തിരിച്ചെടുക്കല്‍ നയം മാറ്റി, കമ്മീഷന്‍ കൂട്ടി; ഫ്ളിപ്പ്കാര്‍ട്ടിൽ ഉത്പന്നങ്ങള്‍ക്ക് വില കൂടും

Posted on: June 6, 2016 8:16 pm | Last updated: June 6, 2016 at 8:16 pm

flipkartന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ളിപ്പ്കാര്‍ട്ട് തങ്ങളുടെ തിരിച്ചെടുക്കല്‍ നയത്തില്‍ മാറ്റം വരുത്തി. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഉത്പന്നങ്ങള്‍ 30 ദിവസത്തിനുള്ളില്‍ തിരിച്ചെടുക്കുമെന്നത് പത്ത് ദിവസമായി ചുരുക്കിയാണ് നയംമാറ്റം. ഫ്ളിപ്പ്കാര്‍ട്ട് വഴി വിപണനം നടത്തുന്ന ഭൂരിഭാഗം ഉത്പന്നങ്ങളക്കും ഈ നയം ബാധകമാണ്. അതേസമയം, വസ്ത്രം, ചെരുപ്പ്, വാച്ച്, കണ്ണടകള്‍, ജ്വല്ലറി, ഫാഷന്‍ ഉത്പന്നങ്ങള്‍, വലിയ ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ തിരിച്ചെടുക്കല്‍ കാലാവധി 30 ദിവസമായി തുടരും. ജൂലൈ മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.

ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുന്നത് വഴി കച്ചവടക്കാര്‍ക്കുള്ള അധികഭാരം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നയംമാറ്റം. തിരിച്ചയക്കുന്ന ഉത്പന്നങ്ങളുടെ മടക്കത്തപാല്‍ ചെലവ് കച്ചവടക്കാരാണ് വഹിക്കേണ്ടത്. ഇതുവഴി അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

കച്ചവടക്കാരില്‍ നിന്ന് ഈടാക്കുന്ന കമ്മീഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിൽ ഉത്പന്നങ്ങളുടെ വില ഒന്‍പത് ശതമാനം വരെ വര്‍ധിക്കുമെന്ന് ഓണ്‍ലൈന്‍ വിപണി വൃത്തങ്ങള്‍ പറയുന്നു. ഫ്ളിപ്പ്കാര്‍ട്ടിന്റെ മുഖ്യ എതിരാളികളായ ആമസോണും നേരത്തെ കമ്മീഷന്‍ വര്‍ധിപ്പിച്ചിരുന്നു.