ഒരുമിച്ചുകൂടും. ആര്‍ ടി എ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കാള്‍ സെന്റര്‍ ജോലിക്കാര്‍ക്കും ഇഫ്താര്‍ സംഘടിപ്പിക്കും.
പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലെ ഡ്രൈവര്‍മാര്‍ക്ക് നോമ്പു തുറക്കാനായി ബസ് സ്റ്റേഷനുകളില്‍ എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികള്‍ എത്തിക്കും. ട്രാന്‍സ്‌പോര്‍ട് ഏജന്‍സി എക്‌സിക്യുട്ടീവുകളുടെ സാന്നിധ്യത്തില്‍ റമസാന്‍ 10 മുതല്‍ 20 വരെ ബസ് ഡ്രൈവര്‍മാര്‍ക്ക് വിപുലമായ ഇഫ്താര്‍ സംഘടിപ്പിക്കും. നോമ്പുതുറ സമയത്ത് ഡ്യൂട്ടിയിലുള്ള പാര്‍കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിക്കും.
വിശുദ്ധ റമസാനില്‍ ഇതാദ്യമായി ആര്‍ ടി എ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് ‘വാക്ക് ഫോര്‍ ഗുഡ്’ എന്ന പേരില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെട്ട് പരിപാടി വിജയിപ്പിക്കാനാണ് ആര്‍ ടി എയുടെ ലക്ഷ്യം. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം വിപുലമായ ഇഫ്താറോടുകൂടി ജുമൈറ ബീച്ചില്‍നിന്നാണ് വാക്കത്തോണ്‍ ആരംഭിക്കുക.