Connect with us

Gulf

ഒരു നഗരം നാമാവശേഷമാകുന്ന വിധം

Published

|

Last Updated

ഇറാഖിലെ ഫലൂജയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരവാദികളും ഇറാഖി സൈന്യവും തമ്മിലെ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്നു. നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. അവിടെയുള്ള സാധാരണക്കാര്‍ പലായനം ചെയ്യുകയാണ്. ഏതാണ്ട് 20,000 കുട്ടികളടക്കം ലക്ഷത്തോളം കുടുംബങ്ങളെ, ഏറ്റുമുട്ടല്‍ ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ചൂട് കാലമായതിനാല്‍, ആവശ്യത്തിന് വൈദ്യുതിയും വെള്ളവും ലഭിക്കാതെ, അഭയാര്‍ഥി കൂടാരങ്ങളില്‍ നരകിക്കുകയാണ് ആയിരങ്ങള്‍.
സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിലെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നു, ബഗ്ദാദിന് 60 കിലോമീറ്റര്‍ അപ്പുറത്തുള്ള ഫലൂജ. സദ്ദാം ഇറാഖിനെ ഭരിച്ച 1979 മുതല്‍ 2003 വരെ ഫലൂജ കനത്തതോതില്‍ വ്യവസായ വല്‍കരിക്കപ്പെട്ടു. ദൈര്‍ഘ്യമേറിയ പാലവും ആധുനിക റോഡുകളും പണികഴിക്കപ്പെട്ടു.
1991ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും ഫലൂജക്കുനേരെ വന്‍തോതില്‍ വ്യോമാക്രമണം നടന്നപ്പോള്‍, 200 ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും ഫലൂജയിലെ ജനങ്ങള്‍ ഭയന്നില്ല. കാരണം, എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ സദ്ദാമുണ്ടെന്നതായിരുന്നു വിശ്വാസം.
2003ല്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖ് പിടിച്ചടക്കിയതോടെ ഫലൂജയുടെ കഷ്ടകാലം തുടങ്ങി. ദിവസങ്ങളോളം കര്‍ഫ്യൂ ആയിരുന്നു. പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങി. ജനങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തു. “ആക്രമണത്തിന് കോപ്പുകൂട്ടിയ 17 പേര്‍ കൊല്ലപ്പെട്ടു”വെന്നായിരുന്നു അമേരിക്കയുടെ ന്യായം. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെ നൂറുകണക്കിനാളുകളെ തോക്കിനിരയാക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. പിന്നീട്, ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. അമേരിക്കന്‍ സൈന്യത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതോടെ നരനായാട്ടായിരുന്നു. 2004 നവംബറില്‍ 1350 പേരെ ഒറ്റയടിക്ക് കൊലപ്പെടുത്തി. നഗരത്തിനു നേരെ സൈന്യം തുരുതുരെ ബോംബു വര്‍ഷിക്കുകയായിരുന്നു. രാസായുധങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. യൂ ഫ്രട്ടീസ് നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു.
10,000 ത്തോളം ഭവനങ്ങളാണ് അന്ന് തകര്‍ക്കപ്പെട്ടത്. 60 വിദ്യാലയങ്ങളും 65 മസ്ജിദുകളും ഇടിച്ചുനിരപ്പാക്കി. നഗരം ശ്മശാനമൂകമായി. നഗരത്തിലുണ്ടായിരുന്നവരില്‍ 80 ശതമാനം പേര്‍ പലായനം ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞ് പലരും മടങ്ങിയെത്താന്‍ തുടങ്ങി. 2006 ഡിസംബറില്‍ ഇറാഖീ സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്തവര്‍, ഏറെയും അഭയം പ്രാപിച്ചത് സിറിയയിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്, ഇസ്‌ലാമിക് സ്റ്റേറ്റ് സിറിയയില്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പലര്‍ക്കും സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. രണ്ടുവര്‍ഷം മുമ്പ് ഇസ്‌ലാമിക് സ്റ്റേറ്റ് ഫലൂജയെയും ലക്ഷ്യമിട്ടു. ഏതാനും ദിവസങ്ങള്‍ക്കകം ഫലൂജ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായി. സദ്ദാമിന്റെ കാലത്ത്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന യുദ്ധ പ്രഭുക്കള്‍, ഇസ്‌ലാമിക് സ്റ്റേറ്റിനോട് കൂറുപുലര്‍ത്തിയതോടെ, ഇറാഖില്‍ ഏറ്റവും പ്രക്ഷുബ്ധമായ നഗരമായി ഫലൂജമാറി. ഇറാഖ് ഭരണകൂടത്തിന് ഫലൂജക്കുമേലുള്ള നിയന്ത്രണം നഷ്ടമായി. ഫലൂജയെ തിരിച്ചുപിടിക്കാനുള്ള സൈനികാക്രമണം കഴിഞ്ഞമാസം 22 നാണ് ആരംഭിച്ചത്. അതാണ് ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനും പലായനങ്ങള്‍ക്കും കാരണം.
ചില സ്ഥലങ്ങളില്‍, നാലുഭാഗത്തും ആയുധധാരികള്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍, ജനങ്ങള്‍ ബന്ദികളെപ്പോലെയാണെന്ന് യൂണിസെഫ് പ്രതിനിധി പീറ്റര്‍ ഹോക്കിന്‍സ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ആയുധം നല്‍കി യുദ്ധമുഖത്തേക്ക് വിടുകയാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. പട്ടാളക്കാരാണെങ്കില്‍, കണ്ണില്‍ചോരയില്ലാത്ത വിധം കൊലപ്പെടുത്തുകയും ചെയ്യുന്നു. 50,000 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗ്രാമങ്ങളെ മോചിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇറാഖി സൈന്യം. അതിനര്‍ഥം, ധാരാളം പേര്‍ ഇനിയും കൊല്ലപ്പെടുമെന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നാശം നേരിട്ടത് സൈന്യത്തിന്. 130 സൈനികര്‍ ഒറ്റദിവസം കൊല്ലപ്പെട്ടു. ചാവേറുകളെ ഉപയോഗിച്ചുള്ള യുദ്ധ തന്ത്രമാണ് ഐ എസ് പയറ്റുന്നത്. സൈനികരുടെ ബാരക്കുകളിലേക്ക് ചാവേറുകള്‍ ഓടിക്കയറി പൊട്ടിത്തെറിക്കും. ഐ എസിന് ഒന്നോ രണ്ടോ പേരാണ് നഷ്ടപ്പെടുന്നത്. സൈന്യത്തിന് പത്തും പതിനഞ്ചും പേര്‍. ഇത് കാരണം, അമേരിക്കന്‍ സൈന്യം വ്യോമാക്രമണത്തില്‍ മാത്രമെ ഇറാഖി സൈന്യവുമായി കൈകോര്‍ക്കുന്നുള്ളൂ.
മിക്ക റോഡുകളിലും ഐ എസ് കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരയുദ്ധത്തില്‍ ഐ എസിനെ എളുപ്പം പരാജയപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല, കുട്ടികളെയും സ്ത്രീകളെയും മനുഷ്യ കവചമാക്കുകയും ചെയ്യുന്നു.
മൂന്നു ലക്ഷം പേര്‍ വസിച്ചിരുന്ന, അനേകം മനോഹര കെട്ടിടങ്ങളുണ്ടായിരുന്ന ഫലൂജ പ്രേത നഗരമാകാന്‍ അധികം ദിവസം വേണ്ട. വ്യോമാക്രമണവും പകര്‍ച്ച വ്യാധികളും നഗരത്തെ ചവച്ചു തുപ്പുകയാണ്.
സിറിയയില്‍ ഐ എസിനെതിരെ റഷ്യ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ആലെപ്പോ നഗരം സാധാരണ നിലയിലായി. ഇറാഖില്‍, പക്ഷേ അമേരിക്ക. പരാജയപ്പെടുന്നതോടൊപ്പം വന്‍തോതില്‍ ആള്‍നാശവും സംഭവിക്കുന്നു.
ശത്രുക്കളെ പ്രതിരോധിക്കാന്‍, ജീവന്‍ ബലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പോരാളികള്‍ ഉണ്ടെന്ന് ഐ എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദി. “ഖലീഫ” സാമ്രാജ്യം സ്ഥാപിക്കാമെന്ന് വ്യാമോഹിച്ചാണ് നിരവധി യുവതീ യുവാക്കള്‍ അബൂബക്കര്‍ ബഗ്ദാദിയുടെ പിന്‍തുടര്‍ച്ചക്കാരാകുന്നത്. പക്ഷേ, വാളെടുത്തവന്‍ വാളാല്‍ എന്ന് അവര്‍ മനസിലാക്കുന്നില്ല. സര്‍വനാശത്തിലേക്കാണ് കാലെടുത്തുവെച്ചിരിക്കുന്നതെന്നും.

Latest