ലോകകപ്പിന് വിയര്‍പ്പൊഴുക്കുന്ന നേപ്പാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഖത്വറിന്റെ സമ്മാനം

Posted on: June 6, 2016 8:05 pm | Last updated: June 6, 2016 at 8:05 pm
SHARE

Thumbദോഹ: 2022ലെ ഫിഫ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) നേപ്പാളില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിച്ചു. നേപ്പാളിലെ ഭണ്ഡാര്‍ധിക് ഗ്രാമത്തില്‍ നിര്‍മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ നേപ്പാള്‍ വൈസ് പ്രസിഡന്റ് നന്ദ ബഹദൂര്‍ പുനിന്റെ കൂടെ എസ് സി അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതിറും പങ്കെടുത്തു. ഈ വര്‍ഷം നേപ്പാളില്‍ ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടാണ് ഇത്. നാലാമതൊരെണ്ണം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഖത്വറില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്കും മറ്റ് വികസന പദ്ധതികളിലും വിയര്‍പ്പൊഴുക്കുന്ന അഞ്ച് ലക്ഷം നേപ്പാള്‍ പൗരന്മാര്‍ക്കുള്ള ചെറിയൊരു സമ്മാനമാണ് ഇതെന്ന് അല്‍ ഖാതിര്‍ പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ പ്രധാന ഭാഗമാണ് അവര്‍. മനുഷ്യരെ ഒന്നിപ്പിക്കാനും സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനും ഫുട്‌ബോളിന് ശക്തിയുണ്ട്. അതിന്റെ ജീവിക്കുന്ന തെളിവാണ് ഇന്നത്തേത്. എ സിയുടെ ജനറേഷന്‍ അമേസിംഗ് പ്രോഗ്രാമിലൂടെ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 12 ഗ്രൗണ്ടുകള്‍ നേപ്പാളില്‍ യാഥാര്‍ഥ്യമാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതാശരായ ഭണ്ഡാര്‍ധികിലെ ഗ്രാമത്തില്‍ സന്തോഷം കടന്നുവന്ന ദിവസം കൂടിയായി ഇന്നലെ. നേപ്പാളിന്റെ മുന്‍ ഗോള്‍കീപ്പര്‍ ഉപേന്ദ്ര മാന്‍ സിംഗും പരിപാടിയില്‍ പങ്കെടുത്തു. ഗ്രാമീണരുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും നടന്നു. 2014ല്‍ ജനറേഷന്‍ അമേസിംഗ് യൂത്ത് അംബാസഡറായി ജീവിതം മാറിമറിഞ്ഞ നേപ്പാള്‍ സ്വദേശിനി പതിനെട്ടുകാരിയായ രക്ഷ്യ പണ്ഡിറ്റും പരിപാടിയില്‍ സംബന്ധിച്ചു. രക്ഷ്യയുടെ കൂടെയുള്ള യൂത്ത് അംബാസഡര്‍മാരായ സുദര്‍ശന്‍ ശ്രേഷ്ഠ, മുന പംഗാലി, ദീപേഷ് ഖഡ്ക, കരുണ ശ്യാഗ്തന്‍, സുമന്‍ കിംഗ്രിംഗ് തുടങ്ങിയവരും പങ്കെടുത്തു. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ ഭാഗമായി ജനറേഷന്‍ അമേസിംഗ് പദ്ധതിയുടെ അംബാസഡറായി ബ്രസിലീലേക്ക് രക്ഷ്യക്ക് പോകാന്‍ സാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here