ചെങ്ങന്നൂര്‍ കൊലപാതകം: പ്രതി ഷെറിന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

Posted on: June 6, 2016 12:30 am | Last updated: June 6, 2016 at 10:54 am

chengannur murderമാന്നാര്‍: അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലത്ത് ഉഴത്തില്‍ ജോയി പി ജോണിന്റെ കൊലപാതക കേസിലെ പ്രതി ഷെറിന്‍ ഇന്നലെ നടന്ന തെളിവെടുപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. കെലാലപാതകം നടത്താനുപയോഗിച്ച തോക്കും തുടര്‍ന്ന് മൃതശരീരം വെട്ടിമുറിക്കാനുപയോഗിച്ച ആയുധങ്ങളുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടോടെ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടത്തിലാണ് തെളിവെടുപ്പ് നടന്നത്.

തെളിവെടുപ്പില്‍ കൊലക്കുപയോഗിച്ച തോക്കും മൃതദേഹം വെട്ടിമുറിക്കാനായി ഉപയോഗിച്ച കത്തി, തൂമ്പ എന്നിവയും പോലീസ് കെട്ടിടത്തിലുള്ള സ്‌റ്റോര്‍ റൂമില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഷെറിന്റെ കൈയില്‍ നിന്ന് കോട്ടയത്ത് വെച്ച് പിടിച്ചെടുത്തത് കളിതോക്കാണെന്നും വിശദമായ പരിശോധനയിലാണ് ഇത് മനസിലായതെന്നും പോലീസ് പറയുന്നു.
ഷെറിന്‍ ഇന്നലെ പോലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ: 25ന് രാവിലെ കാറിന്റെ എ സി നന്നാക്കാന്‍ തിരുവനന്തപുരത്തേക്ക് പോയിരുന്നു. പിതാവായ ജോയിയെ കൊലപ്പെടുത്താനുള്ള സുവര്‍ണാവസരമായാണ് താനിതിനെ കണ്ടത്. ബുക്ക് ചെയ്താലേ സര്‍വീസിംഗ് നടക്കു എന്നറിയാമായിരുന്ന ഷെറിന്‍ മനപൂര്‍വം സര്‍വീസിംഗ് ബുക്ക് ചെയ്തിരുന്നില്ല. തിരുവനന്തപുരത്തെത്തിയ ഇരുവരും തിരികെ മടങ്ങേണ്ടി വന്നു. 12.30 ഓടെ തിരുവനന്തപുരത്തുനിന്ന് വാഹനവുമായി ചെങ്ങന്നൂരിലേക്ക് അവര്‍ യാത്ര തുടര്‍ന്നു. യാത്രയില്‍ പിതാവുമായി ചില സ്വത്ത് തര്‍ക്കങ്ങളുണ്ടായി. വാഹനം 4.30 ഓടെ ചെങ്ങന്നൂരിലെ മുളക്കുഴ ഭാഗത്തെത്തുന്നു. അപ്പോള്‍ ജോയിയുടെ ഭാര്യ മറിയാമ്മ ജോയിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. തങ്ങള്‍ മുളക്കഴയിലെത്തിയതായി പറഞ്ഞു. ശേഷം മുളക്കഴയിലെ ഊരിക്കടവ് ഭാഗത്ത് വാഹനം നിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് നാല് തവണ പിതാവിന്റെ തലയിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. ഇതിനുശേഷം മൃതദേഹം ടൗവ്വലിട്ടു മൂടി തിരുവല്ലയിലേക്ക് കൊണ്ടുപോയി. താന്‍ താമസിച്ചിരുന്ന ക്ലബ് സെവനില്‍ വാഹനം ഇരുട്ടത്ത് ഒളിപ്പിച്ചശേഷം സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി ചെങ്ങന്നൂരില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ എത്തുകയും ഇതിനുള്ളില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്തശേഷം മൃതദേഹം അവിടെ കിടന്നിരുന്ന ടിന്‍ഷീറ്റിലേക്ക് വലിച്ചിട്ടു. പെട്രോള്‍ ഒഴിച്ചു.
ഇതിന് പുറത്തായി മറ്റൊരു ടിന്‍ഷീറ്റുകൂടി വലിച്ചിട്ടു. 10ലിറ്റര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ശ്രമിച്ചിട്ടും കത്താതിരുന്നതിനെ തുടര്‍ന്ന വീണ്ടും പെട്രോള്‍ പമ്പില്‍ പോയി പത്ത് ലിറ്റര്‍ കൂടി വാങ്ങി. എന്നാല്‍ മൂന്ന് ലിറ്റര്‍ വീണ്ടുമൊഴിച്ചപ്പോഴേക്കും ജ്വാല കൂടിയത് കണ്ട ഷെറിന്‍ പിന്നീട് എം സാന്റ് വാരി ഇതിലേക്ക് ഇട്ട് തീ കെടുത്തുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മാംസം മുറിച്ച് സ്‌റ്റോര്‍ റൂമില്‍ നിന്ന് തൂമ്പായെടുത്ത് എല്ലുകള്‍ തട്ടി ഒടിക്കുകയായിരുന്നു. തുടര്‍ന്ന് കൈകള്‍, കാലുകള്‍, ശരീരം, തല എന്നിവ ആറ് ഭാഗങ്ങളാക്കി. രണ്ട് കൈകളും വലതുകാലും ഒരു പോളിത്തീന്‍ കവറിലിട്ടു. തല, ഇടതുകാല്‍, ഉടല്‍ എന്നിവ വിവിധ പ്ലാസ്റ്റിക് കവറുകളിലാക്കി. കൈകളും വലതുകാലും ആറാട്ടുപുഴ പാലത്തില്‍ നിന്നും ഇടതു കാല്‍ മിത്രപ്പുഴ കടവ് പാലം, തല ചിങ്ങവനം, ഉടല്‍ ചെങ്ങനാശേരി വെരൂരിലും കൊണ്ടു തള്ളുകയും ചെയ്തു.
ആറ് ഭാഗങ്ങളാക്കിയത് ചുമന്ന് കൊണ്ടുപോകാനും ഉപേക്ഷിക്കുവാനുമുള്ള എളുപ്പത്തിനായാണെന്നും പ്രതി വ്യക്തമാക്കിയത്രെ. ഗോഡൗണിലെ പരിശോധനകള്‍ക്ക് ശേഷം ഇയാളെ തെളിവെടുപ്പിനായി തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഷെറിനില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പരിശോധനകള്‍ക്കായി സൈബര്‍ സെല്ലിനു വിട്ടുകൊടുത്തിരിക്കയാണെന്നും പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡി വൈ എസ് പി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പുകള്‍ നടന്നത്.