കൊല്ലരുതേ എന്ന് മരങ്ങള്‍; കര്‍ത്തേനിയില്‍ മരം മുറിക്കെതിരെ പുതു സമരവുമായി നാട്ടുകാര്‍

Posted on: June 5, 2016 10:45 am | Last updated: June 5, 2016 at 10:45 am
SHARE

kkv eco day photoകാളികാവ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ നാടെങ്ങും വ്യാപകമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനിടെ റോഡുവക്കിലെ കൂറ്റന്‍ മാവും മറ്റു മരങ്ങളും മുറിക്കാതെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കര്‍ത്തേനിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍. മാവും മരങ്ങളും മുറിക്കുന്നതിനെതിരെ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്നെ കൊല്ലരുത് എന്നെഴുതിയ പ്ലേ കാര്‍ഡ് മരത്തില്‍ ചാര്‍ത്തിയാണ് മാവ് ഉള്‍പ്പെടെയുള്ള മരങ്ങളുടെ സംരക്ഷണ സമര പരിപാടിക്ക് നാട്ടുകാര്‍ തുടക്കമിട്ടത്. ഇത്രയും കാലം തണലും ഫലവും തന്നത് മറക്കരുതെന്ന മാവിന്റെ അപേക്ഷയും പോസ്റ്ററിലുണ്ട്. കാളികാവ് വണ്ടൂര്‍ റോഡിലെ കര്‍ത്തേനിയില്‍ ബസ് വെയിറ്റിംഗ് ഷെഡിനു സമീപം നില്‍ക്കുന്ന മാവും മറ്റു മരങ്ങളും മുറിക്കാനുള്ള അധികൃതരുടെ നീക്കം എന്തു വില കൊടുത്തും തടയാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍. ദശാബ്ദങ്ങളായി റോഡുവക്കില്‍ തണലൊരുക്കുകയും തേനൂറുന്ന മാമ്പഴം നല്‍കിയും പാതയോരത്ത് നില്‍ക്കുന്ന മാവും മറ്റു മരങ്ങളും മുറിക്കുന്നത് പ്രദേശത്തെ ചില കച്ചവടക്കാരുടെ പരാതിയെ തുടര്‍ന്നാണെന്നാണ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അപകട ഭീഷണി ഒന്നുമില്ലാതെ തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍ കര്‍ത്തേനിയുടെ ജൈവ സമ്പത്താണെന്നാണ് നാട്ടുകാരുടെ പക്ഷം. പ്രക്ഷോഭ പരിപാടികള്‍ ഫലിക്കാതെ വന്നാല്‍ മരത്തില്‍ കെട്ടിപിടിച്ചു നിന്ന് മുറിക്കാന്‍ എത്തുന്നവരേ പിന്തിരിപ്പിക്കുന്നതടക്കം വിവിധ സമര തന്ത്രങ്ങള്‍ക്കാണ് യുവാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗം സി ടി സക്കറിയ, പി ഷാജി, കെ ഹുസൈന്‍, പി എം അയൂബ് എന്നിവരുടെ നേതൃത്വത്തിലാണ് മരംമുറി തടയാനൊരുങ്ങുന്നത്. സാമൂഹ്യ വനവല്‍ക്കരണം ഉള്‍പ്പെടെ നാടെങ്ങും വൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗവും പൊതുമരാമത്തു വകുപ്പും ചേര്‍ന്ന് പാതയോരത്ത് നിലവിലുള്ള മരങ്ങള്‍ മുറിക്കാന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധം ശക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here