Connect with us

Kerala

ഉഭയലിംഗക്കാരെ സന്ദര്‍ശിക്കാനെത്തുന്നവരെ കൊള്ളയടിക്കുന്ന സംഘം പിടിയില്‍

Published

|

Last Updated

കൊച്ചി: നഗരത്തില്‍ രാത്രികാലങ്ങളില്‍ രതിവ്യാപാരത്തിനിറങ്ങുന്ന ഉഭയലിംഗക്കാരെ സന്ദര്‍ശിക്കാനെത്തുന്നവരെ കൊള്ളയടിക്കുന്ന ആറംഗ സംഘത്തിലെ അഞ്ച് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി നമ്പ്യാപുരം അടിക്കനാട്ട് പറമ്പില്‍ നഹാസ്(20), കുമ്പളം കോഴിപ്പറമ്പില്‍ വിനു(19), ചേര്‍ത്തല തൈക്കാട്ടുശേരി ചാണയില്‍ അഗ്നേശ്വര്‍(20), തോപ്പുംപടി കഴുത്തുമുട്ട് പുളിന്തറയില്‍ ജെന്‍സണ്‍(20), ചേര്‍ത്തല തിരുനെല്ലൂര്‍ കോപ്പുഴചിറയില്‍ കുമാര്‍ജി(19) എന്നിവരാണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞമാസം നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ച് 8500 രൂപയും മൊബൈല്‍ ഫോണുകളുമാണ് ഇവര്‍ പിടിച്ചുപറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ വി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി മൂന്നാംലിംഗക്കാരെ സന്ദര്‍ശിച്ച് മടങ്ങുന്ന ഇതര സംസ്ഥാനക്കാരാണ് ഇവരുടെ പ്രധാന ഇരകള്‍. മൊബൈല്‍ ഫോണും പണവും പിടിച്ചുപറിക്കുകയും എതിര്‍ക്കുന്നവരെ അക്രമിക്കുകയും ചെയ്യും. എന്നാല്‍ അപമാനംമൂലം പലരും പരാതിപെടാറിെല്ലന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അക്രമത്തിന് ഇരയായ ഒരു ഇതര സംസ്ഥാനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് കേസുകള്‍ തെളിഞ്ഞത്. മെയ് 31ന് പുലര്‍ച്ചെ പ്രൊവിഡന്റ്‌സ് റോഡില്‍ ഉത്തരാഗണ്ഡ് സ്വദേശി മുകേഷിനെ വടികൊണ്ട് അടിച്ച് വീഴ്ത്തി 13,500 രൂപ വില വരുന്ന മൊബൈലും 530 രൂപയും എ ടി എം കാര്‍ഡും ഇവര്‍ കവര്‍ന്നതായി പോലീസ് പറഞ്ഞു. മെയ് 18ന് എറണാകുളം ചിറ്റൂര്‍റോഡില്‍ ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി പോക്കറ്റില്‍ നിന്ന് 900 രൂപയും മൊബൈലും അടിച്ചുമാറ്റിയ സംഘം 29ന് രാത്രി കോമ്പാറ ജംഗ്ഷനില്‍ നടന്നു പോവുകയായിരുന്ന മൂന്ന് പേരെ ബൈക്കില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മൊബൈലും 7000 രൂപയും കവര്‍ന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 28 ന് ചിറ്റൂര്‍ റോഡില്‍ വെച്ച് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ റഫീഖിനെ അക്രമിച്ച് പിടിച്ചുപറിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നഗരത്തില്‍ മൂന്നാം ലിംഗക്കാരുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെതിരെ പൗരസംഘടനകളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

Latest