Connect with us

Gulf

സെല്‍ഫി കാലത്തെ പ്രധാനമന്ത്രി ചിത്രമെടുക്കാനായി ചുറ്റിക്കറങ്ങി

Published

|

Last Updated

നരേന്ദ്ര മോദി സാമൂഹിക പ്രതിനിധികള്‍ക്കൊപ്പം

ദോഹ: ദോഹ ഷെറാട്ടന്‍ ഹോട്ടലിലെ ദഫ്‌ന ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു റൗണ്ട് കറങ്ങി. ഹാളില്‍ രണ്ടു നിരകളിലായി പ്രത്യേകം തയാറാക്കിയ ഫോട്ടോ സ്റ്റാന്‍ഡുകളില്‍ നിരന്നു നിന്നവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനായിരുന്നു നടത്തം. രണ്ടു തട്ടുകളുള്ള മുപ്പതോളം സ്റ്റാന്‍ഡുകളാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ നേതൃത്തില്‍ ഹാളില്‍ സജ്ജമാക്കിയിരുന്നത്. ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലുള്ള സ്റ്റാന്‍ഡില്‍ മൂന്നുനിരകളായി നില്‍ക്കാന്‍ നേരത്തേ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വേദിക്കു മുന്നില്‍ കൂടി നിന്ന ആളുകള്‍ പ്രസംഗം തീര്‍ന്നയുടന്‍ നിര്‍ദേശം പാലിച്ച് സ്റ്റാന്‍ുഡകളില്‍ നില്‍പ്പുറപ്പിച്ചു. 20 മുതല്‍ 30 വരെ പേര്‍ ഓരോ സ്റ്റാന്‍ഡിലും ഫോട്ടോ സെഷനായി റെഡിയായി നിന്നു. ഹോളിലെ വലതു ഭാഗത്തു നിന്നും തുടങ്ങി ഓരോ സ്്റ്റാന്‍കളിലും കൂടി നിന്നവരുടെ നടുവിലെത്തി പ്രധാനമന്ത്രി ഫോട്ടോക്കു പോസ് ചെയ്യുകയായിരുന്നു. അടുത്തുവരുമ്പോള്‍ കൈ പിടിക്കാനം കാല്‍തൊട്ടു വണങ്ങാനും പലരും സന്നദ്ധമായെങ്കിലും മോദി വിലക്കി. അതിവേഗത്തില്‍ നടന്നാണ് ഓരോ സംഘത്തിനടുത്തും പ്രധാനമന്ത്രി എത്തിയത്. ഔദ്യോഗിക ഫോട്ടോഗ്രാഫര്‍മാരാണ് ചിത്രം പകര്‍ത്തിയത്. ഏറെ വൈകാതെ മോദി തന്നെ തന്റെ ട്വിറ്റര്‍ പേജില്‍ ഏതാനം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പി ടി ഐ, പി ഐ ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.