പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു; ആദിവാസി ഭൂമി അന്യാധീനപ്പെടുന്നു

Posted on: June 6, 2016 11:50 am | Last updated: June 6, 2016 at 11:50 am

#സി വി സാജു

കണ്ണൂര്‍:ആദിവാസികള്‍ക്ക് ഭൂമി നല്‍കാനായി വയനാട്ടിലും കണ്ണൂരിലും ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള വടക്കന്‍ ജില്ലകളിലാണ് അധികൃതരുടെ പിടിപ്പ്‌കേട് മൂലം ആദിവാസികളുടെ ഭൂപ്രശ്‌നത്തിന് ഇപ്പോഴും പരിഹാരം കാണാനാകാത്തത്. ആദിവാസികള്‍ക്കായി കണ്ണൂരും വയനാടുമുള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റെടുത്ത ഏക്കറ് കണക്കിന് ഭൂമി താമസക്കാരോ മേല്‍നോട്ടക്കാരോ ഇല്ലാതെ നശിക്കുന്നു. കണ്ണൂരും വയനാടുമായി കാല്‍ ലക്ഷത്തോളം പൂര്‍ണ ഭൂരഹിതരുള്ളപ്പോഴാണ് ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി പാഴാകുന്നത്. അണു കുടുംബങ്ങളായി മാറുന്ന സാഹചര്യത്തില്‍ ഭൂമി ആവശ്യമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം കൂടിയതായും വിലയിരുത്തുന്നുണ്ട്. കാട്ടിനുള്ളിലും കാടിനു പുറത്തുമായി കഴിയുന്ന ഭൂരഹിതരായ ആദിവാസികള്‍ കാലവര്‍ഷം വരുന്നതോടെ കടുത്ത ദുരിതം പേറേണ്ട അവസ്ഥയിലാണിപ്പോള്‍.

ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ വയനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും അതും നടപ്പിലായിരുന്നില്ല. കണ്ണൂരില്‍ ആലക്കോട് എസ്റ്റേറ്റിലാണ് ആദിവാസി ഭൂവിതരണം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടത്. ആലക്കോട്ട് 1048 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കാനായി ഏറ്റെടുത്തിരുന്നത്. എസ്റ്റേറ്റിലെ കരാമരംതട്ട്, അപ്പര്‍ചീക്കാട്, ലോവര്‍ ചീക്കാട്, മധുവനം തുടങ്ങിയ ഭാഗങ്ങളിലായി 304 ഏക്കര്‍ മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ ഭൂമി പതിച്ച് നല്‍കിയ ഏക്കര്‍ കണക്കിന് സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് ഇപ്പോഴും താമസിക്കാനുള്ള സംവിധാനമൊരുക്കിയിട്ടില്ല. നൂറില്‍ താഴെ മാത്രം പേരാണ് ഇവിടെ താമസിക്കുന്നത്. പതിച്ച് നല്‍കപ്പെട്ട ഭൂമി താമസയോഗ്യമല്ലെന്ന് കാണിച്ച് ഭൂമി ലഭിച്ചവര്‍ അധികാരികള്‍ക്ക് മുന്നില്‍ പലതവണയെത്തിയെങ്കിലും ഇതിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

ആദിവാസികള്‍ക്കായി മാറ്റിവെച്ച ഭൂമിയിലെ ഏക്കര്‍കണക്കിന് റബ്ബര്‍മരങ്ങളും മരുന്ന് തളിയും കൃഷിപ്പണികളും നടക്കാത്തത് മൂലം ക്വിന്റല്‍ കണക്കിന് അടക്ക ലഭിക്കുന്ന കവുങ്ങ് തോട്ടങ്ങളും പൂര്‍ണമായും നാശം നേരിടുകയാണ്. ആറളത്ത് നല്‍കിയ ഭൂമിയിലും നിരവധിയിടങ്ങളില്‍ താമസക്കാരോ മേല്‍നോട്ടക്കാരോ ഇല്ലാത്തതും ഭൂമി അന്യാധീനപ്പെടാനിടയാക്കിയിട്ടുണ്ട്. കശുമാവിന്‍ തോട്ടങ്ങള്‍ കൂടുതലായുള്ള പത്ത്, 12 ബ്ലോക്കുകള്‍ ലഭിച്ച ആദിവാസികള്‍ കശുവണ്ടി സീസണില്‍ മാത്രമാണ് ഇവിടെയെത്താറുള്ളത്. 2007 സെപ്തംബര്‍ 23ന് ആറളത്ത് 1717 ഏക്കര്‍ ഭൂമി വിതരണം ചെയ്തുകൊണ്ട് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവനാളുകള്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുടിവെള്ളം, വൈദ്യുതി, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ് തുടങ്ങിയ പ്രഖ്യാപനങ്ങളും അന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല.

വയനാട്ടിലെ പൂക്കോട്, സുഗന്ധഗിരി, പ്രിയദര്‍ശിനി തുടങ്ങിയഎസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ നടപടിയെടുത്തിരുന്നെങ്കിലും ഇതൊന്നും കാര്യക്ഷമമായില്ല. വയനാട്ടിലെ പൂക്കോട് സുഗന്ധഗിരി എസ്‌റ്റേറ്റുകളില്‍ അഞ്ചേക്കര്‍ വീതം ആദിവാസികള്‍ക്കു പതിച്ചുനല്‍കിയിരുന്നു. ഇവിടെ ആദിവാസികള്‍ക്കു വേണ്ട പ്രാഥമിക സൗകര്യങ്ങളും പുനരധിവാസവും സര്‍ക്കാര്‍ കാര്യക്ഷമമായില്ല. അടിമപ്പണി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ദിര ഗാന്ധിയുടെ കാലത്തു രൂപം നല്‍കിയ പദ്ധതിയുടെ ഭാഗമായാണു വയനാട്ടിലെ പ്രോജക്ടുകള്‍ പലതും നടപ്പാക്കിയത്. അഞ്ചേക്കര്‍ ഭൂമിക്ക് ആദിവാസികള്‍ക്കു പട്ടയം നല്‍കി സുഗന്ധഗിരിയില്‍ ഏലത്തോട്ടവും പൂക്കോട് ഡയറി ഫാമും പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ തേയിലത്തോട്ടവുമാണു സ്ഥാപിച്ചത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഉടമകള്‍ക്കു ഭൂമി തിരിച്ചുനല്‍കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ അതൊന്നും ശരിയായ രീതിയില്‍ നടപ്പായില്ല. വയനാട്ടിലെ 24 പഞ്ചായത്തുകളില്‍പ്പെട്ട പണിയ, അടിയ, കാട്ടുനായ്ക്ക, തേന്‍ കുറുമ തുടങ്ങിയ വിഭാഗങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് ഇവിടെ ഭൂമി നല്‍കേണ്ടിയിരുന്നത്. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന നാലായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്കും വനാവകാശ പ്രകാരം കാട്ടിനുള്ളില്‍ സ്ഥലം പതിച്ച് നല്‍കുന്നതിനുള്ള പദ്ധതിയും ഇതുവരെയായും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. 1500 കുടുംബങ്ങള്‍ക്ക് മാത്രമാണ് വയനാട്ടില്‍ വനാവകാശ പ്രകാരം ഭൂമി പതിച്ച് നല്‍കിയത്. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുത്തു കൊടുക്കാനായി തയ്യാറാക്കിയ നയപരിപാടിയും ഇവിടെ നടപ്പിലായിട്ടില്ല. വയനാട് മേഖലയില്‍ മാത്രമായി 7000ഏക്കറിലധികം ഭൂമി തിരിച്ചെടുത്ത് നല്‍കാത്തതിനാല്‍ അന്യാധീനപ്പെട്ട് പോയിട്ടുണ്ട്. 2001ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപെട്ട് വിവിധ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.