സംസ്ഥാനത്ത് മത്സ്യത്തിന് പൊള്ളുംവില

Posted on: June 5, 2016 12:10 am | Last updated: June 5, 2016 at 12:10 am
SHARE

FISH_1634260fകോഴിക്കോട്:സംസ്ഥാനത്തെ മത്സ്യ വിപണിയെ കാത്തിരിക്കുന്നത് തീവില. മത്സ്യ രംഗത്ത് വിദേശ കയറ്റുമതി അടക്കം കാര്യമായ വിപണനം നടക്കുന്ന റമസാന്‍ മാസവും ട്രോളിംഗ് നിരോധനവും ഒപ്പമെത്തിയതിന് പുറമെ സംസ്ഥാനത്തെ ഐസ് ബ്ലോക്കുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഐസ് പ്ലാന്റ് ഉടമകള്‍ തീരുമാനിക്കുക കൂടി ചെയ്തതാണ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്നത്. സംസ്ഥാനത്തെ തീരങ്ങളില്‍ മത്സ്യങ്ങള്‍ കുറഞ്ഞുവരികയാണ്. വലിയ മത്സ്യങ്ങളുടെ കുറവ് കാര്യമായ രീതിയില്‍ അനുഭവപ്പെടുന്നതിനാല്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ വില കയറി തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധം തുടങ്ങുന്ന അന്നുതന്നെ ഒരു ഐസ് ബ്ലോക്കിന്റെ വില 60-ല്‍ നിന്ന് എഴുപതിലേക്ക് ഉയര്‍ത്താനാണ് ഐസ് പ്ലാന്റ് ഉടമകളുടെ തീരുമാനം. മത്സ്യബന്ധനത്തിന് പോകുന്ന ഒരു ബോട്ടിന് 400 ബ്ലോക്കുകള്‍ വരെ ഐസ് വേണമെന്നിരിക്കെ പ്ലാന്റ് ഉടമകളുടെ തീരുമാനം കടുത്ത പ്രതിസന്ധിയാകും വിപണിയില്‍ സഷ്ടിക്കുക. 100 ബ്ലോക്കുകളുമായി മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിന് പുതിയ നിരക്ക് പ്രകാരം 1000 രൂപ അധിക ബാധ്യത വരും. അത് ചെന്നെത്തുക ചെറുകിട കച്ചടവടക്കാരിലേക്കും.
സംസ്ഥാനത്ത് 486 ഐസ് പ്ലാന്റുകളാണുള്ളത്. ഇതില്‍ 23 എണ്ണം ഇതിനകം പൂട്ടിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഐസ് നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നേരിടേണ്ടിവരുന്നതെന്ന് പ്ലാന്റ് ഉടമകള്‍ പറയുന്നു. 50 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് ഒരു ഐസ് ബ്ലോക്ക് നിര്‍മിക്കുന്നത്. വൈദ്യുതി ചാര്‍ജും ജീവനക്കാരുടെ ശമ്പളവും കൂടിയാകുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യത തങ്ങളെ പിടികൂടുന്നതായും ഇവര്‍ പറയുന്നു. ഇതാണ് ഐസ് വില വര്‍ധിപ്പിക്കുന്നതിന് കാരണമായി പറയുന്നത്. എറണാകുളത്തും, ആലപ്പുഴയിലും, കൊല്ലത്തുമാണ് എറ്റവും കൂടുതല്‍ പ്ലാന്റുകള്‍ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത്. കോഴിക്കോട് ജില്ലയില്‍ 65 പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം തന്നെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ 100-മുതല്‍ 400 വരെ ബ്ലോക്കുകളാണ് കൊണ്ടുപോകാറുള്ളത്. മത്സ്യ ലഭ്യത കുറഞ്ഞതോടെ ഇവര്‍ കൊണ്ടുപേകുന്ന ഐസിന്റെ എണ്ണവും കുറഞ്ഞു. സംസ്ഥാനത്തെ ബോട്ടുകള്‍ക്ക് ശരാശരി 150 ബ്ലോക്കുകള്‍ മാത്രമേ ആശ്യമായി വരാറുള്ളു. അവര്‍ ഒരാഴ്ചകൊണ്ടുതന്നെ തിരികെ വരാറുണ്ടുതാനും. മത്സ്യ ലഭ്യത കുറയുന്നത് തങ്ങളെ നേരിട്ടു ബാധിക്കുന്നതായി ഐസ് പ്ലാന്റ് ഉടമകള്‍ പറയുന്നു. ഐസ് ബ്ലോക്കുകള്‍ ചെലവായാലും ഇല്ലെങ്കിലും പ്ലാന്റ് അടച്ചിടാന്‍ പറ്റാത്തതിനാല്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വലിയ തുക നല്‍കേണ്ടിവരുന്നു. പ്ലാന്റ് അടച്ചിട്ടാല്‍ ഉപകരണങ്ങള്‍ ദിവസങ്ങള്‍ക്കകം തുരുമ്പെടുത്തു നശിക്കും. ഇതിനാല്‍ വിപണനം നടന്നില്ലെങ്കിലം പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. റമസാന്‍ മാസമായാല്‍ മലബാറിലെ മത്സ്യ വിപണികളില്‍ കാര്യമായ വില്‍പ്പന നടക്കാറുണ്ട്. എന്നാല്‍ ട്രോളിംഗും ഐസ് വില വര്‍ധനയുമെല്ലാം ഇത്തവണത്തെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here