മര്‍കസിന്റെ തണലില്‍ പത്ത് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങളായി

Posted on: June 6, 2016 9:00 am | Last updated: June 6, 2016 at 11:43 am
SHARE

markazമുക്കം: വയനാടിന്റെ പ്രാന്ത പ്രദേശത്തെ പാടിയില്‍ കൊടും തണുപ്പിലും മഴക്കാലത്തും ദുരിതങ്ങള്‍ സഹിച്ച് ജീവിതം തള്ളിനീക്കിയ റഷീദക്കും മൂന്ന് മക്കള്‍ക്കും ഇന്നലെ പെരുന്നാളാഘോഷത്തിന്റെ പ്രതീതിയായിരുന്നു. സ്വപ്‌നത്തില്‍ താലോലിച്ച ഭവനത്തില്‍ കേരളത്തിലെ ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കയറിക്കൂടിയതിന്റെ സന്തോഷ നിമിഷങ്ങളിലായിരുന്നു ഈ നിര്‍ധന കുടുംബം. ഭര്‍ത്താവിന്റെ ആകസ്മിക മരണം മൂലം ഒറ്റപ്പെട്ടു പോയ ഈ കുടുംബത്തിന് വീട് ലഭിച്ചതിനൊപ്പം താത്തൂരിന്റെ ആത്മീയ മണ്ണിലെത്താന്‍ സാധിച്ചതും വലിയ അനുഗ്രഹമായി. പ്രകൃതിക്ഷോഭത്തിലും ആകസ്മികമായി വന്നു പെട്ട ദുരന്തത്തിലും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്കാണ് ഇന്നലെ മര്‍കസ് ഡ്രീം വാലി പദ്ധതിയിലൂടെ ഗൃഹപ്രവേശമൊരുക്കിയത്. കോഴിക്കോട് ജില്ലയിലെ താത്തൂര്‍ ശുഹദാ മഖാം മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ മര്‍കസ് നിര്‍മിച്ച പത്ത് സ്‌നേഹ ഭവനങ്ങളാണ് ഇന്നലെ കിടപ്പാടമില്ലാത്ത കുടുംബങ്ങള്‍ക്ക് സമര്‍പ്പിച്ചത്. പുല്ലൂരാംപാറ ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും ഒലിച്ചുപോയതിനെത്തുടര്‍ന്ന് നിസ്സഹായാവസ്ഥയിലായ അബ്ദുല്‍ ഹമീദിന്റെ കുടുംബവും അന്ധയായ തിരുവണ്ണൂരിലെ സയ്യിദത്ത് റഹ്മയും കുടുംബവുമടക്കമുള്ളവര്‍ക്കാണ് സ്വസ്ഥമായി കിടന്നുറങ്ങാനൊരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കിയത്.

താത്തൂര്‍ ശുഹദാ മഖാം മസ്ജിദ് പരിപാലന കമ്മിറ്റി നല്‍കിയ ഒരേക്കര്‍ 16 സെന്റ് സ്ഥലത്താണ് അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് വീടുകള്‍ നിര്‍മിച്ചത്. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയില്‍ രാജ്യത്താകമാനം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മര്‍കസിന്റെ പുതിയ ഭവന പദ്ധതിയാണ് ഡ്രീം വാലി. രണ്ട് ബെഡ് റൂം, ഡൈനിംഗ് ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവയടങ്ങിയതാണ് വീടുകള്‍. ഈ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവുകള്‍ തുടര്‍ന്നും മര്‍കസ് ഏറ്റെടുക്കും. താത്തൂര്‍ ശുഹദാ നഗറില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, പി വി അന്‍വര്‍ എം എല്‍ എ എന്നിവര്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. സമസ്ത താലൂക്ക് പ്രസിഡന്റ് എം അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ പ്രാര്‍ഥന നടത്തി. പൊതുസമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രന്‍, എം എല്‍ എ മാരായ പി ടി എ റഹീം, ജോര്‍ജ് എം തോമസ്, വി കെ സി മുഹമ്മദ് കോയ, പി വി അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റിലീഫ് കിറ്റ് വിതരണം, വീടുകള്‍ ഡിസൈന്‍ ചെയ്ത എന്‍ജിനീയര്‍ ശംസുദ്ദീന്‍, വിവിധ തലങ്ങളില്‍ സേവനങ്ങള്‍ ചെയ്തവര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സ്വാഗതവും അബ്ദുസത്താര്‍ സഖാഫി താത്തൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here