ഉണരണം, വന്യജീവി കൂട്ടക്കുരുതിക്കെതിരെ

'ജീവനുവേണ്ടി വന്യതയിലേക്ക് പോകുക' എന്നതാണ് 2016ലെ ലോക പരിസ്ഥിതിദിനത്തിലെ മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന ചിന്താവിഷയം വന്യജീവി കച്ചവടത്തിനോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നതാണ്. ഏതെല്ലാം വിധത്തില്‍ ഈ വ്യാപാരം തടയാനാകുമോ അതൊക്കെ ചെയ്യണമെന്നതാണ് ഐക്യരാഷ്ട്ര സംഘടനാ ആഹ്വാനം. ഒരു കാരണവശാലും വന്യജീവികളുടെ ഉത്പന്നങ്ങള്‍, പ്രത്യേകിച്ചും വംശനാശ ഭീഷണി നേരിടുന്നവയുടെ വാങ്ങരുത്.
Posted on: June 5, 2016 2:54 am | Last updated: June 4, 2016 at 11:56 pm

almost done for Bryn

#ഡോ. സി എം ജോയി

ഇന്ന് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും ആചരിക്കപ്പെടുമ്പോള്‍ ഐക്യരാഷ്ട്ര സംഘടന ലോക മനഃസാക്ഷിക്കു മുമ്പില്‍ തുറന്നു വെക്കുന്നത് അനധികൃത വന്യജീവി കച്ചവടത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വിവിധയിനം വന്യജീവികളുടെ കണക്കാണ്. തവളക്കാലിന് വേണ്ടി തവളകളെയും, ആനക്കൊമ്പിന് വേണ്ടി ആനകളെയും, ശല്‍ക്കപത്ര(കവചം)ത്തിനു വേണ്ടി ഈനാംപേച്ചികളെയും, വിഷം ശേഖരിക്കുന്നതിനും തോലിനും വേണ്ടി പാമ്പുകളെയും, കൊമ്പിന് വേണ്ടി വിവിധയിനം മാനുകളെയും കണ്ടാമൃഗങ്ങളെയും, നഖത്തിനും പല്ലിനും എല്ലിനും വേണ്ടി പുലികളെയും തോലിന് വേണ്ടി ഹിമക്കരടികളെയും, തോടിന് വേണ്ടി ആമകളെയും കൂട്ടക്കുരുതി നടത്തുന്ന അനധികൃത, നിയമ വിരുദ്ധ അധോലോക മാഫിയകളുടെ ഞെട്ടിക്കുന്ന കണക്കാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിടുന്നത്. ഗോറില്ലകള്‍, കാട്ടുപോത്തുകള്‍, പാണ്ടകള്‍, നക്ഷത്ര ആമകള്‍, വിവിധയിനം മത്സ്യങ്ങള്‍, കിളികള്‍, പാമ്പുകള്‍ എന്നിവയും അവിഹിത വന്യജീവി കടത്തിലെ പാവം ഇരകളാണ്. അനധികൃത വന്യജീവി വ്യാപാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആയിരം ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വന്യമൃഗങ്ങളുടെ വിലയും ഡിമാന്‍ഡും വര്‍ധിച്ചിരിക്കുകയാണ്.
ഇന്ന് ലോകത്തെ അനധികൃത വന്യജീവി മത്സ്യവ്യാപനം 2000 കോടി ഡോളറിന് തുല്യമായ കച്ചവടമാണ്. ഏതെങ്കിലും പ്രത്യേക വന്യമൃഗത്തിന്റെ വ്യാപാരമൂല്യം വര്‍ധിച്ചാല്‍ അതിനര്‍ഥം അവയുടെ വംശനാശത്തിലേക്കുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നാണ്. കൗതുകത്തിന്റെ പേരിലും അറിവില്ലായ്മയുടെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും പാരമ്പര്യ ചികിത്സയുടെ പേരിലും നാട്ടറിവു ചികിത്സാ ഔഷധങ്ങളുടെ പേരിലും വന്യജീവികള്‍ വേട്ടയാടപ്പെടുകയാണ്. ചൈനയില്‍ 2015ല്‍ ആനക്കൊമ്പിന്റെ വില കിലോഗ്രാമിന് 750 പൗണ്ട് എന്ന കണക്കിലായിരുന്നത് 2014ല്‍ കിലോക്ക് 2100 പൗണ്ട് എന്ന കണക്കിലായി. 2012ല്‍ മാത്രം 33000 ആനകളെ കൊമ്പിന് വേണ്ടി മാത്രം കൊന്നുകളഞ്ഞു. കഴിഞ്ഞ നൂറ് വര്‍ഷത്തിനുള്ളില്‍ ആനകളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. മലമ്പാമ്പിന്റെ തൊലിയുടെ വ്യാപാരം 2005ല്‍ വെറും 137 ദശലക്ഷം പൗണ്ടിന്റേതായിരുന്നത് 2014ല്‍ നൂറ് കോടി പൗണ്ടിന്റേതായി മാറി. ലോകത്ത് പ്രതിവര്‍ഷം 100 ദശലക്ഷം തവളക്കാല്‍ തിന്നുന്നുണ്ടത്രെ!
ഫ്രാന്‍സില്‍ തവളക്കാലിന് വന്‍ ഡിമാന്‍ഡാണ്. ഈനാംപേച്ചിയുടെ ശല്‍ക്കപത്ര(സ്‌കെയില്‍)ത്തിനായി 2012ല്‍ മാത്രം ചൈനയില്‍ 4870 ഈനാംപേച്ചികളെ കൊന്നൊടുക്കി. 2013 ഡിസംബറില്‍ ആയിരക്കണക്കിന് കിലോ ഈനാംപേച്ചിയുടെ ശല്‍ക്കപത്രം ചൈന വഴി കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. ഒരു ടണ്‍ ശല്‍ക്കപത്രം ശേഖരിക്കുവാന്‍ 660 ഈനാം പേച്ചികളെ കൊല്ലണം. പരമ്പരാഗത ഔഷധങ്ങളില്‍ കാന്‍സര്‍ രോഗ ചികിത്സാര്‍ഥം ഉപയോഗിക്കുന്നതിനായി പ്രതിദിനം മൂന്ന് എന്ന കണക്കില്‍ കണ്ടാമൃഗങ്ങളെ കൊന്ന് കൊമ്പെടുക്കുന്നുണ്ട്. പ്രതിദിനം 28300 ശുദ്ധജല ആമകളെയാണ് അനധികൃതമായി കച്ചവടം നടത്തുന്നത്. 2000നും 2013നും ഇടയില്‍ 1537 പുലികളെയാണ് കത്തിക്കിരയാക്കിയത്. 2011ല്‍ വിയറ്റ്‌നാമില്‍ 4000 മുതല്‍ 6000 വരെ ഈനാംപേച്ചികളെയാണ് ഇറച്ചിക്കും ശല്‍ക്കപത്രത്തിനും വേണ്ടി വേട്ടയാടിയത്. കോംഗോയില്‍ ആനവേട്ടക്കാര്‍ക്ക് ഹെലിക്കോപ്റ്ററുകളും എ കെ 47 തോക്കുകളും ഗ്രനേഡുകളും ഉണ്ട്.
അനധികൃത വന്യജീവി വേട്ട ചെറുക്കുക അത്ര എളുപ്പമല്ലെന്ന അവസ്ഥയിലാണിന്ന്. വന്യജീവി കടത്തുകാര്‍ മാഫിയകളും അധോലോകവുമായിട്ടാണ് പ്രവൃത്തിക്കുന്നത്. മനുഷ്യന്റെ ഉപയോഗത്തിനും വ്യാപാരത്തിനും വന്യജീവി ഉത്പന്നങ്ങള്‍ക്കുമായി പ്രതിവര്‍ഷം ഭൂമിയിലെ 52 ശതമാനം ജീവജാലങ്ങളെ കൊന്നൊടുക്കുകയാണ്. ഇതില്‍ സസ്തനികളും, ഉരഗങ്ങളും പക്ഷികളും മത്സ്യങ്ങളും ആംഫീബിയനുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ഘാനയില്‍ മാത്രം 90 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. നേപ്പാളില്‍ ഒരു നൂറ്റാണ്ട് മുമ്പ് വരെ ഒരു ലക്ഷം പുലികള്‍ ഉണ്ടായിരുന്നത് നായാട്ടിന്റെ തീക്ഷ്ണതമൂലം വെറും മൂവായിരമായി കുറഞ്ഞിരിക്കുന്നു. റുവാണ്ടയിലെ ഗോറില്ല കുരുതിമൂലം അവയെ സംരക്ഷിക്കാനായി മാത്രം ഗോറില്ലാ ടൂറിസമെന്ന പേരില്‍ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നത് 52 ശതമാനം വന്യമൃഗങ്ങളാണ്.
ലോകത്തെ നിയമവിരുദ്ധ കച്ചവടങ്ങളില്‍ നാലാം സ്ഥാനമാണ് വന്യജീവി കച്ചവടത്തിനുള്ളത്. മയക്കുമരുന്ന് കച്ചവടം, മനുഷ്യക്കടത്ത്, ആയുധക്കച്ചവടം എന്നിവയാണ് മറ്റ് മൂന്ന് അനധികൃത വ്യാപാരങ്ങള്‍. അനധികൃത വന്യമൃഗക്കടത്തും വന്യജീവി ഉത്പന്ന വ്യാപാരവും തടയുന്നതിനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞത് ആയിരം ഫോറസ്റ്റ് റേഞ്ചര്‍മാര്‍ക്കാണ്. നിയമവിരുദ്ധ വന്യജീവി സംരക്ഷണം അതിനാല്‍ തന്നെ റിസ്‌ക് ഉള്ള ഏര്‍പ്പാടാണ്. എന്നാല്‍ ഇത്തരം നിയമവിരുദ്ധ കച്ചവടങ്ങള്‍ ഭൂമുഖത്തെ ജൈവ വൈവിധ്യശോഷണത്തിനും ജീവജാലങ്ങളുടെ വംശനാശത്തിനും ഭൂമിയിലെ ആവാസ വ്യവസ്ഥകള്‍ക്കും ഇക്കോ സിസ്റ്റങ്ങളുടെ ഭീഷണിക്കും കാരണമാകുന്നുണ്ട്. ഭൂമിയിലെ വിവിധങ്ങളായ ഭക്ഷ്യ ശൃംഖലാജാലങ്ങളിലെ കണ്ണികളുടെ അഭാവം ഇക്കോ സിസ്റ്റങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. വനത്തെയും വന്യമൃഗ ജീവികളുടെ ഉത്പന്നങ്ങളെയും മറ്റും ആശ്രയിച്ച് പ്രകൃതിദത്തപരവും പരിസ്ഥിതി സൗഹൃദപരവുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് വനവാസികളുടെയും വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും ജീവസന്ധാരണത്തിന്റെ മാര്‍ഗങ്ങളാണ് വന്യജീവി വ്യാപാരംമൂലം നഷ്ടമാകുന്നത്.
‘ജീവനുവേണ്ടി വന്യതയിലേക്ക് പോകുക’ എന്നതാണ് 2016ലെ ലോക പരിസ്ഥിതിദിനത്തിലെ മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന ചിന്താവിഷയം വന്യജീവി കച്ചവടത്തിനോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നതാണ്. ഏതെല്ലാം വിധത്തില്‍ ഈ വ്യാപാരം തടയാനാകുമോ അതൊക്കെ ചെയ്യണമെന്നതാണ് ഐക്യരാഷ്ട്ര സംഘടനാ ആഹ്വാനം. ഒരു കാരണവശാലും വന്യജീവികളുടെ ഉത്പന്നങ്ങള്‍, പ്രത്യേകിച്ചും വംശനാശ ഭീഷണി നേരിടുന്നവയുടെ വാങ്ങരുത്.
വന്യജീവി കച്ചവടത്തിനെതിരെയും വന്യജീവി വേട്ടക്കെതിരെയും നിയമനിര്‍മാണത്തിന് പ്രാദേശിക സര്‍ക്കാറുകളെ നിര്‍ബന്ധിക്കുക. ഒരു കാരണവശാലും, വിനോദസഞ്ചാര വേളകളിലും മറ്റ് യാത്രാവേളകളിലും വന്യജീവി ഉത്പന്നങ്ങളായ ഇറച്ചികള്‍, തോല്‍, പരമ്പരാഗത ഔഷധങ്ങള്‍ എന്നിവ വാങ്ങരുത്. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരുത്സാഹപ്പെടുത്തണം. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുവാന്‍ നിയമം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കണം. ഒരു കാരണവശാലും വന്യജീവിക്കടത്ത് പ്രോത്സാഹിപ്പിക്കുകയോ വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നത് പരിശീലിപ്പിക്കുകയോ അതിനുള്ള സാഹചര്യം ഒരുക്കുകയോ അരുത്. വന്യജീവി കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികള്‍ക്ക് വിവരം നല്‍കണം. വന്യമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നതോ ശേഖരിക്കുന്നതോ അറിഞ്ഞാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വന്യജീവി വ്യാപാരവും വന്യജീവി ഉത്പന്ന വ്യാപാരവും നടക്കുന്നുണ്ട്. ഇത് കാര്യക്ഷമമായി തടയുവാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയണം.
കേരളത്തിന്റെ കാടുകളില്‍ ആനക്കൊമ്പിനായി ആനവേട്ടയും, പുലിത്തോലിനായി പുലികളെ കൊല്ലുകയും, മലയണ്ണാന്‍, വേഴാമ്പല്‍ തുടങ്ങിയവയെ വേട്ടയാടലും നടക്കുന്നു. നക്ഷത്ര ആമക്കടത്ത്, പാമ്പിന്‍തോല്‍, പുലിത്തോല്‍, പുലിനഖം എന്നിവയുടെ അനധികൃത കച്ചവടങ്ങള്‍ മുതലായവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ വനാന്തരങ്ങളില്‍ നിന്നും വന്യമൃഗ കടത്ത് വ്യാപകമാകാതിരിക്കാന്‍ സത്വര നടപടി വേണം. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണം അര്‍ഥവത്താക്കുവാന്‍ വന്യജീവി വ്യാപാരം തടയുവാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. പശ്ചിമഘട്ടങ്ങളിലെ വൈവിധ്യ ശോഷണം വന്യജീവി വ്യാപാരം തടഞ്ഞ് സംരക്ഷിക്കണം.