Connect with us

Gulf

ടൂറിസ്റ്റ്, ബിസിനസ് വിസ രീതികളില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കും

Published

|

Last Updated

ദോഹ: ഇന്ത്യയും ഖത്വറും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ഖത്വര്‍ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതവും സൗകര്യപ്രദവുമാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു. ടൂറിസ്റ്റ് വിസയും ബിസിനസ് വിസയുമാണ് ഇപ്പോള്‍ നിലവിലുള്ളത്. വിസക്ക് കൂടുതല്‍ കാലയളവ് ലഭിക്കുന്നതും ഒന്നിലധികം തവണ എന്‍ട്രി സാധ്യാമാകുന്നതുമായ രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ ഇത് വൈകാതെ ഖത്വര്‍ ഗവണ്‍മെന്റാണ് പ്രഖ്യാപിക്കുകയെന്നും വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഖത്വറും ടൂറിസം രംഗത്ത് സഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ ചര്‍ച്ചകളുടെ ഭാഗമായാണ് വിസ നടപടികളില്‍ മാറ്റം വരുത്തുന്നത്. രാജ്യത്ത് എല്ലാ രാജ്യക്കാര്‍ക്കും ഒരുപോലെയുള്ള വിസ രീതികളാണല്ലോ നിലനില്‍ക്കുന്നത് എന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടന്നുവെന്നും വിസ രീതികള്‍ ലഘൂകരിക്കുന്ന തീരുമാനം ഖത്വര്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.
രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഖത്വര്‍ ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കരാറില്‍ തന്നെയുള്ള പ്രശ്‌നങ്ങളാണ് കുഴപ്പം. എങ്കിലും തൊഴിലാളിക്ഷേമം, ജീവിത സാഹചര്യം എന്നിവ ഖത്വര്‍ ഗവണ്‍മെന്റിനെ ഉണര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest