വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് കിടപ്പാടം നഷ്ടമായില്ല; സഹായവുമായി ലുലു ഗ്രൂപ്പ്

Posted on: June 5, 2016 10:43 am | Last updated: June 5, 2016 at 10:43 am
SHARE

മലപ്പുറം: വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് സഹായവുമായിപ്രമുഖ വ്യവസായി എം എ യൂസഫലി.
രണ്ട് ദിവസം വീടിന് പുറത്ത് അന്തിയുറങ്ങിയ കുടുംബത്തിന്റെ ദുരിതമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മലപ്പുറം എ ആര്‍ നഗര്‍ പാലമഠത്തില്‍ കൊല്ലമഠത്തില്‍ എ എം വേലായുധന്റെ പേരിലുണ്ടായിരുന്ന വായ്പ കുടിശ്ശിക അടച്ചു തീര്‍ത്ത വീടിന്റെ ആധാരം ബേങ്കില്‍ നിന്നും വീണ്ടെടുത്തു നല്‍കിയത്. നഷ്ടപ്പെട്ട വീട് ലഭിച്ച സന്തോഷത്തിലാണ് കൊളപ്പുറം സ്വദേശി വേലായുധനും കുടുംബവും. മകളുടെ വിവാഹത്തിനായി 2006ല്‍ മലപ്പുറം ജില്ലാസഹകരണ ബേങ്കിന്റെ വേങ്ങര ശാഖയില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്ത വേലായുധന് കൂട്ടു പലിശയടക്കം രണ്ട് ലക്ഷത്തി എഴുപതിനായിരത്തിലധികം രൂപ തിരിച്ചടക്കേണ്ടതുണ്ടായിരുന്നു.
ഭാര്യയുടെയും അമ്മയുടെയും അസുഖങ്ങള്‍ മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെകഴിഞ്ഞ മാസം 31ന് വീടിന്റെ കക്കൂസ് ഉള്‍പ്പടെയുള്ളവ ബേങ്ക്ജപ്തി ചെയ്തു.
കിടക്കാന്‍ ഒരിടമില്ലാതെ പ്രയാസപ്പെടുന്ന ദളിത് കുടുംബത്തിന്റെ ദുരിതമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വേലായുധന്‍ ബേങ്കില്‍ അടക്കാനുള്ള മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. ഇനി ഒരു രാത്രി ഈ കുടുംബം തിണ്ണയില്‍ ഉറങ്ങരുതെന്ന് എം എ യൂസഫലി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍ വെള്ളിയാഴ്ചവൈകീട്ട് വേങ്ങര ശാഖയിലെത്തി ബേങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ച തുക മുഴുവന്‍ അടച്ചുതീര്‍ത്തു.
തുടര്‍ന്ന് രാത്രി തന്നെ ഇവര്‍ കൊളപ്പുറത്ത് എത്തി പൂട്ടിയ വീട് തുറന്നുകൊടുത്തു. ബേങ്ക് വായ്പ തിരിച്ചടച്ചത് കൂടാതെ ഭാര്യയുടെ ചികിത്സാ ചെലവിലേക്കായി 25,000 രൂപയും സംഘം കൈമാറി. യൂസഫലിയുടെ സെക്രട്ടറി ഇ എ ഹാരിസ്, ലുലു ഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബിസ്വരാജ് എന്നിവര്‍ നേരിട്ടെത്തിയാണ് വീടിന്റെ രേഖകളും തുകയും കൈമാറിയത്.