ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം; നാല് പേര്‍ പിടിയില്‍

Posted on: June 5, 2016 10:42 am | Last updated: June 5, 2016 at 10:42 am

നിലമ്പൂര്‍: ആദിവാസി യുവതിയെ കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡനത്തിനിരയാക്കിയ നാലുപേര്‍ അറസ്റ്റില്‍. രണ്ടര വര്‍ഷം മുന്‍പ് 22 കാരിയായ ആദിവാസി യുവതിയെ കരുളായി സ്വദേശിയായ ചള്ളിപ്പാടന്‍ മുഹമ്മദ് എന്ന ചെറി (43) മദ്യം നല്‍കി മയക്കി വനത്തില്‍ വെച്ച് പലവട്ടം പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒന്നര ആഴ്ച മുമ്പ് മമ്പാട് സ്വദേശിയായ പൈക്കാടന്‍ ഫിറോസ് എന്ന പുട്ട് ഫിറോസ് (32) ആദിവാസി യുവതിയെ വാടകക്ക് എടുത്ത കാറില്‍ കടത്തിക്കൊണ്ടുപോയി മദ്യം കുടിക്കാന്‍ നല്‍കിയ ശേഷം താളിയൊയില്‍, രാമംകുത്ത് എന്നീസ്ഥലങ്ങളിലുള്ള വീടുകളില്‍ വെച്ചും നിലമ്പൂരിലെ ലോഡ്ജില്‍ വെച്ചുമാണ് പീഡനത്തിനിരയാക്കിയത്. നിലമ്പൂരിലെ ലോഡ്ജില്‍ കൊണ്ടുവന്ന ശേഷം കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭക്ഷണം വാങ്ങാന്‍ പറഞ്ഞയക്കുകയും തുടര്‍ന്ന് മമ്പാട് സ്വദേശികളായ കൊന്നക്കോടന്‍ ആസ്‌കറലി, കാരിക്കുന്ന് ജംഷീര്‍ എന്നിവരെ ഫോണില്‍ വിളിച്ച് വരുത്തി ആദിവാസി യുവതിയെ കാഴ്ചവെക്കുകയായിരുന്നു. ഫിറോസിന്റെ ഗള്‍ഫിലുള്ള സുഹൃത്ത് വഴിയാണ് ഫിറോസ് ആദിവാസി യുവതിയെ പരിചയപ്പെട്ടത്. ഗള്‍ഫിലായിരുന്ന ഫിറോസ് നിരന്തരം ആദിവാസി യുവതിയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും വന്ന ശേഷം വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും നല്‍കാനാണെന്ന് പറഞ്ഞ് കുടുംബ വീട്ടിലുണ്ടായിരുന്ന യുവതിയെ ഫിറോസ് കാറില്‍ കയറ്റി കൂട്ടിക്കൊണ്ടുവരികയായിരുന്നു. കൂടുതല്‍ പേര്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചില പ്രതികള്‍ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.