ബോക്‌സറായത് സൈക്കിള്‍ മോഷ്ടാവിനെ ഇടിച്ചിടാന്‍

Posted on: June 5, 2016 12:16 am | Last updated: June 5, 2016 at 12:16 am

mushammed ali with quraanഅരിസോണ: മുഹമ്മദലി ബോക്‌സിംഗിന്റെ ലോകത്തേക്ക് വന്നത് തന്നെ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ണവിവേചനത്തിന്റെ വേദന ഘനീഭവിച്ച് കിടന്ന കുഞ്ഞു കാഷ്യസ് ക്ലേയുടെ മുന്നിലൂടെ വെള്ളക്കാര്‍ കാറില്‍ ചാറിപ്പായുമ്പോള്‍ അവന്‍ പിതാവിനോട് ഒരു സൈക്കിള്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു.
12ാം ജന്മദിനത്തില്‍ ആ ആഗ്രഹം പിതാവ് സാധിച്ചു കൊടുത്തു. ഒരു പ്രാദേശിക ഉത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന കാഷ്യസിന്റെ സൈക്കിള്‍ മോഷണം പോയതാണ് മഹാനായ ബോക്‌സറായി ലോകം വാഴ്ത്തിയ മുഹമ്മദലിയുടെ പ്രയാണത്തിന് നാന്ദി കുറിച്ചത്. സൈക്കിള്‍ മോഷ്ടിച്ചവനെ ഇടിച്ചിടാന്‍ വേണ്ടിയാണ് ആ 12കാരന്‍ ബോക്‌സിംഗ് പഠിച്ചത്. സൈക്കിള്‍ തേടിയലഞ്ഞ ക്ലേയും അനുജനും ജോ മാര്‍ട്ടിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് അടുത്ത് എത്തുന്നു. മാര്‍ട്ടിന്‍ ഒരു ബോക്‌സിംഗ് ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. അദ്ദേഹമാണ് ക്ലേയെ ബോക്‌സിംഗിന്റെ ലോകത്തേക്ക് ക്ഷണിച്ചത്. നഷ്ടപ്പെട്ട സൈക്കിള്‍ ക്ലേയെ പഠിപ്പിച്ച പാഠം ചെറുത്തു നില്‍പ്പിന്റെതും അതിജീവനത്തിന്റേതുമാണ്. ഈ നഷ്ടബോധവും വേദനയും ഒറ്റപ്പെടലും ക്ലേയെ കരുത്തുറ്റ പോരാളിയാക്കി. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നാട്ടുകാരനായ റോണി ഒ കീഫിനെ 1954 നവംബറില്‍ കീഴടക്കി ക്ലേ ബോക്‌സിംഗ് റിംഗില്‍ ജൈത്രയാത്ര തുടങ്ങി. അമേച്വര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ആ യുവാവ് നിത്യ സാന്നിധ്യമായി. 1960 സെപ്തംബറില്‍ റോം ഒളിമ്പിക്‌സിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ക്ലേ സ്വര്‍ണം നേടി. അന്ന് 18 വയസ്സായിരുന്നു ക്ലേക്ക്. സ്വര്‍ണപ്പതക്കവുമായി നാട്ടിലെ ഒരു കഫേയിലെത്തിയ ക്ലേയെ കറുത്തവനെന്ന് ആക്ഷേപിച്ച് ഹോട്ടലുടമ ഇറക്കിവിട്ടു. അപമാനിതനായ ക്ലേ അമേരിക്കക്ക് വേണ്ടി നേടിയ സ്വര്‍ണമെഡല്‍ ജെഫേഴ്‌സണ്‍ കൗണ്ടി പാലത്തില്‍ നിന്ന് ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞു. വ്യവസ്ഥിതിക്ക് നേരെ നടത്തിയ ശക്തമായ പഞ്ചായിരുന്നു ആ മെഡല്‍ നിരാസം. തന്റെ പ്രിയപ്പെട്ട സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കില്‍ അമൂല്യമായ ആ പതക്കം സ്വയം ഉപേക്ഷിക്കുകയായിരുന്നു. രണ്ടും നഷ്ടം തന്നെ.