മഴക്കാലപൂര്‍വ ശുചീകരണം: അവലോകന യോഗത്തില്‍ പരാതികളുടെ പ്രളയം

Posted on: June 5, 2016 10:49 am | Last updated: June 5, 2016 at 10:49 am

കൊപ്പം : പട്ടാമ്പി നിയോജക മണ്ഡലം മഴക്കാലപൂര്‍വ ശുചീകരണ അവലോകന യോഗത്തില്‍ പരാതികളുടെ പ്രളയം. ഗ്രാമ പഞ്ചായത്തുകളില്‍ ശുചീകരണത്തിനും ആരോഗ്യ ബോധവല്‍ക്കരണത്തിനും ആവശ്യത്തിനു സംവിധാനമില്ലെന്നായിരുന്നു എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുയെും പരാതി.
സമ്പൂര്‍ണ്ണ ശുചിത്വം നടപ്പാക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും സബ്‌സെന്റെറുകളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ല. കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രം മൂന്ന് മെഡിക്കല്‍ഓഫീസര്‍മാരുടെയും രണ്ടു സ്റ്റാഫ് നഴ്‌സുമാരുടെയും ഒരു ഫാര്‍മസിസ്റ്റിന്റെയും രണ്ടു ക്ലാര്‍ക്കുമാരുടെയും ഒരു പാര്‍ട് ടൈം സ്ലീപ്പര്‍മാരുടെയും തസ്തികകളുണ്ട്. ഫീല്‍ഡ് തലപ്രവര്‍ത്തനത്തിനും ആരുമില്ല. നിയോജക മണ്ഡലത്തില്‍ 59 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളുണ്ട്.
കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിലെ പട്ടാമ്പി നഗരസഭഉള്‍പ്പെടെ ഏഴു പഞ്ചായത്തുകളിലായി 38 സബ്‌സെന്റെറുകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 73 ജീവനക്കാരുടെ കുറവുണ്ട്. ഇത്രയും ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നിര്‍വഹിക്കുന്നതിനു ഒരു എല്‍ഡി ക്ലര്‍ക്കിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ നിലവിലുള്ള ക്ലര്‍ക്കിനു ജോലിഭാരം കൂടുകയാണെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.
ജീവനക്കാരെ നിയമിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമാരുടെ ആവശ്യം. മാലിന്യ സംസ്‌കരണത്തിനു സ്ഥിരം സംവിധാനമില്ലാത്തതാണ് ആരോഗ്യ രംഗത്ത് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് യോഗത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയതോടെ യോഗത്തിനെത്തിയവരെല്ലാം പുതിയ എംഎല്‍എക്ക് മുന്‍പില്‍ പരാതികളുടെ കെട്ടഴിച്ചത്.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, നന്ദവിലാസിനി (വല്ലപ്പുഴ), ടി പി ശാരദ (തിരുവേഗപ്പുറ), എം പി മുഹമ്മദ് നൂറുദ്ധീന്‍ (കുലുക്കല്ലൂര്‍), പി സുമിത (കൊപ്പം), കെ മുരളി (വിളയൂര്‍), കെ സി ഗപാലകൃഷ്ണന്‍, ഉദ്യോഗസ്ഥരായ അബ്ദുറഹിമാന്‍, മുരളീധരന്‍, രാമചന്ദ്രന്‍, ഗീത, ആശ, മൊയ്തീന്‍, സിദ്ധീഖ്, മുസ്തഫ എന്നിവര്‍ സംബന്ധിച്ചു. മെഡിക്കല്‍ഓഫീസര്‍ ഡോ ഗീത സ്വാഗതം പറഞ്ഞു.