Connect with us

National

ജാട്ട് പ്രക്ഷോഭം വീണ്ടും; കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍

Published

|

Last Updated

ചണ്ഡീഗഢ്: ജാട്ട് സമുദായത്തിന് പിന്നാക്ക സംവരണം ആവശ്യപ്പെട്ട് ഇന്ന് മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാനിരിക്കെ ഹരിയാനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. 4,800 അര്‍ധ സൈനിക അംഗങ്ങളെ വിന്യസിച്ചതായി സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) റാം നിവാസ് പറഞ്ഞു. ഒരു സംഘം മാത്രമാണ് ധര്‍ണാസമരവുമായി മുന്നോട്ടുവന്നിട്ടുള്ളൂവെങ്കിലും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലേക്കുള്ള കുടിവെള്ള വിതരണ കനാലായ സോനിപത് ജില്ലയിലെ വെസ്റ്റേണ്‍ യമുന കനാലിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രക്ഷോഭകര്‍ അക്രമം നടത്തുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഇത്. പോലീസും അര്‍ധ സൈനികര്‍ക്കുമാണ് ഇവിടെ സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇതിനകം തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കിംവദന്തികളോ പ്രകോപന പരമായ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്.

Latest