കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ജനം; 36,000 കോടിയുടെ ലാഭം നിരത്തി മോദി

Posted on: June 6, 2016 6:24 pm | Last updated: June 7, 2016 at 8:02 pm

MODIദോഹ: സര്‍ക്കാര്‍ പദ്ധതികളിലെ മോഷണവും ചോര്‍ച്ചയും തടഞ്ഞതിലൂടെ വര്‍ഷം രാജ്യത്തിന് 36,000 കോടി രൂപ സംരക്ഷിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഖത്വര്‍ സന്ദര്‍ശനത്തിനിടെ രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഷെറാട്ടന്‍ ഹോട്ടിലിലെ ദഫ്‌ന ഹാളില്‍ ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികള്‍ക്കു മുമ്പിലായിരുന്നു മോദിയുടെ ആവേശമുണ്ടാക്കുന്ന പ്രസംഗം. പ്രസംഗത്തിനിടെ കയ്യടിച്ചും മോദിക്കു ജയ് വിളിച്ചും സദസ്യരില്‍ ഒരു വിഭാഗം പ്രോത്സാഹിപ്പിച്ചു. നാലു മണിയോടെ തന്നെ ഹാളിലെത്തിയ ഇന്ത്യക്കാര്‍ മോദിക്കു വേണ്ടി കാത്തു നിന്നു. മാധ്യമ ക്യാമറകള്‍ എത്തിയതോടെ സദസ്യരില്‍ ഒരുവിഭാഗം മോദിക്ക് മുദ്രാവക്യം വിളിച്ചു. 4.40ന് മോദി വേദിയിലെത്തിയ ഉടന്‍ തയാറായി നിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും ഖത്വറിന്റെയും ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് അംബാസിഡര്‍ സഞ്ജീവ് അറോറ സ്വാഗതം പറഞ്ഞു. 4.45നാണ് മോദി ഹിന്ദിയിലുള്ള തന്റെ പ്രസംഗം ആരംഭിച്ചത്.
പലരുടെയും മിഠായി നിര്‍ത്തലാക്കിയതിലൂടെ തനിക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍, അത് നേരിടാനുള്ള കരുത്ത് ലഭിച്ചത് 125 കോടി ഇന്ത്യക്കാരുടെ സ്‌നേഹത്തിലൂടെയാണ്. സര്‍ക്കാറിന്റെ നടപടികളെക്കുറിച്ചുള്ള വിമര്‍ശനത്തെ മിഠായി നിരസിക്കുമ്പോള്‍ കുട്ടികള്‍ അമ്മയോട് കോപിക്കുന്നതിനോടാണ് പ്രധാനമന്ത്രി ഉപമിച്ചത്. 1.62 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താനായി. ഇതിലൂടെ ഗോതമ്പ്, അരി, മണ്ണെണ്ണ, എല്‍ പി ജി തുടങ്ങിയവക്ക് നല്‍കിയിരുന്ന കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി ലാഭിക്കാനായി. ആധാറിനെ സ്‌കൂള്‍ എന്റോള്‍മെന്റുമായി ബന്ധിപ്പിച്ചതു വഴി ഹരിയാനയില്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നിരുന്ന വന്‍ അഴിമതി തടയാനായി. അതിലൂടെ കോടികളാണ് ലാഭിച്ചത്. അഴിമതി രാജ്യത്തെ ചിതല്‍ പോലെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് ലോകത്താകെ ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെട്ടതായി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയെ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നത്. മറ്റുള്ളവരുടെ ഇന്ത്യക്കാരോടുള്ള പെരുമാറ്റത്തില്‍ വന്ന മാറ്റം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
രണ്ടു വര്‍ഷം തുടര്‍ച്ചയായി വരള്‍ച്ച നേരിട്ടിട്ടും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.9 ശതമാനം ജി ഡി പി കൈവരിക്കാന്‍ രാജ്യത്തിനു സാധിച്ചു. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും ആഗോള തലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണെന്ന് എല്ലാ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ലോകബേങ്കും ഐ എം എഫും ഒരു പോലെ അംഗീകരിച്ചതായും മോദി അവകാശപ്പെട്ടു.
ഇന്ത്യ ഖത്വര്‍ ബന്ധം വളരുകയാണെന്നും ഇവിടെ കുടിയേറിയിട്ടുള്ള ഇന്ത്യക്കാര്‍ അതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ വിരമിച്ച സൈനികര്‍ക്കുള്ള പദ്ധതിയായ വണ്‍ റാങ്ക് വണ്‍ പെന്‍ഷനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുകയായിരുന്നു ഇത്. ഇതു കൊണ്ടുള്ള സാമ്പത്തിക ബാധ്യത വലുതാണെങ്കിലും രാജ്യത്തിന് സൈനികര്‍ നല്‍കുന്ന സേവനം പരിഗണിക്കുമ്പോള്‍ അത് ചെറുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി, ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, ബിര്‍ള സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ഐ ബി പി എം പ്രസിഡന്റ് കെ എം വര്‍ഗീസ്, വ്യവസായി സുന്ദര്‍മേനോന്‍, റീജന്‍സി ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ അശ്‌റഫ് ചിറക്കല്‍ തുടങ്ങി ഖത്വറിലെ വ്യവസായ, സാമൂഹിക രംഗത്തുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു.