ഗുല്‍ബര്‍ഗ സൊസൈറ്റി

Posted on: June 6, 2016 9:53 am | Last updated: June 6, 2016 at 9:53 am
SHARE

#രാജീവ് ശങ്കരന്‍

ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ അരങ്ങേറിയ, 69 ജീവനെടുത്ത, കൂട്ടക്കുരുതിയില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. സുപ്രീം കോടതി നിയോഗിച്ച, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ചുഴിഞ്ഞന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നൃശംസകൃത്യം അരങ്ങേറി 14 വര്‍ഷത്തിന് ശേഷം ഇത്രയും പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ആരോപണവിധേയരുടെ സ്ഥാനത്തുണ്ടായിരുന്ന 36 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ആരോപണവിധേയരായിരുന്ന അഞ്ച് പേര്‍ ഇക്കാലത്തിനിടെ മരിച്ചു. ഒരാള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.

പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ ലഹളകളും ആസൂത്രിതമായി നടപ്പാക്കിയ വംശഹത്യകളും കുറവല്ല ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍. അതില്‍ ഭൂരിഭാഗത്തിലും ആരോപണവിധേയര്‍ രക്ഷപ്പെട്ടതാണ് ചരിത്രം. ലഹളകളും വംശഹത്യകളും ആസൂത്രണം ചെയ്തവര്‍ ഒരിക്കല്‍പ്പോലും നിയമത്തിന് മുന്നില്‍ എത്തിയിട്ടുമില്ല. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 24 പേര്‍ കുറ്റക്കാരായി തെളിയിക്കപ്പെട്ടത് വലിയ കാര്യമായി തന്നെ കാണാം. ഇവിടെയും കൂട്ടക്കുരുതി ആസൂത്രണം ചെയ്തവരോ അതിന് ഒത്താശ ചെയ്തവരോ പ്രതിപ്പട്ടികയിലില്ല. 69 പേരുടെ ജീവനെടുത്ത ക്രൂരതക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടുമുണ്ട്.

ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ പലതു കൊണ്ടും ശ്രദ്ധേയമായതാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല കേസ്. 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലുമായി അരങ്ങേറിയ ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഒത്താശയുണ്ടായിരുന്നുവെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്.

പോലീസിനെ നിഷ്‌ക്രിയമാക്കി അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത്, അതിന് വേണ്ടി രണ്ട് മന്ത്രിമാരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചത്, അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മുന്‍കൈ എടുത്തത്, കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് അങ്ങനെ നീതിന്യായ സംവിധാനത്തിന് സ്വീകരിക്കാവുന്ന തെളിവുകള്‍ ഇല്ലാത്ത, (ഇല്ലാതാക്കിയ) ആരോപണങ്ങള്‍ നിരവധിയുണ്ട് നരേന്ദ്ര മോദി, അമിത് ഷാ പ്രഭൃതികള്‍ക്കു നേര്‍ക്ക്. ഈ ആരോപണങ്ങളെക്കുറിച്ച് ഔപചാരികമായ അന്വേഷണം നടക്കാന്‍ ഇടയായെന്നതാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കേസിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയ കാരണങ്ങളില്‍ ഒന്ന്. അതുകൊണ്ട് കൂടിയാണ് ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ പ്രധാനമാകുന്നതും.

ഗുല്‍ബര്‍ഗ സൊസൈറ്റി ഒരു ഹൗസിംഗ് കോളനിയാണ്. കൂട്ടക്കുരുതി അരങ്ങേറിയ ദിവസം പതിനായിരത്തോളം പേര്‍ കോളനിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് പോലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകള്‍ പ്രകാരം നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ പേരുണ്ടായിരുന്നു. 2008 വരെ ഗുജറാത്ത് പോലീസാണ് ഈ കേസ് അന്വേഷിച്ചത്. സംഘ്പരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പി എന്‍ ബാരറ്റ് എന്ന ഉദ്യോഗസ്ഥനായിരുന്നു ആദ്യം അന്വേഷണച്ചുമതല. ആറ് വര്‍ഷത്തിനിടെ കേസന്വേഷണം എങ്ങുമെത്തിയില്ല. തെളിവുകള്‍ ഇല്ലാതാക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ശ്രമം തടയേതുമില്ലാതെ തുടരുകയും ചെയ്തു.

സമാനമായ സംഭവങ്ങള്‍ അരങ്ങേറിയ മറ്റ് എട്ടു കേസുകള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിക്കൊപ്പം പ്രത്യേക സംഘത്തെ എല്‍പ്പിക്കാന്‍ സുപ്രീം കോടതി തയ്യാറായത് ഈ സാഹചര്യത്തിലാണ്. ആ അന്വേഷണത്തിനൊടുവില്‍ 66 പേര്‍ ആരോപണ വിധേയരായി. 69 പേര്‍ കൊല്ലപ്പെട്ട, അതിലേറെപ്പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ, വലിയതോതില്‍ സ്വത്ത് നശിപ്പിക്കപ്പെട്ട സംഭവത്തില്‍ 66 പേരേ ആരോപണ വിധേയരുടെ സ്ഥാനത്തുണ്ടായുള്ളൂവെന്നത് അന്വേഷണത്തിന്റെ കാര്യക്ഷമത എത്രത്തോളമെന്ന് വ്യക്തമാക്കുന്നുണ്ട്. ഗുജറാത്ത് പോലീസ് തയ്യാറാക്കിയ ആരോപണ വിധേയരുടെ പട്ടിക പ്രത്യേക അന്വേഷണം സംഘം സ്വീകരിച്ചുവെന്ന് കരുതണം.

സംഘ്പരിവാര നേതാക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായെന്ന് സംശയിക്കണം. അതുകൊണ്ടാകണം ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ പോയത്. ഇതിലപ്പുറത്തുള്ള അന്വേഷണം ഇനി അസാധ്യമാകയാല്‍ വിചാരണക്കോടതി വിധിക്കു മേലുള്ള അപ്പീലുകളിലെ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കാം.

വംശഹത്യാക്കേസുകളിലെ പ്രോസിക്യൂഷന്‍ രേഖകള്‍ പ്രതികളുടെ അഭിഭാഷകര്‍ക്കും സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ക്കും ചോര്‍ത്തി നല്‍കിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകര്‍ മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റക്കാരുടെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മതം.

ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ ഇരയാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഐസാന്‍ ജഫ്‌രിയുടെ വിധവ സാകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വംശഹത്യയിലുള്ള പങ്ക് അന്വേഷിച്ച പ്രത്യേക സംഘം ചില പ്രധാന നിഗമനങ്ങളില്‍ എത്തിയിരുന്നു അവയില്‍ ചിലത് താഴെ പറയുന്നു.

1. ഗുല്‍ബര്‍ഗ സൊസൈറ്റിയിലും മറ്റിടങ്ങളിലും മുസ്‌ലിംകള്‍ക്കു നേര്‍ക്ക് ആസുരമായ ആക്രമണം നടന്നു. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദ പാട്ടിയ തുടങ്ങിയ സ്ഥലങ്ങളിലെ സാഹചര്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന വാദമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. (പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് – പേജ് 69)
മോദിയുടെ പ്രസ്താവനയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആര്‍ കെ രാഘവന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ് – ”ഗോധ്രയിലെയും പരിസര പ്രദേശങ്ങളിലെയും ചില ആളുകള്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന അഭിപ്രായം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വ്യാപകമായ പ്രത്യാഘാതത്തിന് കാരണമായി. ഹിന്ദു – മുസ്‌ലിം സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്”.

2. ഗുജറാത്ത് മന്ത്രിസഭയിലെ രണ്ട് മുതിര്‍ന്ന അംഗങ്ങളെ – അശോക് ഭട്ട്, ഐ കെ ജഡേജ – അഹമ്മദാബാദ് സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂമിലും സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂമിലും നിയോഗിച്ചു. കലാപം നടക്കുന്ന സമയത്തായിരുന്നു ഇത്. കൃത്യമായ ദൗത്യമൊന്നും നല്‍കാതെയാണ് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചത്. പോലീസിന്റെ ജോലിയില്‍ ഇടപെടാനും തെറ്റായ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും ഉദ്ദേശിച്ചാണ് ഇവരെ നിയോഗിച്ചതെന്ന അഭ്യൂഹം ശക്തമാകാന്‍ ഇത് കാരണമായി. മോദിക്കായിരുന്നു അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല എന്നത് ഈ തീരുമാനത്തിന് അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടെന്ന സംശയം ശക്തമാക്കുന്നു.
(നരോദ ഗാവ്, നരോദ പാട്ടിയ എന്നിവിടങ്ങളിലെ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വി എച്ച് പി നേതാവ് ജയ്ദീപ് പട്ടേലുമായി അശോക് ഭട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ഭട്ടിന്റെ സെല്‍ ഫോണിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാപിയയുമായും ഭട്ട് ബന്ധപ്പെട്ടിരുന്നു. അഹമ്മദാബാദിലെ കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ സദാപിയയുണ്ടായിരുന്നുവെന്നാണ് എസ് ഐ ടി ഇപ്പോള്‍ സംശയിക്കുന്നത്.)

3. വംശഹത്യാ സമയത്ത് നിഷ്പക്ഷ നിലപാടെടുക്കുകയും കൂട്ടക്കുരുതികള്‍ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അപ്രധാനമായ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥലംമാറ്റി. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ ഉദ്യോഗസ്ഥര്‍ ചെറുത്തതിന് തൊട്ടുപിറകെയാണ് സ്ഥലം മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ ഇവ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ആര്‍ കെ രാഘവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

4. കലാപ സമയത്ത് വയര്‍ലെസ് സെറ്റുകളിലൂടെ പോലീസുകാര്‍ നടത്തിയ ആശയവിനിമയം സംബന്ധിച്ച രേഖകളെല്ലാം ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു. കലാപസമയത്തെ ക്രമസമാധാന പാലനം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റെ മിനുട്‌സോ മറ്റ് രേഖകളോ ഒന്നും സൂക്ഷിച്ചിട്ടില്ല.

5. പ്രധാനപ്പെട്ട കലാപക്കേസുകളില്‍ വി എച്ച് പി, ആര്‍ എസ് എസ് എന്നിവയുമായി ബന്ധമുള്ള അഭിഭാഷകരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതെന്ന് എസ് ഐ ടി സ്ഥിരീകരിക്കുന്നു. ഇവരുടെ രാഷ്ട്രീയ ബന്ധം മാത്രമാണ് നിയമനത്തിന് പ്രധാനമായും പരിഗണിച്ചത് എന്നത് വ്യക്തമാണ്.

6. 2002 ഫെബ്രുവരി 28ന് ഉച്ചക്ക് 12 മണിവരെ നരോദയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ പോലീസ് തയ്യാറായില്ല. അഹമ്മദാബാദ് നഗരത്തിലെ മെഘാനി നഗറില്‍ (ഗുല്‍ബര്‍ഗ സൊസൈറ്റി ഉള്‍ക്കൊള്ളുന്ന പ്രദേശം) അന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അപ്പോഴേക്കും രണ്ടിടത്തും സ്ഥിതി തീര്‍ത്തും വഷളായിരുന്നു.

7. നരോദ പാട്ടിയ, ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം തീര്‍ത്തും അലംഭാവ പൂര്‍ണമായിരുന്നുവെന്ന് എസ് ഐ ടി കണ്ടെത്തി. ആക്രമണത്തില്‍ ഉള്‍പ്പെട്ട സംഘ്പരിവാര്‍ നേതാക്കളുടെയും ബി ജെ പി നേതാക്കളുടെയും സെല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. വി എച്ച് പി പ്രസിഡന്റ് ജയദീപ് പട്ടേല്‍, മന്ത്രിയായിരുന്ന മായ കൊദ്‌നാനി എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. സെല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ച് തെളിവായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇവരുടെ പങ്കാളിത്തം തെളിയിക്കപ്പെടുമായിരുന്നു.

8. പോലീസിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെക്കുറിച്ച് എസ് ഐ ടി അന്വേഷണം നടത്തുന്നുണ്ട്. അക്രമങ്ങളില്‍ ഇവര്‍ക്കുള്ള പങ്കാണ് അന്വേഷിക്കുന്നത്. അഹമ്മദാബാദിലെ മുന്‍ ജോയിന്റ് കമ്മീഷണര്‍ എം കെ ടാണ്ഠന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശത്ത് 200 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. (അക്രമങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന് സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചു. 2007 ജൂണില്‍ എ ഡി ജി പിയായാണ് വിരമിച്ചത്.) ഇദ്ദേഹത്തിന്റെ ജൂനിയറായ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ബി ഗോണ്ടിയ അറിഞ്ഞുകൊണ്ട് കൂട്ടക്കൊലക്ക് അനുവാദം നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡ്യൂട്ടി ചെയ്തിരുന്നുവെങ്കില്‍ നൂറ് കണക്കിന് മുസ്‌ലിംകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് എസ് ഐ ടി പറയുന്നു. ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചുമത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചില്ല.

9. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാപിയക്ക് അക്രമങ്ങളില്‍ പങ്കുണ്ടെന്നതിന് എസ് ഐ ടിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. (സദാപിയ നേരിട്ട് മോദിക്കാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്)
ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചതായി അറിവില്ല. എം കെ ടാണ്ഠന്‍, പി ബി ഗോണ്ടിയ തുടങ്ങി, കുരുതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ നിയമത്തിന് മുന്നില്‍ എത്തിയതേയില്ല. അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ (നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതും ആനന്ദി ബെന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നിലവിലുള്ളതും) എന്തുകൊണ്ട് തയ്യാറായില്ലെന്ന ചോദ്യം ആരും ഉന്നയിച്ചതുമില്ല.
ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ അലംഭാവവും കേസ് ആദ്യം അന്വേഷിച്ച ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ കൃത്യവിലോപവും പരാമര്‍ശിച്ചിട്ടുണ്ടാവില്ലേ? അങ്ങനെ പരാമര്‍ശമില്ലെങ്കില്‍ തന്നെ, ഈ കുരുതി തടയാന്‍ പോലീസ് എന്തൊക്കെ ചെയ്തുവെന്ന ചോദ്യം കോടതിയില്‍ നിന്ന് ഉയരേണ്ടതല്ലേ? അതൊന്നുമുണ്ടാകാതിരിക്കുമ്പോള്‍ വര്‍ഗീയ ഫാസിസത്തിന്റെ ഇംഗിതം സഫലീകരിക്കുന്നതായി നിയമപാലന, നീതിനിര്‍വഹണ സംവിധാനങ്ങള്‍ മാറിയെന്ന് വിശ്വസിക്കേണ്ടിവരും. ആ വിശ്വാസം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലുള്ള വിശ്വാസരാഹിത്യമായി മാത്രമേ വളരുകയുള്ളൂ. വംശഹത്യക്ക് അധ്യക്ഷതവഹിച്ചുവെന്ന ആരോപണം നേരിടുന്നവര്‍ പരമാധികാരികളായി വിഹരിക്കുന്ന കാലത്ത് പ്രത്യേകിച്ചും.
ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ അലംഭാവവും കേസ് ആദ്യം അന്വേഷിച്ച ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ കൃത്യവിലോപവും പരാമര്‍ശിച്ചിട്ടുണ്ടാവില്ലേ? അങ്ങനെ പരാമര്‍ശമില്ലെങ്കില്‍ തന്നെ, ഈ കുരുതി തടയാന്‍ പോലീസ് എന്തൊക്കെ ചെയ്തുവെന്ന ചോദ്യം കോടതിയില്‍ നിന്ന് ഉയരേണ്ടതല്ലേ? അതൊന്നുമുണ്ടാകാതിരിക്കുമ്പോള്‍ വര്‍ഗീയ ഫാസിസത്തിന്റെ ഇംഗിതം സഫലീകരിക്കുന്നതായി നിയമപാലന, നീതിനിര്‍വഹണ സംവിധാനങ്ങള്‍ മാറിയെന്ന് വിശ്വസിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here