യുവ എഴുത്തുകാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം: ശൈഖ് നഹ്‌യാന്‍

Posted on: June 6, 2016 9:57 pm | Last updated: June 6, 2016 at 9:57 pm
ദുബൈയില്‍ വിജ്ഞാനോദ്പാദന സമ്മേളനം യു എ ഇ  സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യുന്നു
ദുബൈയില്‍ വിജ്ഞാനോദ്പാദന സമ്മേളനം യു എ ഇ
സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: യുവ എഴുത്തുകാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും അവരുടെ സര്‍ഗവാസനകള്‍ക്കാവശ്യമായ പിന്തുണ നല്‍കണമെന്നും യു എ ഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പ്രസ്താവിച്ചു. മികച്ച രചനകള്‍ അവരില്‍നിന്നുണ്ടാകാന്‍ സമൂഹം പിന്തുണ നല്‍കണം. എഴുത്തിലൂടെ മാത്രമാണ് സജീവ സാംസ്‌കാരിക പ്രസ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ കഴിയൂവെന്നും ശൈഖ് നഹ്‌യാന്‍ വ്യക്തമാക്കി.
‘എഴുത്തുകാരുടെയും പ്രസാധകരുടെയും ഭാവി’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രാലയം ദുബൈയില്‍ സംഘടിപ്പിച്ച വിജ്ഞാനോദ്പാദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ് നഹ്‌യാന്‍. 2016നെ യു എ ഇ വായനാവര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ് അല്‍ മുര്‍, മോന അല്‍ ബഹര്‍, സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ ശബ്രി, അബ്ദുല്‍ ഗഫ്ഫാര്‍ ഹുസൈന്‍, നയതന്ത്ര കാര്യാലയ കേന്ദ്രം മുന്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഹസന്‍ തുടങ്ങി സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനും നിര്‍ദേശങ്ങള്‍ക്കമനുസൃതമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും രാജ്യത്തെ സാംസ്‌കാരിക വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ അഭിവൃദ്ധിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ശൈഖ് നഹ്‌യാന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ പുസ്തക പ്രസാധകര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത സെഷനില്‍ പ്രശസ്ത കവി ബെര്‍വീന്‍ ഹബീബ്, അറബ് റൈറ്റേഴ്‌സ് ജനറല്‍ യൂണിയന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹബീബ് അല്‍ സയേഗ്, എഴുത്തുകാരായ ജമാല്‍ അല്‍ ശേഹി, ഡോ. ലത്വീഫ അല്‍ നജ്ര്‍ സംസാരിച്ചു.
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സെഷനില്‍ എഴുത്തുകാരായ ഡോ. ഹമ്മാദ് അല്‍ ഹമ്മാദി, ഇമാന്‍ യൂസഫ്, യാസിര്‍ അല്‍ നെയാദി, ലുലൂഅ അല്‍ മന്‍സൂരി സംബന്ധിച്ചു.