ചൂടു കൂടിയെങ്കിലും എ സി വില്‍പ്പന തണുത്തുതന്നെ

Posted on: June 6, 2016 8:59 pm | Last updated: June 6, 2016 at 9:41 pm

ദോഹ: വേനല്‍ക്കാലം കടുത്തുവെങ്കിലും എ സി വില്‍പ്പനയില്‍ റെക്കോര്‍ഡ് താഴ്ച. സ്പ്ലിറ്റ് എ സിക്ക് 30 മുതല്‍ 40 വരെ ശതമാനം താഴ്ചയുണ്ടായതായി വില്‍പ്പനക്കാര്‍ പറയുന്നു. വിലയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത് ഏതാനും ബ്രാന്‍ഡുകളാണ്. വിന്‍ഡോ എ സികളുടെ വില്‍പ്പനയും താഴ്ന്നുതന്നെയാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ സ്പ്ലിറ്റ്, വിന്‍ഡോ എ സികള്‍ക്ക് വേനല്‍ക്കാലത്തിന് മുമ്പുതന്നെ വന്‍ വിലക്കിഴിവ് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ ഇളവുകളാണ് ഇപ്രവാശ്യമുള്ളത്. നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസങ്ങളിലായി ജോലി നഷ്ടപ്പെട്ടത് വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്ന് ഷോപ്പുടമകള്‍ പറയുന്നു. ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് വാങ്ങുന്ന റഫ്രിജറേറ്റര്‍, എ സി, വാഷിംഗ് മെഷീന്‍ മുതലയാവയുടെ വാറന്റിയാണ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നത്. വില കുറവായതിനാല്‍ വിന്‍ഡോ എ സി വില്‍പ്പന നടക്കുന്നുണ്ട്. ഒന്നര ടണ്‍ വിന്‍ഡോ എ സി ക്ക് 999 ഖത്വര്‍ റിയാല്‍ വരെ വിലക്ക് ലഭ്യമാണ്. ചെലവ് ചുരുക്കുന്ന ഉപഭോക്താക്കള്‍ വിന്‍ഡോ എ സിയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്പ്ലിറ്റ് എ സിയാണ് വെക്കുന്നത്. വിന്‍ഡോ എ സിയുടെ ശബ്ദം ഇല്ലാതിരിക്കാനാണ് ഇത്. അതേസമയം, എ സി സര്‍വീസ് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത മാസം ഒന്നുമുതല്‍ ഊര്‍ജക്ഷമതയില്ലാത്ത പഴയ തരം എ സികളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിക്കുന്നുണ്ടെങ്കിലും എ സികള്‍ക്ക് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാന്‍ പല കമ്പനികളും തയ്യാറായിട്ടില്ല.