നേതൃമാറ്റം വേണം: കെപിസിസി എക്‌സിക്യൂട്ടീവില്‍ സുധീരനെതിരെ വിമര്‍ശം

Posted on: June 4, 2016 7:13 pm | Last updated: June 5, 2016 at 12:49 pm
SHARE

kpccതിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശം. വിഡി സതീശനും എംഎം ഹസനുമാണ് നേതൃത്വത്തിനെതിരെ പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും നേതൃത്വത്തിലുള്ള എല്ലാവരും അഴിമതിക്കാരാണെന്നും സതീശന്‍ ആരോപിച്ചു.

തോല്‍വിയുടെ ഉത്തരവാദിത്തം സുധീരനാണെന്നായിരുന്നു എംഎം ഹസന്റെ വിമര്‍ശനം. ആദര്‍ശം വാക്കുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പ്രവര്‍ത്തിയില്‍ ഉണ്ടായില്ലെന്നും ഹസന്‍ പറഞ്ഞു. സുധീരന്‍ പ്രസിഡന്റ് പദമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്റണിക്കും കേന്ദ്ര നേതൃത്വത്തിനുമെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. ആന്റണി നോക്കിയിരുന്നാല്‍ പോര പറയേണ്ട കാര്യം പറയണമെന്നായിരുന്നു ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാവ് കൊച്ചു മുഹമ്മദിന്റെ വിമര്‍ശം. സര്‍ക്കാറിന്റെ വിവാദ ഉത്തരവുകള്‍ തിരിച്ചടിയായെന്നും തിരഞ്ഞെടുപ്പിലെ മതേതര നിലപാട് ഒട്ടും ആത്മാര്‍ഥമല്ലായിരുന്നെന്നും യോഗത്തില്‍ വിമര്‍ശമുണ്ടായി.

രണ്ട് ദിവസമാണ് എക്‌സിക്യൂട്ടീവ് യോഗം. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ കരട് നയരേഖ ഞായറാഴ്ച്ച യോഗത്തില്‍ അവതരിപ്പിക്കും. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഒരേ പദവിയില്‍ മൂന്നുതവണയില്‍ കൂടുതല്‍ തുടരേണ്ടതില്ല, 10 വര്‍ഷത്തിന് മേല്‍ ചുമതലയില്‍ തുടരുന്ന പാര്‍ട്ടി ഭാരവാഹികളെ മാറ്റണം തുടങ്ങിയ 30 നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here