Connect with us

Gulf

പൊതുജനാരോഗ്യ നയം ഈ മാസം പ്രഖ്യാപിക്കും

Published

|

Last Updated

ദോഹ: തൊഴില്‍ സ്ഥലത്തെ അപകടങ്ങളുടെ നിരക്ക് പ്രതിവര്‍ഷം മൂന്നു ശതമാനം വീതം കുറക്കുക ലക്ഷ്യം വെക്കുന്ന പഞ്ചവത്സര ദേശീയ പൊതുജാനാരോഗ്യ നയം ഈ മാസം പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഈ മാസം 19ന് പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. മെഡിക്കല്‍ കമ്മീഷനില്‍ നടന്ന ഒരു ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതല്‍ 2022വരെയുള്ള നയമാണ് പ്രഖ്യാപിക്കുന്നത്. അടുത്ത ആറു വര്‍ഷത്തില്‍ ഓരോ വര്‍ഷവും മൂന്നു ശതമാനം വീതം തൊഴില്‍ അപകടങ്ങള്‍ കുറച്ചുകൊണ്ടു വരികയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇതു സാധ്യമായത്. റോഡപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം 30 ശതമാനം കുറഞ്ഞു. ഈ വര്‍ഷത്തെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 30 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷമായി അപകടനിരക്ക് താഴ്ന്ന് ലോകത്ത് മികച്ച സുരക്ഷാ റിസല്‍ട്ട് പ്രകടിപ്പിക്കുന്ന രാജ്യമായി ഖത്വര്‍ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയേക്കാള്‍ മികച്ച നിലവാരത്തിലാണിപ്പോള്‍ ഖത്വര്‍. ഒന്നര വര്‍ഷത്തിനകം മൂന്നു ആശുപത്രികള്‍ തുറക്കാനാകും. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം അശ്ഗാലിനയും മറ്റു കരാര്‍ കമ്പനികളെയും ആശ്രയിച്ചാണിരിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നു ആശുപത്രികള്‍ തുറക്കാന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത്. രാജ്യത്തിന്റെ മൂന്നു വ്യത്യസ്ത പ്രദേശങ്ങളില്‍ നിലവില്‍ വരുന്ന ആശുപത്രികള്‍ വരുന്നതോടെ രാജ്യത്തെവിടെ നിന്നും 20 മിനുട്ടു കൊണ്ട് എത്താവുന്ന ദൂരത്തില്‍ ആശുപത്രികള്‍ എന്ന ആശയം പ്രാബല്യത്തിലാകും. ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ മധ്യാഹ്ന വിശ്രമനിയമം ശക്തമായി നടപ്പിലാക്കപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പുലര്‍ത്തി. ജോലിക്കാര്‍ അഞ്ചു മണിക്കൂറിലധികം സമയം ഈ കാലത്ത് പുറത്തു ജോലി ചെയ്യാന്‍ പാടില്ല. കമ്പനികള്‍ തൊഴിലാളികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റ് വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കാര്യക്ഷമത ഉറപ്പു വരുത്താനായി തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest