Connect with us

Kozhikode

തിരഞ്ഞെടുപ്പ് തിരിച്ചടി: ജനതാദള്‍ യു ജില്ലാ ഘടകത്തില്‍ പോര് തുടരുന്നു

Published

|

Last Updated

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു വിന് നേരിട്ട കനത്ത തോല്‍വിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോര് തുടരുന്നു. ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയുടെ ഉത്തരവാദിത്വം കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ മാറ്റിയെങ്കിലും ജില്ലയിലെ പാര്‍ട്ടിയില്‍ കലാപം തീരുന്നില്ല. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഒരാള്‍ക്ക് മേല്‍ മാത്രമായി കണ്ട് പാര്‍ട്ടി മുഖം രക്ഷിക്കനാന്‍ ശ്രമിക്കുകയാണെന്ന് മനയത്ത് ചന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
യു ഡി എഫ് വിട്ടിരുന്നെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരില്ലന്നായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന നേതൃ യോഗം വിലയിരുത്തിയത്. ഇതേ യോഗത്തിലാണ് മനയത്ത് ചന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനമായതും. എന്നാല്‍ തന്നെ നീക്കിയ നടപടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് മനയത്ത് ചന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന് കത്ത് നല്‍കിയതോടെ പാര്‍ട്ടിയിലെ പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ മനയത്ത് ചന്ദ്രനും കെ പി മോഹനനുമാണ് കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മനയത്ത് ചന്ദ്രനെ മാത്രം ബലിയാടാക്കുന്ന നയമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്ക് കനത്ത് തിരിച്ചടി നേരിട്ടുണ്ട്. മന്ത്രിയടക്കം സിറ്റിഗ് എം എല്‍ എമാരില്‍ രണ്ട് പേരും തോറ്റു. മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെടുകയുണ്ടായി. തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കുമേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നാണ് മനയത്ത് ചന്ദ്രന്‍ കത്തില്‍ പറയുന്നത്. പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായ സാഹചര്യങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തുന്നുമുണ്ട്. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ന്യൂനപക്ഷ വോട്ടുകള്‍ ചോരാന്‍ ഇടയായെന്നും വടകരയില്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാത്ത തന്നെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.
അതേസമയം മനയത്ത് ചന്ദ്രന്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം തന്നെയാണ് ജില്ലയിലെ വലിയൊരു വിഭാഗത്തിനുള്ളത്. ഇത് പാര്‍ട്ടിയുടെ രീതിയാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് പ്രേംനാഥ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരാളെ നീക്കുന്നതില്‍ അസ്വാഭികത ഇല്ലെന്ന് നിലവില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന വി. കുഞ്ഞാലി പറഞ്ഞു. പരാതി പറയാന്‍ വേണ്ടി ഇതൊരു കാരണമാക്കാമെന്നല്ലാതെ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന തലത്തിലുണ്ടാകുന്ന നേതൃമാറ്റത്തിന്റെ ഭാഗമായാണ് മനയത്ത് ചന്ദ്രനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതെന്നും വരും ദിവസങ്ങളില്‍ മുഴുവന്‍ ജില്ലാ നേതൃത്വത്തിലും മാറ്റം വരുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് അറിയിച്ചു. . അതേസമയം പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ലക്ഷ്യമിടുന്ന മുന്നണി മാറ്റം കൂടി മനസില്‍ കണ്ടാണ് മനയത്തിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതെന്നും ഒരു വിഭാഗം പറയുന്നു. മുന്നണി മാറ്റത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന സന്ദേശമാണ് സംസ്ഥാന പ്രസിഡന്റ് നല്‍കുന്നതെന്നും ഈ വിഭാഗം കരുതുന്നു. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലാ കൗണ്‍സിലും യു ഡി എഫില്‍ നിന്ന് വിടണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന നേതാക്കളിലും പലര്‍ക്കും ഇതെ അഭിപ്രായമായിരുന്നു.. യുഡിഎഫില്‍ നീതി ലഭിക്കുന്നില്ലെന്ന് ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി നിരന്തരം പരാതി പറയുന്നുമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കാലുവാരിയെന്നാണ് കോഴിക്കോട്ട് നടന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം വിലയിരുത്തിയത്. നേമത്തും വടകരയിലും യു ഡി എഫ് വോട്ട് മുഴുവനായും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നേമത്ത് ബി ജെ പി സ്ഥാനാര്‍ഥിഒ രാജഗോപാല്‍ ജയിച്ചത് യു ഡി എഫിലെ ഒരു വിഭാഗത്തിന്റെ കൂടി വോട്ട് ലഭിച്ചത് കാരണമാണെന്ന് അവര്‍ സമര്‍തഥിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ കാലു വാരിയിട്ടുണ്ടെന്ന് യു ഡി എഫ് വിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest