അഫ്ഗാനില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച ഡാം ഉദ്ഘാടനം ചെയ്തു

Posted on: June 4, 2016 11:47 pm | Last updated: June 4, 2016 at 11:47 pm

modi-ghani-dam759കാബൂള്‍/ ദോഹ: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച ഡാം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം. മുന്നൂറ് മില്യണ്‍ ഡോളര്‍ ചെലവഴിച്ച് അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് സല്‍മ ഹൈഡ്രോ ഇലക്ട്രിക് ഡാം പണികഴിപ്പിച്ചത്. 1976ല്‍ നിര്‍മിച്ച ഡാമിന് 1990കളില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് 1500 ഓളം വരുന്ന ഇന്ത്യന്‍, അഫ്ഗാനിസ്ഥാന്‍ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് നിര്‍മിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇരു രാജ്യങ്ങളുടെയും ഇടയിലുള്ള സൗഹൃദത്തിന്റെ അടയാളമാണ് ഈ ഡാം. ഇത് പ്രദേശത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കും. മേഖലയില്‍ കാര്‍ഷിക അഭിവൃദ്ധി കൊണ്ടുവരാനും വീടുകളില്‍ വെളിച്ചം പകരാനും ഈ ഡാമിന് സാധിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
സല്‍മ ഡാം ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വലി യ ചുവടുവെപ്പാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പറഞ്ഞു. നൂറ് മീറ്റര്‍ ഉയരവും 540 മീറ്റര്‍ നീളവുമുള്ള സല്‍മാ ഡാമില്‍ നിന്ന് 42 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇതിന് പുറമെ 75,000 ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനും കഴിയും.
അഫ്ഗാനില്‍ നിന്ന് പ്രധാനമന്ത്രി ഖത്വറിലേക്കാണ് തിരിച്ചത്. അറേബ്യന്‍ ആതിഥേയ സംസ്‌കാരത്തിന്റെ പ്രൗഢിയും ഹൃദ്യതയും അറിയിച്ച് നരേന്ദ്ര മോദിക്ക് ഖത്വര്‍ ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. ദോഹ വിമാനത്താവളത്തില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് എത്തിയ മോദിയെ ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും സംഘവും ചേര്‍ന്ന് സ്വീകരിച്ചു. ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി, ഖത്വറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ, ഇന്ത്യയിലെ ഖത്വര്‍ അംബാസിഡര്‍ അഹ്മദ് ഇബ്‌റാഹിം അബ്ദുല്ല അല്‍ അബ്ദുല്ല എന്നിവരും മോദിയെ സ്വീകരിക്കാനെത്തി.
ഖത്വറുമായി മികച്ച ബന്ധത്തിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ഈ സന്ദര്‍ശനം വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ദോഹയില്‍ ഇറങ്ങിയ ശേഷം നരേന്ദ്ര മോദി ട്വിറ്ററില്‍ എഴുതി.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസറിന്റെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ശേഷം അമീരി ദിവാനു സമീപമുള്ള ലേബര്‍ ക്യാമ്പില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി മോദി കൂടിക്കാഴ്ച നടത്തി. ഇവിടെ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലേക്കാണ് പ്രധാനമന്ത്രി എത്തിയത്.
ഇന്ന് ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.