Connect with us

Kerala

മുഹമ്മദലിയുടെ മരണത്തില്‍ അനുശോചനം: ജയരാജന്റെ വിശദീകരണം

Published

|

Last Updated

തിരുവനന്തപുരം: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തില്‍ അനുശോചിച്ചപ്പോള്‍ സംഭവിച്ച അബദ്ധത്തിന് സ്വകാര്യചാനലിനെ പഴിപറഞ്ഞ് കായികമന്ത്രി ഇ പി ജയരാജന്റെ വിശദീകരണം. പ്രതികരണത്തിനായി മനോരമ ന്യൂസ് ചാനലില്‍ നിന്ന് വിളിച്ചപ്പോഴുണ്ടായ തെറ്റിദ്ധാരണയില്‍ നിന്നാണ് പിശക് സംഭവിച്ചതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

യാത്രയിലായിരിക്കെയാണ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദ് അലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത താന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയായിരുന്നു.
നാല്‍പ്പത് വര്‍ഷം മുമ്പ് ബോക്‌സിംഗ് റിംഗ് വിട്ട ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് അറിഞ്ഞിരുന്നില്ല. അക്കാര്യം മനസിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസിലാകണമെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, മുഹമ്മദ് അലിയെ മലയാളി കായികതാരമാക്കിയുള്ള മന്ത്രി ഇ പി ജയരാജന്റെ അനുസ്മരണത്തിന് നവ മാധ്യമങ്ങളില്‍ ട്രോള്‍ മഴ തുടരുകയാണ്. അലിയെക്കുറിച്ചുള്ള കായികമന്ത്രിയുടെ ജ്ഞാനമാണ് എല്ലായിടത്തും ചര്‍ച്ച. ജയരാജന്റെ അനുസ്മരണവും അതിനെതുടര്‍ന്നുണ്ടായ ട്രോളുകളും വലിയ പ്രധാന്യത്തോടെ ദേശീയ- രാജ്യാന്തര മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. മുഹമ്മദ് അലി മലയാളി കായികതാരമാണെന്ന് കേരള കായിക മന്ത്രി കരുതുന്നു എന്ന തലക്കെട്ടോടെയാണ് അമേരിക്കന്‍ മാധ്യമമായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ എഡിഷനിലെ വാര്‍ത്ത.
കേരള കായിക മന്ത്രിയുടെ മുഹമ്മദ് അലി അനുസ്മരണത്തില്‍ ഞെട്ടിത്തരിച്ച് കേരള ജനത എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലക്കെട്ട്.

---- facebook comment plugin here -----

Latest