Connect with us

Gulf

സാറ്റലൈറ്റ് ബാങ്ക് വിളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി

Published

|

Last Updated

അബുദാബിയില്‍ ഒരു കേന്ദ്രത്തില്‍ നിന്നും ബാങ്ക് വിളിക്കുമ്പോള്‍ എമിറേറ്റിന്റെ പരിധിയിലെ 3,000ത്തോളം പള്ളികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ മലയാളിയും. വര്‍ക്കല സ്വദേശിയായ സത്യനാണ് പദ്ധതി നിര്‍വഹണത്തില്‍ സാങ്കേതികമായി പ്രവര്‍ത്തിച്ച ആ മലയാളി.
പത്ത് വര്‍ഷം മുമ്പാണ് ശ്രമകരമായ ദൗത്യത്തില്‍ പങ്കാളിയാകാനുള്ള ക്ഷണം സത്യനെ തേടിയെത്തിയത്. തലസ്ഥാന നഗരമായ അബുദാബിയിലെ 3000ത്തോളം പള്ളികളെ സാറ്റലൈറ്റ് സംവിധാനവുമായി ബന്ധപ്പെടുത്തി ബാങ്ക് വിളി ഒരേ സമയത്ത് മുഴക്കുക എന്ന ദൗത്യം. ഏറെ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഒന്നര വര്‍ഷം കൊണ്ട് പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാനായി.
ഇത്തിസലാത്തിന്റെ ഐ എസ് ഡി എന്‍ ലൈന്‍ വഴി കേന്ദ്ര സ്ഥലമായ അബുദാബി റേഡിയോയിലെത്തിയ ശബ്ദം അബുദാബി ടെലിവിഷനിലൂടെ അറബ് സാറ്റലൈറ്റിലെത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓഡിയോ ചാനല്‍ വഴി ശബ്ദം പ്രക്ഷേപണം ചെയ്ത് കൊണ്ടിരിക്കും. മുഅദ്ദിന്‍ ബാങ്ക് വിളിക്കുമ്പോള്‍ ബാങ്കിന്റെ ശബ്ദം സാറ്റലൈറ്റ് പ്രസരണം ചെയ്ത് പള്ളികളുടെ മുകളില്‍ തയ്യാറാക്കിയ ഡിഷ് വഴി സംപ്രേഷണം ചെയ്യുകയാണ് ചെയ്യുന്നത്.
1970ല്‍ ലോഞ്ചില്‍ കയറിയാണ് സത്യന്‍ യു എ ഇയിലെത്തുന്നത്. അബുദാബി റേഡിയോയില്‍ ജോലി കിട്ടി. പിന്നീട് ഗള്‍ഫ് ന്യൂസ് റേഡിയോയിലും, യു എ ഇ റേഡിയോയില്‍ മലയാളത്തിന്റെ മധുര ശബ്ദം മുഴക്കിയവരില്‍ പ്രധാനിയാണ് സത്യന്‍. യു എ ഇയിലെ മലയാളം റേഡിയോയിലൂടെ ആദ്യം കേട്ട ശബ്ദങ്ങളിലൊന്നുമാണ് സത്യന്റേത്. യു എ ഇയിലെ റേഡിയോ സ്റ്റേഷനുകളിലെ സാങ്കേതിക വിദ്യയില്‍ സത്യന്റെ കരസ്പര്‍ശമുണ്ട്.
മതകാര്യ വകുപ്പിലെ ജീവനക്കാര്‍ അബുദാബിയിലെ പള്ളികളില്‍ കൊണ്ടുപോയി പള്ളികളില്‍ പാലിക്കേണ്ട മര്യാദയുടെ ശുചിത്വവും പഠിപ്പിച്ച് കൊടുത്തിരുന്നു.
65 വയസ് പൂര്‍ത്തിയായ സത്യന്‍ നാട്ടിലേക്ക് പോയി വിസിറ്റിംഗ് വിസയിലാണ് തിരിച്ച് വീണ്ടും യു എ ഇയിലെത്തിയത്. 1972ല്‍ ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് വിസ അത്യാവശ്യമായതിനാല്‍ യു എ ഇ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് ഇടപെട്ട് സത്യന്റെ ഡ്രൈവിംഗ് ലൈസന്‍സ് പത്ത് വര്‍ഷത്തേക്ക് പുതുക്കിനല്‍കുകയായിരുന്നു.
സാങ്കേതിക രംഗത്തും കലാരംഗത്തും സാംസ്‌കാരിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സത്യന്‍ 15 ഓളം മലയാള സിനിമകളില്‍ മുഖം കാണിച്ചു. ആയിരത്തോളം നാടക വേദികളിലും പ്രത്യക്ഷപ്പെട്ടു. തന്റെ 44 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സംഭവങ്ങള്‍ ഒപ്പിയെടുത്ത് ഒരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍.

Latest